Special Report
ആരാണ് പിണറായി വിജയൻ
ആജ്ഞാശക്തിക്കും കാർക്കശ്യത്തിനും രാഷ്ട്രീയ നിഘണ്ടുവിൽ എഴുതി ചേർക്കപ്പെട്ട ആ പേര് അന്നും ഇന്നും സിപിഎമ്മിന് ഒരു വികാരം തന്നെയാണ്. വിഎസ് എന്ന ക്ലാസിക്കൽ കമ്മ്യൂണിസത്തിൻ്റെ പ്രകമ്പനങ്ങൾ പാർട്ടിയിൽ തരംഗമായിരുന്ന കാലത്തും, ‘ഔദ്യോഗിക പക്ഷം’ എന്ന വിളിപ്പേരിൽ ഭൂരിപക്ഷത്തെ മറുഭാഗത്ത് ഒപ്പം നിർത്താൻ കഴിഞ്ഞ രാഷ്ട്രീയ തന്ത്രജ്ഞതയെ ധാർഷ്ട്യമെന്നോ ഏകാധിപത്യമെന്നോ വിമർശിക്കാം. പ്രകൃതിയും കാലവും അനുശാസിക്കുന്ന വഴിയേ പ്രസ്ഥാനത്തിൻറെ അമരത്തു വന്നപ്പോൾ തൻ്റെ നിലപാടുകൾക്ക് അനുസൃതമായി പാർട്ടിയെ ചലിപ്പിക്കേണ്ടി വന്ന നേതാവ് നേരിട്ട വെല്ലുവിളികൾ തന്നെയാണ് സിപിഎമ്മിന്റെ ചരിത്രവും . വഴിതെളിച്ചവനെ തന്നെ വെട്ടിനിരത്തേണ്ടി വന്ന വേളയിൽ ‘ഗോർബച്ചേവ്’ എന്ന പാപഭാരം ചുമലിലേറിയപ്പോഴും ഒളിഞ്ഞും തെളിഞ്ഞും കല്ലെറിഞ്ഞവർ ആ ഗോർബച്ചേവിനെ വാരിപ്പുണരുന്നതും കണ്ടു. വിഭാഗീയത കൊടുമ്പിരി കൊണ്ട കാലത്ത് വിഎസ് എന്ന രാഷ്ട്രീയ ശരിയേയും കമ്മ്യൂണിസ്റ്റ് ശരിയേയും മുഖ്യധാരാ മാധ്യമങ്ങൾ പരിലാളിച്ചപ്പോൾ, മറുഭാഗത്ത് പ്രസ്ഥാനത്തിൻറെ അന്തകനായ ഡാങ്കേയുടെ പരിവേഷം ചാർത്തപ്പെട്ടു. അപ്പോഴും ഒപ്പം ഉണ്ടായിരുന്നവർ ശബ്ദം ഉയർത്തുകയോ വിട്ടു പോകാതിരിക്കുകയോ ചെയ്തത് ഭയം കൊണ്ടാകാം അല്ലെങ്കിൽ പ്രായോഗിക രാഷ്ട്രീയത്തിന്റെ വക്താക്കളായി ഓരോ കമ്മ്യൂണിസ്റ്റുകാരനും അപ്പോഴേക്കും മാറിക്കഴിഞ്ഞതുമാകാം.
പിണറായിയുടെ തണലിൽ പാർട്ടി വളർന്ന കാലം
വി എസിന് ശേഷം ചോദ്യം ചെയ്യപ്പെടാനാകാത്ത ശക്തിയായി പാർട്ടിയെ നയിച്ചപ്പോൾ പിണറായിക്ക് പകരം മറ്റൊരു പേര് ചിന്തിക്കാൻ പോലും കഴിയാത്ത കാലം. കോടിയേരി ബാലകൃഷ്ണന്റെ അനാരോഗ്യവും പാർട്ടിയുടെ തുടർഭരണവും പാർട്ടി എന്നാൽ പിണറായി, പിണറായി എന്നാൽ പാർട്ടി എന്ന ആപ്തവാക്യത്തിലേക്ക് വീണ്ടും ചുരുങ്ങി. ആഗോളവൽക്കരണത്തിന്റെ പരിണിതഫലമായ ഉദാരവൽക്കരണ നയങ്ങൾ പ്രായോഗിക രാഷ്ട്രീയത്തിലേക്ക് കൊണ്ടുവരാൻ വിധിക്കപ്പെട്ട കാലഘട്ടത്തിലാണ് സംസ്ഥാനത്ത് പാർട്ടിയുടെ അമരത്ത് പിണറായിയും ദേശീയതലത്തിൽ പ്രകാശ് കാരാട്ടും അവരോധിക്കപ്പെടുന്നത്. അതുകൊണ്ടുതന്നെ ഉദാരവൽക്കരണ സമീപനങ്ങൾ പ്രത്യശാസ്ത്രവുമായി ഇടകലർത്താൻ നിയോഗിക്കപ്പെട്ട ഇരു നേതാക്കളും കമ്മ്യൂണിസ്റ്റ് പാരമ്പര്യമുയർത്തിക്കാട്ടുന്ന നേതാക്കന്മാർക്കിടയിൽ അവമതിപ്പുണ്ടാക്കി. അപ്പോഴും