അംഗങ്ങളെ അടിമകളാക്കുന്ന ത്വരീഖത്ത്; സമ്മര്‍ദം സഹിക്കവയ്യാതായതോടെ സംഘടന വിട്ടു; അതിന്റെ പകയായി മലയാളി ദമ്പതികള്‍ക്ക് നേരെ ക്രൂര ആക്രമണം; താലിബാന്‍ ത്വരീഖത്ത് വിട്ട റിയസിന്റെ അനുഭവങ്ങള്‍ ഞെട്ടിക്കുന്നത്!

insight kerala

കെ വി നിരഞ്ജന്‍

കോയമ്പത്തൂര്‍: കോഴിക്കോട് കൊടുവള്ളി കേന്ദ്രീകരിച്ച എന്‍.ബി.ടി എന്ന ‘നഖ്ശ ബന്ദിയ്യ ത്വരീഖത്തിന്റെ’ ക്രൂരതകള്‍ വീണ്ടും വാര്‍ത്തയാവുന്നു. ത്വരീഖത്തിന്റെനിന്ന് വിട്ടതിന്റെ പേരില്‍ തമിഴ്നാട്ടില്‍ താമസിക്കുന്ന മലയാളി ദമ്പതികള്‍ക്ക് നേരെ മുഖംമൂടി ധരിച്ചെത്തിയ നാലംഗ സംഘമാണ് ക്രൂരമായ ആക്രമണം നടത്തിയത്. കോയമ്പത്തൂര്‍ ജില്ലയിലെ ആലന്തുറൈയില്‍ സെപ്റ്റംബര്‍ 17-ന് രാത്രി എട്ടരയോടെയാണ് കേരള സ്വദേശികളായ റിയാസ് (43), ഭാര്യ ലുബ്ന (39) എന്നിവര്‍ക്ക് നേരെ ആക്രമണമുണ്ടായത്. തങ്ങള്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഈ തസംഘടനയില്‍ നിന്ന് വിട്ടുപോയതിന്റെ പ്രതികാരമായാണ് ഈ ആക്രമണമെന്നാണ് പരിക്കേറ്റ കുടുംബം ആരോപിക്കുന്നത്. അതിക്രമിച്ചു കയറിയ അക്രമികള്‍ വടികളും കത്തികളും ഉപയോഗിച്ച് ഇരുവരെയും ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു.

ആക്രമണത്തില്‍ റിയാസിന്റെ മൂന്ന് പല്ലുകള്‍ ഒടിയുകയും കൈകാലുകള്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു. ലുബ്നയുടെ മുഖത്തും കൈകാലുകളിലും പരിക്കേറ്റിട്ടുണ്ട്. സംഭവസമയത്ത് ദമ്പതികളുടെ 17 വയസ്സുള്ള മകളും വീട്ടിലുണ്ടായിരുന്നു. കുട്ടിക്ക് ശാരീരികമായി പരിക്കേറ്റില്ലെങ്കിലും മാതാപിതാക്കള്‍ക്ക് നേരെയുണ്ടായ ദാരുണമായ ആക്രമണം നേരിട്ട് കണ്ടതിന്റെ കടുത്ത മാനസിക ആഘാതത്തിലാണ് പെണ്‍കുട്ടി.

ഇൻസൈറ്റ് കേരളയുടെ ഏറ്റവും പുതിയ വാർത്തകൾ ആദ്യം ലഭിക്കാൻ ഔദ്യോഗിക വാട്ട്‌സാപ്പ് ചാനലിൽ അംഗമാകുക... ലിങ്ക് ക്ലിക്ക് ചെയ്യുക..
insight keralainsight kerala

നിരന്തരമായ വധഭീഷണി

‘നഖ്ശ ബന്ദിയ്യ ത്വരീഖത്ത്’ എന്ന മതസംഘടനയില്‍ നിന്ന് വിട്ടുപോയതിന് പിന്നാലെയാണ് തങ്ങള്‍ക്ക് നേരെ നിരന്തരമായ ഭീഷണികളും പ്രശ്‌നങ്ങളും ആരംഭിച്ചതെന്ന് കുടുംബം വ്യക്തമാക്കുന്നു. കൊടുവള്ളി സ്വദേശി ഷാഹുല്‍ ഹമീദിന്റെ നേതൃത്വത്തിലുള്ളതാണ് ഈ സംഘടനയെന്നും ഇവര്‍ പറയുന്നു. സംഘടനയില്‍ തുടരുന്ന ബന്ധുക്കളുമായും സുഹൃത്തുക്കളുമായും ബന്ധപ്പെടാന്‍ പോലും തങ്ങള്‍ക്ക് വിലക്കുണ്ടായിരുന്നുവെന്നും, ഭീഷണിയും ഒറ്റപ്പെടുത്തലും സഹിക്കാനാവാതെയാണ് തമിഴ്നാട്ടിലേക്ക് താമസം മാറിയതെന്നും കുടുംബം ആരോപിച്ചു. സംഘടന ഉപേക്ഷിച്ചു പോകുന്നവര്‍ക്ക് നേരെ മുന്‍പും സമാനമായ ആക്രമണങ്ങള്‍ ഉണ്ടായിട്ടുണ്ടെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. സെപ്റ്റംബര്‍ 14-ന് നഖ്ശബന്ദിയ്യ ത്വരീഖത്തിലെ മുന്‍ അംഗമായ മുജീബ് എന്ന വ്യക്തിക്ക് നേരെയും ആക്രമണം നടന്നതായി റിപ്പോര്‍ട്ടുകളുണ്ട്.

