കെ വി നിരഞ്ജന്
കോഴിക്കോട്: കരിമണല്‍ കര്‍ത്തയുടെ മാസപ്പടിക്കേസ് വീണ്ടും വിവാദമായിരിക്കുന്ന സമയമാണ്. അമ്പൊന്ന് കൊള്ളാത്തവരില്ല കുരുക്കളില്‍ എന്ന് പറഞ്ഞതുപോലെ, കര്‍ത്തയുടെ കൈയില്‍നിന്ന് പണം വാങ്ങാത്ത രാഷ്ട്രീയക്കാരില്ല എന്ന രീതിയിലാണ് വാര്‍ത്തകള്‍ വരുന്നത്. ബിജെപി നേതാവ് ഷോണ്‍ ജോര്‍ജ് കഴിഞ്ഞ ദിവസം നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ മുഖ്യമന്ത്രി വി ഡി സതീശനും, പ്രതിപക്ഷനേതാവ് പിണറായി വിജയനും, സ്വന്തം പാര്‍ട്ടിയിലെ വി മുരളീധരനും അടക്കമുള്ളവര്‍ കരിമണല്‍ കര്‍ത്തയുടെ പണം പറ്റിയിട്ടുണ്ടെന്ന് വ്യക്തമാണ്.
അപ്പോഴാണ് കേരളത്തില്‍ ഒരു അധികാരത്തിലുമില്ലാത്ത ജമാഅത്തെ ഇസ്ലാമിക്കാര്‍ തങ്ങള്‍ മാത്രമാണ് കരിമണല്‍ കര്‍ത്തയെ എതിര്‍ക്കുന്നത് എന്ന് പറഞ്ഞ് രംഗത്തുവരുന്നത്. ഈ സമയത്താണ് മാധ്യമത്തിലെ വിരമിച്ച മാധ്യമ പ്രവര്‍ത്തകനായ അബ്ദുല്ല മട്ടാഞ്ചേരി കരിമണല്‍ കര്‍ത്തയില്‍നിന്ന് മാധ്യമം വളഞ്ഞ വഴിയില്‍ പരസ്യം സ്വീകരിച്ചതിന്റെ കഥ പറയുന്നത്. ഇപ്പോള്‍ മാധ്യമത്തില്‍ 8 മാസത്തിലേറെയുള്ള ശമ്പളക്കുടിശ്ശികക്കുവേണ്ടി ജീവനക്കാര്‍ സമരം ചെയ്യുകയാണ്. ചെയ്ത ജോലിക്ക് കൂലി ചോദിച്ചവരെ സൈബര്‍ ബുള്ളിങ്ങിന് വിധേയരാക്കുകയാണ് ജമാഅത്ത് അണികള്‍. ഈ സമയത്താണ് ജമാഅത്തുകാരുടെ മുഖംമൂടി വലിച്ചുകീറുന്ന വെളിപ്പെടുത്തല്‍ വന്നിരിക്കുന്നത്.

അന്ന് കൊച്ചി ബ്യൂറോയില്‍ മാധ്യമം ദിനപ്പത്രത്തിന്റെ ലേഖകനായിരുന്നു, അബ്ദുള്ള മട്ടാഞ്ചേരി. പരസ്യമാനേജറായ, നാസ് എന്നയാളുടെ അളിയന് മുന്‍കൈ എടുത്ത് ഇറക്കിയ സപ്ലിമെന്റില്‍ ഒരു ‘വെല്‍വിഷര്‍’ എന്ന പേരില്‍ കരിമണല്‍ കര്‍ത്തയുടെ പരസ്യം വന്നു എന്നാണ് അബ്ദുല്ല മട്ടാഞ്ചേരി ചൂണ്ടിക്കാട്ടുന്നത്. പെരിയാര്‍ മലിനീകരണം നടത്തിയ എല്ലാ കമ്പനികളില്‍നിന്നും മാധ്യമം പരസ്യം വാങ്ങിയിരുന്നുവെന്നും, ഇതില്‍ നാസ് അടക്കമുള്ള പരസ്യ വിഭാഗം വലിയതോതില്‍ ഇന്‍സന്റീവും കമ്മീഷനും കൈപ്പറ്റിയെന്നും അബ്ദുല്ല ആരോപിക്കുന്നു.
പിറ്റേന്ന് ഇക്കാര്യം അറിയിക്കാനായി മാധ്യമത്തിന്റെ നടത്തിപ്പുകാരായ ഐഡിയല്‍ പബ്ലിക്കേഷന്‍ ട്രസ്റ്റിന്റെ ചെയര്‍മാനും, ജമാഅത്തെ ഇസ്ലാമി അമീറുമായ ടി ആരിഫലിയെ വിളിച്ചപ്പോള്‍ തനിക്ക് മോശം അനുഭവമാണ് ഉണ്ടായത് എന്നും അബ്ദുല്ല മട്ടാഞ്ചേരി ഫേസ്ബുക്കിലുടെ വെളിപ്പെടുത്തുന്നു. വാര്‍ത്ത വൈറലായതോടെ ഒരു കാര്യം ഉറപ്പായിരിക്കയാണ്. കരിമണല്‍ കര്‍ത്തയുടെ സഹായം പറ്റാത്ത മാധ്യമങ്ങളോ, രാഷ്ട്രീയക്കാരോ ഇല്ലെന്ന്. ശമ്പളക്കുടിശിക തീര്‍ക്കാന്‍ മാധ്യമം ജീവനക്കാര്‍ നടത്തുന്ന സമരത്തിനിടെയാണ് ഈ പോസ്റ്റ് പ്രചരിക്കുന്നത്. മാധ്യമത്തിലെ പ്രതിസന്ധിയെന്ന് പറയുന്നത്, മാനേജ്മെന്റിന്റെ സ്വന്തക്കാരായ കുറേപ്പേര് ചേര്‍ന്ന് ഉണ്ടാക്കിയതാണെന്നും, പത്രത്തിലേക്ക് വരുന്ന സെല്‍ഫ് ആഡിനുപോലും പരസ്യവിഭാഗക്കാര്‍ ഇന്‍സന്റീവ് കൈപ്പറ്റിയിരുന്നുവെന്നും അബ്ദുല്ലയടക്കമുള്ളവര് ആരോപിക്കുന്നു.
