കെ വി നിരഞ്ജന്‍
കോഴിക്കോട്: എട്ടുമാസത്തെ ശമ്പളം കുടിശ്ശികമായതോടെ മാധ്യമം ദിനപ്പത്രത്തിലെ ജീവനക്കാര്‍ നടത്തുന്ന സമരം ജനങ്ങള്‍ ഏറ്റെടുക്കുന്നു. ഇന്നലെ
ശമ്പളസമരം ഒത്തുതീര്‍ക്കണമെന്നാവശ്യപ്പെട്ട് സംയുക്ത ട്രേഡ് യൂണിയ?ന്റെ നേതൃത്വത്തില്‍ ‘മാധ്യമം’ ദിനപത്രത്തിന്റെ ആസ്ഥാനത്തേക്ക് നടത്തിയ മാര്‍ച്ച് മാനേജ്‌മെന്റിന് താക്കീതായി. വെള്ളിമാടുകുന്നില്‍ നിന്നാരംഭിച്ച മാര്‍ച്ചില്‍ വിവിധ ട്രേഡ് യൂണിയന്‍ പ്രവര്‍ത്തകരും ബഹുജനങ്ങളുമടക്കം ആയിരങ്ങള്‍ അണിനിരന്നു.
ഐ.എന്‍.ടി.യു.സി സംസ്ഥാന പ്രസിഡണ്ട് ആര്‍. ചന്ദ്രശേഖരന്‍ മാര്‍ച്ച് ഉദ്ഘാടനം ചെയ്തു. ഒന്നും മാനേജ് ചെയ്യാനറിയാത്ത മാധ്യമം മാനേജ്‌മെന്റ് ജീവനക്കാര്‍ക്ക് ജോലി ചെയ്തതിന് ശമ്പളം കൊടുക്കാതിരിക്കുന്നത് ന്യായീകരിക്കാനാകില്ലെന്ന് അദ്ദേഹം പറഞ്ഞു. തൊഴിലാളി പ്രസ്ഥാനങ്ങളെ ആക്ഷേപിക്കുന്നതിനും അപമാനിക്കുന്നതിനും കച്ചകെട്ടിയിറങ്ങിയ മാനേജ്‌മെന്റാണ് മാധ്യമത്തിന്റേത്. ശമ്പളം കൊടുക്കാതിരിക്കാന്‍ എന്താണ് മാര്‍ഗം എന്ന നിലയിലേക്കാണ് ഈ സ്ഥാപനം പോകുന്നത്. ഒരു പത്രത്തിന്റെ മാനേജ്‌മെന്റ് നല്ല ബോധമുള്ളവരാണെങ്കില്‍ വരുമാനം കൂട്ടാന്‍ പലവഴികളുണ്ട്. മറ്റ് പത്രങ്ങള്‍ നടത്തുന്നത് അങ്ങനെയാണ്. പത്രം നടത്തും പക്ഷേ, ശമ്പളം നല്‍കില്ല എന്ന സമീപനം ശരിയല്ല. കേരളത്തില്‍ അത്യപൂര്‍വമായുണ്ടാകുന്ന തൊഴില്‍ തര്‍ക്കമാണ് മാധ്യമത്തിലേത്. തൊഴില്‍ മന്ത്രി ബിന്ദു കൃഷ്ണ എല്ലാ വഴികളും തേടിയിട്ടും മാനേജ്‌മെന്റ് കേട്ടില്ല. ഓണത്തിന് ഭിക്ഷ പോലെ 5000 രൂപ തരാമെന്നാണ് പറഞ്ഞത്. മാനേജ്‌മെന്റ് എത്രയും പെട്ടെന്ന് പരിഹാരം കാണണം. ഒരു വിട്ടുവീഴ്ച്ച്ചക്കും തയാറല്ല. ശമ്പളം ?കൊടുക്കാത്തത് തൊഴിലാളി പ്രസ്ഥാനത്തിന് അംഗീകരിക്കാന്‍ തയാറല്ല. ശമ്പളം കൊടുക്കാത്ത ഒത്തുതീര്‍പ്പിനില്ല. ഈ സമരത്തിന് ഐ.എന്‍.ടിയു.സിയുടെ സമ്പൂര്‍ണ പിന്തുണയുണ്ട്. ഇത് നീട്ടികൊണ്ടുപോകാന്‍ പാടില്ല. അളമുട്ടിച്ച് പാമ്പിനെ ഇറക്കുന്നത് പോലെ മറ്റ് മാര്‍ഗമില്ലാതെ രാജിവെച്ച് പോകാന്‍ പറയുന്നത് മനുഷ്യത്വ വിരുദ്ധവും നിയമവിരുദ്ധവുമാണെന്നും ചന്ദ്രശേഖരന്‍ കൂട്ടിച്ചേര്‍ത്തു.