സംഭവത്തില്‍ ദമ്പതികളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രദേശ് കേന്ദ്രീകരിച്ച് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് അക്രമികളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്.
അതേസമയം, തങ്ങള്‍ വിട്ടുപോന്ന ‘നഖ്ശബന്ദിയ്യ ത്വരീഖത്ത്’ എന്ന മതസംഘടനയുടെ നിര്‍ദ്ദേശപ്രകാരം കുടുംബത്തില്‍ നിന്നും ബന്ധുക്കളില്‍ നിന്നും തങ്ങളെ കൂട്ടത്തോടെ ഒറ്റപ്പെടുത്തുകയാണെന്ന ആരോപണവുമായി നേരത്തെയും കുടുംബം രംഗത്ത് വന്നിരുന്നു. അന്ന് മലപ്പുറത്ത് വാര്‍ത്താസമ്മേളനം വിളിച്ച് ആണ് തങ്ങള്‍ നേരിടുന്ന ഗുരുതരമായ മാനസിക പീഡനങ്ങളെക്കുറിച്ചും ഒറ്റപ്പെടുത്തലിനെക്കുറിച്ചും വെളിപ്പെടുത്തിയത്. മൂന്ന് വര്‍ഷം മുന്‍പാണ് കോഴിക്കോട് കൊടുവള്ളി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഈ സംഘടനയില്‍ നിന്ന് ഇവര്‍ വിട്ടുപോന്നത്.

തുടര്‍ന്ന് സംഘടനയുടെ നിര്‍ദ്ദേശപ്രകാരം കുടുംബാംഗങ്ങള്‍ തങ്ങളെ അകറ്റിനിര്‍ത്തുകയാണെന്ന് അന്ന് ഇവര്‍ ആരോപിച്ചു. ‘മൂന്ന് വര്‍ഷത്തിനിടയില്‍ ആദ്യമായിട്ടാണ് മാതാപിതാക്കളെ കാണാന്‍ തറവാട്ടു വീട്ടിലെത്തിയത്. മക്കള്‍ വീട്ടില്‍ നില്‍ക്കുന്നതില്‍ തങ്ങള്‍ക്ക് എതിര്‍പ്പില്ലെന്നും എന്നാല്‍ സംഘടന ഇതിന് അനുവദിക്കില്ലെന്നും, അവരുടെ അനുവാദം വേണമെന്നുമാണ് മാതാപിതാക്കള്‍ പറഞ്ഞത്. തുടര്‍ന്ന് സംഘടനാനേതൃത്വത്തെ സമീപിച്ചപ്പോള്‍, ഞങ്ങളെ അടുപ്പിച്ചാല്‍ കുടുംബാംഗങ്ങളെയും സമുദായത്തില്‍ നിന്ന് ഒറ്റപ്പെടുത്തുമെന്ന് അവര്‍ ഭീഷണിപ്പെടുത്തി. ഇതോടെ വീട്ടില്‍ നിന്നും ഇറങ്ങിപ്പോകാന്‍ ഞങ്ങള്‍ നിര്‍ബന്ധിതരാവുകയായിരുന്നു’, ഭര്‍ത്താവ് റിയാസ് നേരെത്തെ പറഞ്ഞിരുന്നു. തങ്ങളെ വീട്ടില്‍ നിന്നും ഒഴിപ്പിക്കാന്‍ നൂറോളം വരുന്ന ആളുകള്‍ തടിച്ചുകൂടിയെന്നും, ഒടുവില്‍ പോലീസിന്റെ ഇടപെടലിനെ തുടര്‍ന്നാണ് ഒരു ദിവസം വീട്ടില്‍ തങ്ങാന്‍ സാധിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വര്‍ഷങ്ങളായി ഈ കുടുംബം ത്വരീഖത്തിന്റെ അനുയായികളായിരുന്നു.