ജീവനക്കാര്‍ സമരത്തില്‍
എട്ടുമാസത്തെ ശമ്പളം കുടിശ്ശികമായതോടെ മാധ്യമം ദിനപ്പത്രത്തിലെ ജീവനക്കാര്‍ നടത്തുന്ന സമരം ഇപ്പോള്‍ പുറത്തേക്ക് പടകുകയാണ്. ശമ്പളസമരം ഒത്തുതീര്‍ക്കണമെന്നാവശ്യപ്പെട്ട് സംയുക്ത ട്രേഡ് യൂണിയന്റെ നേതൃത്വത്തില്‍ മാധ്യമം ദിനപത്രത്തിന്റെ ആസ്ഥാനത്തേക്ക് കഴിഞ്ഞ ദിവസം നടത്തിയ മാര്‍ച്ചില്‍ നിരവധിപേര്‍ പങ്കെടുത്തിരുന്നു.
ഐ.എന്‍.ടി.യു.സി സംസ്ഥാന പ്രസിഡണ്ട് ആര്. ചന്ദ്രശേഖരന് മാര്‍ച്ച് ഉദ്ഘാടനം ചെയ്തു. ഒന്നും മാനേജ് ചെയ്യാനറിയാത്ത മാധ്യമം മാനേജ്മെന്റ് ജീവനക്കാര്‍ക്ക് ജോലി ചെയ്തതിന് ശമ്പളം കൊടുക്കാതിരിക്കുന്നത് ന്യായീകരിക്കാനാകില്ലെന്ന് അദ്ദേഹം പറഞ്ഞു. എ.എന്‍.ടിയു.സിയുടെ സമ്പൂര്‍ണ പിന്തുണയുണ്ട്. ഇത് നീട്ടികൊണ്ടുപോകാന്‍ പാടില്ല. അളമുട്ടിച്ച് പാമ്പിനെ ഇറക്കുന്നത് പോലെ മറ്റ് മാര്‍ഗമില്ലാതെ രാജിവെച്ച് പോകാന്‍ പറയുന്നത് മനുഷ്യത്വ വിരുദ്ധവും നിയമവിരുദ്ധവുമാണെന്നും ചന്ദ്രശേഖരന് കൂട്ടിച്ചേര്‍ത്തു. മാധ്യമം ജീവനക്കാര്‍ കൂലി കിട്ടാഞ്ഞിട്ടും ജോലി ചെയ്ത് പത്രധര്‍മം മനസിലാക്കുന്നവരാണെന്നും അടിയന്തരാവസ്ഥകാലത്ത് പോലും ഇത്തരമൊരു ഗതികേട് തൊഴിലാളികള്‍ക്ക് രാജ്യത്തുണ്ടായിട്ടില്ലെന്നും സി.ഐ.ടി.യു ദേശീയ സെക്രട്ടറി കെ.എന്‍ ഗോപിനാഥ് പറഞ്ഞു.
ഇത്രയൊക്കെയായിട്ടും മാധ്യമം മാനേജ്മെന്റിനും നടത്തിപ്പുകാരായ ജമാഅത്തെ ഇസ്ലാമിക്കും, യാതൊരു കുലുക്കുവുമില്ല. ജീവനക്കാരെ രാജിവെപ്പിക്കുന്നതിനായി അവര്‍ നിരന്തരം സമ്മര്‍ദം ചെലുത്തുകയാണ്. സ്ഥിരം ജീവനക്കാരെ ഇങ്ങനെ രാജിവെപ്പിച്ച് അവിടെതന്നെ കരാര്‍ തൊഴിലാളികളായി എടുക്കയാണ്. മാത്രമല്ല, സമരം ചെയ്യുന്ന ജീവനക്കാരെ ജമാഅത്തെ ഇസ്ലാമി അണികള്‍ നിരന്തരം സൈബര്‍ ലിഞ്ച് ചെയ്യുകയാണ്. ഒരു പണിയും കിട്ടാതെ എന്തിനാണ് ഇവിടെ കടിച്ചുതൂങ്ങി നില്‍ക്കുന്നത് എന്നാണ് ഇവര്‍ അവരെ നിരന്തരം ആക്ഷേപിക്കുന്നത്.
മാധ്യമം ഉടമകളുടെ അനവധാനതയും അലസതയുമാണ് പത്രത്തിന്റെ പതനത്തിന് കാരണമായതെന്നാണ് ജീവനക്കാര്‍ പറയുന്നത്. മാനേജ്മെന്റിന് വേണ്ടപ്പെട്ട ജീവനക്കാര്‍ ലക്ഷങ്ങളുടെ വെട്ടിപ്പാണ്, പത്രത്തില്‍ നടത്തിയത്. ഇപ്പോള്‍ ഒരു സ്ഥാപനത്തെ തന്നെ അഞ്ചു കമ്പനികളായി വെട്ടിമുറിച്ച് പത്രം നഷ്ടത്തിലാണെന്ന പ്രചാരണമാണ് മാനേജ്മെന്റ് നടത്തുന്നതെന്നും ജീവനക്കാര്‍ ആരോപിക്കുന്നു.

