കൊച്ചി : മാസപ്പടി കേസിൽ ഇ ഡി യുടെ കത്തിൽ എഫ്ഐആർ രജിസ്റ്റർ ചെയ്യാത്തമായി ബന്ധപ്പെട്ട കേസിൻ്റെ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും
എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യുന്നതുമായി ബന്ധപ്പെട്ട്, പ്രാഥമിക അന്വേഷണം നടത്തിയ ശേഷമേ കേസെടുക്കാൻ സാധിക്കൂ എന്ന നിലപാടാണ് സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ അറിയിച്ചത്.
സി.എം.ആർ.എൽ – എക്സാലോജിക് സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് ഇ.ഡി സമർപ്പിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ വിജിലൻസ് എന്തുകൊണ്ട് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യുന്നില്ല എന്ന് ഹൈക്കോടതി സർക്കാരിനോട് ചോദ്യങ്ങൾ ഉന്നയിച്ചിരുന്നു. കേസിൽ വിജിലൻസ് അന്വേഷണം തുടങ്ങാൻ പ്രത്യേകം പ്രാഥമിക അന്വേഷണത്തിന്റെ ആവശ്യമില്ലെന്നും തെളിവുകൾ ആവശ്യമെങ്കിൽ സീൽ ചെയ്ത കവറിൽ നൽകാമെന്നുമാണ് ഇ.ഡി കോടതിയെ അറിയിച്ചിട്ടുള്ളത്.
ഇഡി നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പിണറായി വിജയൻ, വീണ വിജയൻ, പി.എ. മുഹമ്മദ് റിയാസ് എന്നിവർക്കെതിരെ അഴിമതി നിരോധന നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്യണമെന്നാണ് ഹർജിക്കാരന്റെ ആവശ്യം. ബാങ്ക് രേഖകൾ ഉൾപ്പെടെയുള്ള വിവരങ്ങൾ ഇഡി കൈമാറിയിട്ടും ക്രൈംബ്രാഞ്ച് എഫ്ഐആർ രജിസ്റ്റർ ചെയ്യാതെ പ്രാഥമിക അന്വേഷണം നടത്തുകയാണെന്നും ഹർജിയിൽ ആരോപിക്കുന്നു.
വിജിലൻസ് ഡയറക്ടർക്കും സംസ്ഥാന പൊലീസ് മേധാവിക്കും നൽകിയ പരാതികളിൽ സമയബന്ധിതമായി നടപടി ഉണ്ടായില്ലെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു. നിലവിലെ ക്രൈംബ്രാഞ്ച് അന്വേഷണ ഉത്തരവ് റദ്ദാക്കി അന്വേഷണം വിജിലൻസിന് കൈമാറണമെന്നും എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്താൻ നിർദേശം നൽകണമെന്നും ഹർജിക്കാരൻ കെ.എം. ഷാജഹാൻ ആവശ്യപ്പെടുന്നു.