അപകടകരമായ കള്‍ട്ട്

സംസ്ഥാനത്ത് കോഴിക്കോട് കൊടുവള്ളി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എന്‍ബിടി എന്ന മത സംഘടന താലിബാന്‍ ത്വരീക്കത്ത് എന്നും അറിയപ്പെടുന്നുണ്ട്. പി വി ഷാഹുല്‍ഹമീദ് പുത്തന്‍വീട് കൊടുവള്ളി എന്നയാളാണ് ഇതിന്റെ തലവന്‍. ഇയാള്‍ ഒരു ആള്‍ദൈവ സമാനമായാണ് പ്രവര്‍ത്തിക്കുന്നതെന്ന് ഇവിടെനിന്ന് വിട്ടുപോയവര്‍ പറയുന്നു. സൊസൈറ്റി ആക്ട് പ്രകാരം രജിസ്റ്റര്‍ ചെയ്ത ഈ മത സംഘടനയില്‍ നടക്കുന്നത്് ക്രൂരമായ മനുഷ്യാവകാശ ലംഘനങ്ങളും, സാമ്പത്തിക ചൂഷണങ്ങളുമാണെന്നാണ് ഇത് വിട്ടുപോയവര്‍ പറയുന്നത്.

രാജ്യത്തെ നിയമത്തിനു മുകളിലായി തന്റെ വാമൊഴി പ്രസ്ഥാനത്തിന്റെ അലിഖിത നിയമമാണെന്ന് സൊസൈറ്റി ബൈലോയില്‍ എഴുതി വെച്ച് അംഗങ്ങളുടെ മൗലികാവകാശങ്ങള്‍ പൂര്‍ണ്ണമായി നിഷേധിച്ച് സസ്‌പെന്‍ഷനുകളും ഡിസ്മിസുകളും ചെയ്യുന്നു. ഒരു കള്‍ട്ട് പ്രസ്ഥാനമായി ഇതിനെ വളര്‍ത്തുകയും തീവ്രവാദത്തെ പ്രോല്‍സാഹിപ്പിക്കുകയും ചെയ്യുകയാണെന്ന് സംഘടന വിട്ടവര്‍ പറയുന്നു.

കുടുംബങ്ങള്‍ തമ്മില്‍ തെറ്റിച്ച് മക്കള്‍ ഉമ്മ പിതാവ് സഹോദരിമാര്‍ എന്നിവരോട് ഭ്രഷ്ട് കല്‍പ്പിക്കാന്‍ ആഴ്ച ക്ലാസുകളില്‍ ആഹ്വാനം ചെയ്യുന്നു. അണികളോട് പ്രസ്ഥാനത്തില്‍ സസ്‌പെന്‍ഷന്‍ ആയ ആളുകളുടെ മൊബൈല്‍ നമ്പറുകള്‍ ഡിലീറ്റ് ചെയ്യണമെന്ന് ആവശ്യപ്പെടുകയും അവരുമായി പരസ്പരം ബന്ധപ്പെടാതിരിക്കാന്‍ ഫോണ്‍ പോലുംചെയ്യരുത് എന്ന് കണിശമായി നിര്‍ദ്ദേശിക്കുന്നു. കമ്മറ്റികളില്‍ ഇവരുടെ ഫോണുകളില്‍ നിന്ന് കോണ്‍ടാക്ട് നമ്പറുകള്‍ ഡിലീറ്റ് ചെയ്യിക്കുന്നു. ഇതുകൊണ്ട് ഭാര്യ ഭര്‍ത്താക്കന്മാര്‍ വരെ പരസ്പരം ബന്ധപ്പെടാന്‍ സാധിക്കാതെ ബുദ്ധിമുട്ടാവും. എല്ലാംനടപ്പിലാക്കാന്‍ എല്ലാ ജില്ലയിലും ആളുകളുണ്ട്.

ആരെങ്കിലും മരണപ്പെട്ടാല്‍ മരണപ്പെട്ട വ്യക്തിയുടെ സ്വര്‍ണവും പണവും മൂന്നാം ദിവസം അങ്ങോട്ട് കൊണ്ടുപോയി കാണിക്കയായി കൊടുക്കാന്‍ പറയുന്നു.
ഗര്‍ഭിണികള്‍, വിവാഹിതര്‍, കുട്ടികള്‍ എന്നിവരെ ഭ്രഷ്ട് കല്‍പ്പിച്ച് യാതൊരു മാനസിക പരിഗണനയും കൊടുക്കാതെ സംഘടനയില്‍ നിന്ന് ഒഴിവാക്കുന്നു. മദ്രസ പഠനം നടത്താന്‍ അനുവദിക്കാതിരിക്കുന്നു. ഈ കള്‍ട്ടിന്റെ മറവില്‍ തീവ്രവാദ പ്രവര്‍ത്തനങ്ങളും നടക്കുന്നുണ്ടെന്നും പൊലീസ് സമഗ്രമായി അന്വേഷിക്കണമെന്നുമാണ് സംഘടന വിട്ടവര്‍ ആവശ്യപ്പെടുന്നത്.

insight kerala
Share This Article