മാധ്യമം ജീവനക്കാര്‍ കൂലി കിട്ടാഞ്ഞിട്ടും ജോലി ചെയ്ത് പത്രധര്‍മം മനസിലാക്കുന്നവരാണെന്നും അടിയന്തരാവസ്ഥകാലത്ത് പോലും ഇത്തരമൊരു ഗതികേട് തൊഴിലാളികള്‍ക്ക് രാജ്യത്തുണ്ടായിട്ടില്ലെന്നും സി.ഐ.ടി.യു ദേശീയ സെക്രട്ടറി കെ.എന്‍ ഗോപിനാഥ് പറഞ്ഞു. ഐ.എന്‍.ടി.യു.സി ജില്ല പ്രസിഡണ്ട് കെ. രാജീവ് അധ്യക്ഷനായിരുന്നു. ‘മാധ്യമം’ സി.ഇ.ഒയേക്കാള്‍ സ്ഥാപനം നിലനില്‍ക്കണമെന്ന് ആത്മാര്‍ഥമായി ആഗ്രഹിക്കുന്നവരാണ് ഇവിടത്തെ തൊഴിലാളികളെന്ന് അദ്ദേഹം പറഞ്ഞു. ആ തൊഴിലാളികളോടാണ് ഈ സി.ഇ.ഒ അനീതി ചെയ്യുന്നത്. സി.ഇ.ഒയെ പുറത്താക്കി മാധ്യമത്തെ രക്ഷിക്കണമെന്നും അദ്ദേഹം പറഞ്ഞു.
കുലുക്കമില്ലാതെ മാനേജ്‌മെന്റ്
വിവിധ ട്രേഡ് യൂണിയന്‍ നേതാക്കളായ പി.കെ നാസര്‍ (എ.ഐ.ടി.യു.സി), എന്‍.കെ.സി ബഷീര്‍ (എസ്.ടി.യു), ടോമി മാത്യു (എച്ച്.എം.എസ്), ഒ.കെ സത്യ( സേവ), പി.കെ സന്തോഷ്, സി.എന്‍ ശിവദാസ് (എച്ച്.എന്‍.കെ.പി) കേരള പത്രപ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന പ്രസിഡണ്ട് കെ.പി റെജി, ജനറല്‍ സെക്രട്ടറി സുരേഷ് എടപ്പാള്‍, കെ.എന്‍.ഇ.എഫ് ജനറല്‍ സെക്രട്ടറി ജെയ്‌സണ്‍ മാത്യു തുടങ്ങിയവര്‍ സംസാരിച്ചു. സി.ഐ.ടി.യു ജില്ല പ്രസിഡണ്ട് മാമ്പറ്റ ശ്രീധരന്‍ സ്വാഗതവും ഫസലുറഹ്‌മാന്‍ നന്ദിയും പറഞ്ഞു. സി.പി.ഐ ജില്ല സെക്രട്ടറി പി. ഗവാസ്, കേരള പത്രപ്രവര്‍ത്തക യൂണിയന്‍ ജില്ല പ്രസിഡണ്ട് ഇ.പി മുഹമ്മദ്, സെക്രട്ടറി പി.കെ സജിത്ത്, വിവിധ ട്രേഡ് യൂണിയന്‍ നേതാക്കളായ എം.പി പത്മനാഭന്‍, എ.ടി അബ്ദു, ഇ.സി സതീശന്‍ എന്നിവരും സംസാരിച്ചു.
ഇത്രയൊക്കെയായിട്ടും മാധ്യമം മാനേജ്‌മെന്റിനും നടത്തിപ്പുകാരായ ജമാഅത്തെ ഇസ്ലാമിക്കും, യാതൊരു കുലുക്കുവുമില്ല. ജീവനക്കാരെ രാജിവെപ്പിക്കുന്നതിനായി അവര്‍ നിരന്തരം സമ്മര്‍ദം ചെലുത്തുകയാണ്. സ്ഥിരം ജീവനക്കാരെ ഇങ്ങനെ രാജിവെപ്പിച്ച് അവിടെതന്നെ കരാര്‍ തൊഴിലാളികളായി എടുക്കയാണ്. മാത്രമല്ല, സമരം ചെയ്യുന്ന ജീവനക്കാരെ ജമാഅത്തെ ഇസ്ലാമി അണികള്‍ നിരന്തരം സൈബര്‍ ലിഞ്ച് ചെയ്യുകയാണ്. ഒരു പണിയും കിട്ടാതെ എന്തിനാണ് ഇവിടെ കടിച്ചുതൂങ്ങി നില്‍ക്കുന്നത് എന്നാണ് ഇവര്‍ അവരെ നിരന്തരം ആക്ഷേപിക്കുന്നത്.

മാധ്യമം ഉടമകളുടെ അനവധാനതയും അലസതയുമാണ് പത്രത്തിന്റെ പതനത്തിന് കാരണമായതെന്നാണ് ജീവനക്കാര്‍ പറയുന്നത്. മാനേജ്‌മെന്റിന് വേണ്ടപ്പെട്ട ജീവനക്കാര്‍ ലക്ഷങ്ങളുടെ വെട്ടിപ്പാണ്, പത്രത്തില്‍ നടത്തിയത്. ഇപ്പോള്‍ ഒരു സ്ഥാപനത്തെ തന്നെ അഞ്ചു കമ്പനികളായി വെട്ടിമുറിച്ച് പത്രം നഷ്ടത്തിലാണെന്ന പ്രചാരണമാണ് മാനേജ്‌മെന്റ് നടത്തുന്നതെന്നും ജീവനക്കാര്‍ ആരോപിക്കുന്നു.

