എറണാകുളം : കോതമംഗലത്ത് ഭർത്താവ് വയോധികയായ ഭാര്യയെ കുത്തിക്കൊലപ്പെടുത്തി. കുത്തുകുഴി ഹാപ്പിനഗർ സ്വദേശിനി കുഞ്ഞമ്മ ആണ് മരിച്ചത്. 61 വയസ്സായിരുന്നു.
സംഭവവുമായി ബന്ധപ്പെട്ട് ഭർത്താവ് കുര്യാക്കോസിനെ കോതമംഗലം പോലീസ് കസ്റ്റഡിയിലെടുത്തു.
ഇന്ന് പുലർച്ചെയാണ് കൊലപാതകം നടന്നത്. കുര്യാക്കോസും കുഞ്ഞമ്മയും മാത്രമാണ് വീട്ടിൽ താമസിച്ചിരുന്നത്. ഇവരുടെ രണ്ട് മക്കളും വിദേശത്താണ്. കഴിഞ്ഞ ഒരു മാസമായി ശസ്ത്രക്രിയയെത്തുടർന്ന് വീട്ടിൽ വിശ്രമത്തിലായിരുന്നു കുര്യാക്കോസ്.
കുടുംബവഴക്കാകാം കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. കൊലപാതകത്തിന് ശേഷം കുര്യാക്കോസ് തന്നെയാണ് വിദേശത്തുള്ള മകനെ ഫോണിൽ വിളിച്ച് വിവരം അറിയിച്ചത്. മകൻ അയൽവാസികളെ വിവരമറിയിക്കുകയും തുടർന്ന് അയൽവാസികൾ പോലീസിൽ വിവരം അറിയിക്കുകയുമായിരുന്നു.
