ഡിവൈഎഫ്ഐ നേതാവ് ചിന്ത ജെറോം പിഎച്ച് ഡി ബിരുദത്തിന് കേരള സർവ്വകലാശാലയിൽ സമർപ്പിച്ച പ്രബന്ധത്തിൽ വ്യാപകമായ തെറ്റുകൾ ഉണ്ടെന്ന് ചൂണ്ടിക്കാട്ടിയുള്ള പരാതി ഗവർണർ സർവ്വകലാശാലയ്ക്ക് കൈമാറിയിട്ടും മേൽ നടപടികൾ സ്വീകരിക്കാത്തത് ചൂണ്ടിക്കാട്ടി സിൻഡിക്കേറ്റ് അംഗവുമായ ആർ.എസ്. ശശികുമാർ വിസി ഡോ:മോഹനൻ കുന്നുമ്മേലിനു നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പ്രബന്ധത്തിലെ ക്രമക്കേടുകൾ പ്രാഥമികമായി പരിശോധിക്കുവാൻ നാല് അംഗ ഉപസമിതി നിയോഗിക്കാൻ ഇന്ന് ചേർന്ന കേരള സർവ്വകലാശാല സിൻഡിക്കേറ്റ് തീരുമാനിച്ചു.
പ്രാഥമിക അന്വേഷണത്തിൽ ക്രമക്കേടുള്ളതായി ബോധ്യപ്പെട്ടാൽ പിഎച്ച്ഡി ബിരുദം സസ്പെൻഡ് ചെയ്ത് വിദഗ്ധ സമിതിയെ കൊണ്ട് അന്വേഷിക്കണമെന്നാണ് ശശികുമാർ വിസി ക്ക് നൽകിയ നിവേദനത്തിൽ ആവശ്യപ്പെട്ടിട്ടുള്ളത്.
മലയാള വാണിജ്യ സിനിമകളുടെ പ്രത്യയശാസ്ത്രത്തെ അധികരിച്ച് ചിന്താ ജെറോം തയ്യാറാക്കിയ പ്രബന്ധത്തിനാണ് കേരളസർവ്വകലാശാല പി എച്ച് ഡി ബിരുദം നൽകിയത്. കേരള സർവകലാശാലയുടെ മുൻ പിവിസി ഡോ: പി. പി. അജയകുമാറിന്റെ മാർഗനിർദേശത്തിലാണ് പ്രബന്ധം തയ്യാറാക്കിയത്.
മലയാള സിനിമയെയും അതിലെ പ്രമുഖ
താരങ്ങളെയും അധികരിച്ച് തയ്യാറാക്കിയ പ്രബന്ധം തമിഴ്നാടിലെയും വടക്കേ ഇന്ത്യയിലെയും മൂന്ന് അന്യഭാഷാ പ്രൊഫസർമാർക്ക് മൂല്യ നിർണയത്തിന് അയച്ചത് ദുരൂഹമാണെന്നും, പ്രബന്ധത്തിലെ ആശയങ്ങളും രചനയും മറ്റ് പ്രസിദ്ധീകരണങ്ങളിൽ നിന്ന് പകർത്തിയിട്ടുള്ളതാണെന്നതിന് വ്യക്തമായ തെളിവുണ്ടെന്നും പരാതിയിൽ ഉന്നയിച്ചിട്ടുണ്ട്.
വ്യപകകോപ്പിയടി സിസി ക്യാമറ പരിശോധനയിൽ കണ്ടെത്തിയതിനെ തുടർന്ന് തിരുവനന്തപുരം ലാ അക്കാദമിയുടെ
പരീക്ഷ സെന്റർ അന്വേഷണ വിധേയമായി സസ്പെന്റ് ചെയ്തു. തുടർന്നുള്ള പരീക്ഷകൾ എഴുതുവാൻ കോളേജിലെ വിദ്യാർത്ഥികൾക്ക് പകരം ക്രമീകരണം ഏർപ്പെടുത്താൻ പരീക്ഷ കൺട്രോളറെ ചുമതലപ്പെടുത്തി.

