മദ്യപിച്ച് അപകടകരമായി വാഹനമോടിച്ച സംഭവത്തില്‍ യൂട്യൂബര്‍ അശ്വന്ത് കോക്ക് അറസ്റ്റിൽ. കോഴിക്കോട് നടക്കാവ് പൊലീസാണ് അശ്വന്തിനെ കസ്റ്റഡിയിലെടുത്തത്. മദ്യലഹരിയില്‍ ഇയാള്‍ ഓടിച്ച വാഹനം എരഞ്ഞിപ്പാലത്ത് വച്ച് നാലുപേരെ ഇടിച്ചതിനെ തുടര്‍ന്നാണ് നടപടി. അശ്വന്ത് ഓടിച്ച വാഹനം കാറിലും ബൈക്കിലും ഇടിച്ചതായി നാട്ടുകാര്‍ പറയുന്നു. പൊലീസെത്തി വാഹനത്തില്‍ നിന്നിറക്കുമ്പോള്‍ ലക്കുകെട്ട നിലയിലായിരുന്നു അശ്വന്ത്. മറ്റുവാഹനങ്ങളെ ഇടിച്ച് തെറിപ്പിച്ച് കടന്നുകളയാന്‍ ശ്രമിക്കവേ നാട്ടുകാര്‍ തടഞ്ഞുവച്ച് പൊലീസില്‍ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് പൊലീസെത്തി കസ്റ്റഡിയിലെടുത്തു. ഇയാളെ വൈദ്യപരിശോധനയ്ക്കായി മാറ്റി.
