കെ വി നിരഞ്ജന്‍
ചെന്നൈ: ലോകത്തെ നടുക്കിയ എപ്്‌സ്റ്റീന്‍ കേസ് ഓര്‍മ്മയില്ലേ. ജെഫ്രി എപ്സ്റ്റീന്‍ എന്ന കോടീശ്വരന്‍ കുട്ടികളെ അടക്കം പീഡിപ്പിച്ചുകൊണ്ട് നടത്തിയ ലൈംഗിക കൂത്താട്ടത്തിന് സമാനമായി, ഒരു സംഭവം തമിഴ്‌നാട്ടിലും ഉണ്ടായി. തമിഴ്നാട്ടിലെ പ്രമുഖ ഗ്രാനൈറ്റ് വ്യവസായിയും ജെം ഗ്രൂപ്പ് ഓഫ് കമ്പനീസ് അധ്യക്ഷനുമായ ആര്‍. വീരമണി (84) ഉള്‍പ്പെട്ട ബാലപീഡന കേസാണ്, തമിഴ്നാട്ടിലെ എപ്സ്റ്റീന്‍ കേസ്’ അല്ലെങ്കില്‍ ഇന്ത്യന്‍ എപ്സ്റ്റീന്‍ കേസ് എന്ന് അറിയപ്പെടുന്നത്.
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പന്തെറിഞ്ഞ് കളിക്കാന്‍ ക്ഷണിച്ചും, ചോക്ലേറ്റുകള്‍, സ്‌പോര്‍ട്‌സ് ഷൂസുകള്‍, മൊബൈല്‍ ഫോണുകള്‍, ചെറിയ തുകകള്‍ എന്നിവ നല്‍കിയും ആകര്‍ഷിച്ചായിരുന്നു വീരമണി ബംഗ്ലാവിലേക്ക് എത്തിച്ചിരുന്നത്. തുടര്‍ന്ന് ഇയാള്‍ കുട്ടികളെ ലൈംഗിക പീഡനത്തിന് ഇരയാക്കിയിരുന്നു. ചെന്നൈ തേനാംപേട്ടില്‍ ഇയാള്‍ വാടകയ്ക്കെടുത്ത ഒരു വീട് കേന്ദ്രീകരിച്ചായിരുന്നു പ്രധാനമായും പീഡനം നടന്നിരുന്നത്. ഈ വീടിന്റെ ചുമതലക്കാരായ സഹായി മഹേന്ദ്ര സിംഹന്‍ (64), ഭാര്യ ശാന്തി (60) എന്നിവരാണ് പാവപ്പെട്ട കുടുംബങ്ങളിലെ പെണ്‍കുട്ടികളെ ഇയാളുടെ അടുത്ത് എത്തിക്കാന്‍ സഹായിച്ചിരുന്നത്.
പെന്‍ഡ്രൈവിലുടെ പുറത്തായ വിവരങ്ങള്‍
2025 ഒക്ടോബറില്‍ ചെന്നൈയിലെ ഒരു എന്‍ജിഒ പ്രവര്‍ത്തകയ്ക്ക് അപരിചിതനായ ഒരാളില്‍ നിന്ന് ഒരു പെന്‍ഡ്രൈവ് ലഭിച്ചു. ഇതില്‍ വീരമണി പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കുന്ന ദൃശ്യങ്ങള്‍ ഉണ്ടായിരുന്നു. തുടര്‍ന്ന് പോലീസില്‍ പരാതി നല്‍കിയെങ്കിലും, ഇരയെ കണ്ടെത്താനായില്ലെന്ന് കാണിച്ച് പോലീസ് കേസ് അവസാനിപ്പിക്കാന്‍ റിപ്പോര്‍ട്ട് നല്‍കി. എന്നാല്‍ 2026 ഓഗസ്റ്റില്‍ പ്രത്യേക പോക്സോ കോടതി ഈ റിപ്പോര്‍ട്ട് തള്ളുകയും പുനരന്വേഷണത്തിന് ഉത്തരവിടുകയുമായിരുന്നു.
കോടതി ഇടപെടലോടെ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘം ഇരയായ പെണ്‍കുട്ടിയെ കണ്ടെത്തുകയും മജിസ്ട്രേറ്റിന് മുന്നില്‍ മൊഴി രേഖപ്പെടുത്തുകയും ചെയ്തു. തുടര്‍ന്ന് 2026 ഓഗസ്റ്റ് 29-ന് ആര്‍. വീരമണി, മഹേന്ദ്ര സിംഹന്‍, ശാന്തി എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. ഇവര്‍ ഇപ്പോള്‍ പുഴല്‍ സെന്‍ട്രല്‍ ജയിലിലാണ്.’

അമേരിക്കയിലെ അതിസമ്പന്നനായ ജെഫ്രി എപ്സ്റ്റീന്‍ തന്റെ സ്വാധീനവും പണവും ഉപയോഗിച്ച് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ ലൈംഗിക ചൂഷണത്തിനായി കടത്തുകയും, ഉന്നതര്‍ക്കായി ഒരു ശൃംഖല തന്നെ നടത്തുകയും ചെയ്തിരുന്നു. സമാനമായ രീതിയില്‍, തന്റെ വന്‍ സാമ്പത്തിക സ്രോതസ്സും സ്വാധീനവും ഉപയോഗിച്ച് വീരമണി ദീര്‍ഘകാലമായി (ഏകദേശം രണ്ട് പതിറ്റാണ്ടിലേറെയായി) പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ ലൈംഗിക ചൂഷണത്തിന് ഇരയാക്കി. കൂടാതെ, ഈ കേസ് ഒതുക്കിത്തീര്‍ക്കാനും അന്വേഷണം വൈകിപ്പിക്കാനുമായി പോലീസുകാര്‍ക്കും രാഷ്ട്രീയക്കാര്‍ക്കും മാധ്യമങ്ങള്‍ക്കുമായി 70 കോടി മുതല്‍ 90 കോടി രൂപ വരെ വീരമണി കൈക്കൂലിയായി നല്‍കിയതായി അന്വേഷണസംഘം കണ്ടെത്തിയിട്ടുണ്ട്. നിലവില്‍ പത്തിലേറെ പെണ്‍കുട്ടികള്‍ ഇയാള്‍ക്കെതിരെ മൊഴി നല്‍കാന്‍ മുന്നോട്ട് വന്നിട്ടുണ്ട്.