ആധുനിക കാലഘട്ടത്തിൽ ഇൻറർനെറ്റ് യുഗത്തിലേക്കുള്ള കുതിച്ചുചാട്ടത്തിൽ പുതുവഴിയിലൂടെ പാർട്ടിക്ക് വഴിവെട്ടാൻ പിണറായിയുടെ നിലപാടുകൾ ഒഴിച്ചുകൂടാനാകാത്ത ഘടകമായി. പയ്യെ പയ്യെ അത് അംഗീകരിക്കാൻ കൂടെയുള്ള കമ്മ്യൂണിസ്റ്റുകാർ തയ്യാറുമായി എന്നതാണ് വാസ്തവം. ക്രമേണ പാർട്ടിയിലും ഭരണത്തിലും പിണറായി വടവൃക്ഷമായി വളർന്നുകൊണ്ടേയിരുന്നു. ആ തണലിൽ ഒന്നാം തലമുറ, രണ്ടാം തലമുറ, മൂന്നാം തലമുറ നേതാക്കൾ വരെ അഭിരമിച്ചു. പിണറായിക്കപ്പുറം മറ്റൊന്നിനെക്കുറിച്ചും പാർട്ടിയിലെ വളർന്നുവരുന്ന തലമുറ ചിന്തിച്ചതുമില്ല. നേതാവ് നയിച്ച വഴിയെ അവർ നടന്നുകൊണ്ടേയിരുന്നു. പതിറ്റാണ്ടായി ഉൾപ്പാർട്ടി രാഷ്ട്രീയം ഇല്ലാതിരുന്ന പ്രസ്ഥാനം പിണറായിയെ വീണ്ടും വീണ്ടും കാരണഭൂതൻ ആക്കിക്കൊണ്ടേയിരുന്നു.

വൻമരം വീണത് തിരിച്ചറിഞ്ഞ നിമിഷം മുതൽ
2026 നിയമസഭാ തിരഞ്ഞെടുപ്പ് വോട്ടെണ്ണലിന്റെ ആ ദിനത്തിൽ ധർമ്മടം മണ്ഡലത്തിൽ ഏഴു റൗണ്ടുകൾ പൂർത്തിയാകുന്ന വേളയിൽ കേരളത്തിൽ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം തിരിച്ചറിഞ്ഞു, ഇക്കാലമത്രയും തങ്ങൾ അഭിരമിച്ചിരുന്ന ആ വട വൃക്ഷത്തിൻറെ അടിവേരിളകി തുടങ്ങി എന്ന അമ്പരപ്പ് അത്ര പെട്ടെന്നൊന്നും അവർക്ക് ഉൾക്കൊള്ളാൻ കഴിഞ്ഞതുമില്ല. എല്ലാം ഉൾക്കൊണ്ട് കഴിഞ്ഞപ്പോഴേക്കും ഉള്ളിലെ കമ്മ്യൂണിസ്റ്റ് രക്തം തിളക്കാൻ തുടങ്ങി. പതിറ്റാണ്ടുകളോളം നട്ടെല്ല് ഊരി മാറ്റി വിശ്രമിച്ചിരുന്ന സഖാക്കൾ സടകുടഞ്ഞെഴുന്നേറ്റു. കാരണഭൂതന് നേരെ കല്ലെറിയാൻ തുടങ്ങി. 81ആം വയസ്സിലും മൂന്നാം ഭരണത്തിൽ മുഖ്യമന്ത്രിയാകാൻ കച്ച മുറുക്കി കൊടുത്ത സഖാക്കൾ തന്നെ, കോട്ട കൊത്തളങ്ങൾ ഇളകിയപ്പോൾ ഭരണാധികാരിക്ക് നേരെ വാളോങ്ങി. പ്രതിപക്ഷത്തെ നയിക്കാൻ യോഗ്യതയില്ലാത്തവൻ പടിയിറങ്ങണമെന്ന് ആക്രോശിക്കാൻ തുടങ്ങി. കണക്ക് ചോദിക്കാതെ ഒരുകാലവും കടന്നുപോകില്ല എന്നും കാലത്തിൻറെ കാവ്യനീതി എന്നുമൊക്കെ നിറച്ചാർത്തുകളോടെ പിണറായി വിജയൻ്റെ പതനത്തെ ആഘോഷിക്കാം. ഒരിക്കൽ പോലും ചോദ്യം ചെയ്യാതെ പിണറായി എന്ന ഏകാധിപതിയെ വെള്ളവും വളവും നൽകി പരുവപ്പെടുത്തിയെടുത്തവർ, ഇക്കാലമത്രയും കമ്മ്യൂണിസത്തെക്കുറിച്ചോ ഇടത് പ്രത്യശാസ്ത്രത്തെക്കുറിച്ചോ ചിന്തിക്കാതെ സുഖലോലുപരായി മുദ്രാവാക്യം വിളിച്ച സഖാക്കൾ. ഇപ്പോൾ അവർ തോൽവിയുടെ കാരണം കണ്ടെത്താൻ കോഴിക്കോട്ടേക്ക് യാത്ര തിരിക്കുകയാണത്രേ.

കോഴിക്കോട്ട് പടയൊരുക്കമോ?
പിണറായി വിജയനും ഗോവിന്ദൻ മാഷിനും എതിരായ പുതു ചേരി പാർട്ടിയിൽ ഒളിഞ്ഞും തെളിഞ്ഞും വളരാൻ തുടങ്ങിയിട്ട് അധികനാൾ ആയിട്ടില്ല. അവർ കോഴിക്കോട് ഒന്നിക്കുമോ എന്നാണ് അറിയേണ്ടത്. അനാരോഗ്യവും പരാജയത്തിന്റെ പാപഭാരവും ഉയർത്തിക്കാട്ടി പിണറായിയെ പടിയിറക്കാൻ കച്ചമുറുകുമ്പോൾ എത്രത്തോളം ഫലപ്രദമാകും എന്നത് മറ്റൊരു ചോദ്യമാണ്. പിണറായി മാത്രം മാറിയാൽ എം വി ഗോവിന്ദൻ എന്ന പാർട്ടി സെക്രട്ടറിയിലൂടെ സിപിഎമ്മിന് കരുത്തോടെ മുന്നോട്ടു പോകാനാകുമോ ?. പാർട്ടി സെക്രട്ടറിയെ സമ്മേളനത്തിനു മുമ്പ് മാറ്റാനാകുമോ? ഇരുവരെയും മാറ്റുക അത്ര പ്രായോഗികമാണോ.?അപ്പോഴും ഉയരുന്ന വലിയൊരു എതിർവികാരം പാർട്ടിയിൽ പുതിയൊരു വിഭാഗീയതയ്ക്ക് പാത വെട്ടുമോ?
പ്രതിരോധം തീർക്കുമോ?
ഇപ്പോൾ ഉണ്ടാകുന്ന ഇഡിയുടെ നീക്കവും കേസെടുക്കണമെന്ന ശുപാർശയും പിണറായി വിജയന് വ്യക്തിപരമായി രാഷ്ട്രീയനേട്ടമാണ് എന്നത് മറ്റൊരുവശം. വീണ വിജയനിൽ നിന്ന് റിയാസിലേക്ക് വരികയും അതിലൂടെ പിണറായി വിജയൻ എന്ന ലക്ഷ്യസ്ഥാനത്തിലേക്ക് ഇഡി എത്തുകയും ചെയ്തു എന്ന പ്രചാരണം സിപിഎം ഇപ്പോൾ തന്നെ കൃത്യമായി പുറത്തെടുത്തു കഴിഞ്ഞു. കേസെടുക്കുകയാണെങ്കിൽ സംസ്ഥാന വ്യാപകമായി പ്രക്ഷോഭം എന്ന മുന്നറിയിപ്പും സിപിഎം നൽകി കഴിഞ്ഞു. പാർട്ടിക്കുള്ളിലെ പടയൊരുക്കത്തിൽ നിന്ന് തൽക്കാലം ശ്രദ്ധ തിരിക്കാൻ ഇഡി അന്വേഷണം പിണറായിക്ക് രക്ഷാകവചം ഒരുക്കുകയാണ്. ഇഡിയിലൂടെ പിണറായി എന്ന വികാരം വീണ്ടും സഖാക്കളിലേക്ക് കുത്തി നിറയ്ക്കപ്പെടുകയാണ്. ദേശീയതലത്തിൽ അരവിന്ദ് കേജരിവാളിനും ഷിബു സോറനും സംഭവിച്ച പോലെ കേരളത്തിൽ ഉണ്ടാകുമ്പോൾ തങ്ങളുടെ അനിഷേധ്യ നേതാവിനെ അങ്ങനെയങ്ങ് വിട്ടുനൽകാൻ അവർ ഒരുങ്ങില്ല. അതുതന്നെയാണ് നിലയില്ലാ കയത്തിൽ അകപ്പെട്ട പിണറായിയുടെ കച്ചിത്തുരുമ്പും.

അ

