“നുണരമയിലെ ചാവാലിപ്പട്ടിയെ തെക്കോട്ടെടുത്തു”; അന്തരിച്ച മാധ്യമ പ്രവര്‍ത്തകന്‍ ജിജോ ജോണ്‍ പുത്തേഴത്തിനെ രൂക്ഷമായി അധിക്ഷേപിച്ച് സൈബര്‍ സഖാക്കള്‍; മരണത്തിലും മായാത്ത രാഷ്ട്രീയ വൈരാഗ്യത്തില്‍ കേരളം ഞെട്ടുന്നു

insight kerala

കെ വി നിരഞ്ജന്‍

കൊച്ചി: മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും മലയാള മനോരമ കൊച്ചി യൂണിറ്റിലെ സ്പെഷല്‍ കറസ്‌പോണ്ടന്റുമായ ജിജോ ജോണ്‍ പുത്തേഴത്തിന്റെ ആക്‌സമിക മരണത്തിന്റെ ഞെട്ടലിലാണ് മാധ്യമ ലോകം. 54 വയുസുള്ള ജിജോ ഹൃദയാഘാതത്തെ തുടര്‍ന്നാണ് അന്തരിച്ചത്. ബുധനാഴ്ച രാവിലെ കൊച്ചിയില്‍ വെച്ചായിരുന്നു അന്ത്യം. രാവിലെ കടുത്ത നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മികച്ച അന്വേഷണാത്മക പത്രപ്രവര്‍ത്തകനായിരുന്ന ജിജോ ജോണ്‍ പുത്തേഴത്ത്, 2015-ല്‍ രാംനാഥ് ഗോയങ്ക പുരസ്‌കാരം നേടിയിട്ടുണ്ട്. സ്വര്‍ണ്ണക്കടത്ത് പരമ്പരകള്‍, അടുത്തിടെ ദേശീയ ശ്രദ്ധയാകര്‍ഷിച്ച 700 കോടി രൂപയുടെ നിക്ഷേപത്തട്ടിപ്പ് തുടങ്ങിയ നിരവധി പ്രമുഖ വാര്‍ത്തകള്‍ പുറത്തുകൊണ്ടുവന്നത് അദ്ദേഹമായിരുന്നു. മരണമടഞ്ഞ ദിവസവും അദ്ദേഹത്തിന്റെ ഒരു ബൈലൈന്‍ വാര്‍ത്ത മലയാള മനോരമയുടെ ഒന്നാം പേജില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ടായിരുന്നു.

സിപിഎമ്മിനും പിണറായി വിജയനുമെതിരെ നിരന്തരം എഴുതിയിരുന്നതുകൊണ്ട് ഇടതുപക്ഷ അണികളുടെ കണ്ണിലെ കരടുമായിരുന്നു അദ്ദേഹം. ജിജോയുടെ മരണ വാര്‍ത്തക്കുതാഴെ സമാനതകളില്ലാത്ത സൈബര്‍ ആക്രമണമാണ് ഉണ്ടായത്. മരണത്തിലും മായാത്ത രാഷ്ട്രീയ വൈരാഗ്യത്തില്‍ കേരളം ഞെട്ടുകയാണ്.

ഇൻസൈറ്റ് കേരളയുടെ ഏറ്റവും പുതിയ വാർത്തകൾ ആദ്യം ലഭിക്കാൻ ഔദ്യോഗിക വാട്ട്‌സാപ്പ് ചാനലിൽ അംഗമാകുക... ലിങ്ക് ക്ലിക്ക് ചെയ്യുക..
insight keralainsight kerala

അധിക്ഷേപിച്ച് സൈബര്‍ സഖാക്കള്‍

‘നുണരമയിലെ ചാവാലിപ്പട്ടിയെ തൊക്കോട്ടെടുത്തു’, ‘മനോരമക്കുവേണ്ട നിരന്തരം നുണ എഴുതിയ ഒരു മാപ്ര’ പൊലിഞ്ഞു എന്നൊക്കെ കമന്റിട്ട് സൈബര്‍ സഖാക്കള്‍ ജിജോയുടെ മരണം ആഘോഷിക്കയാണ്. നെഗറ്റീവ് കമന്‍സ് വര്‍ധിച്ചതോടെ മനോരമ ഓണ്‍ലൈനിലെ കമന്റ്‌ബോക്‌സ് പൂട്ടേണ്ടി വന്നു. മരിക്കുന്ന ദിവസവും, കേരളത്തിലെ പ്രമുഖ രാഷ്ട്രീയ നേതാക്കളെയും വിവാദ വ്യവസായ സ്ഥാപനമായ സിഎംആര്‍എല്ലിനെയും ബന്ധപ്പെടുത്തിയുള്ള അന്വേഷണാത്മക വാര്‍ത്ത അദ്ദേഹം പുറത്തുവിട്ടിരുന്നു. ഇതെല്ലാം സിപിഎമ്മുകര്‍ക്ക് വലിയ പ്രകോപനമായി.
സമകാലിക മാധ്യമപ്രവര്‍ത്തനത്തില്‍, വിയോജിപ്പുള്ള വാര്‍ത്തകള്‍ എഴുതുന്ന മാധ്യമപ്രവര്‍ത്തകരെ വ്യക്തിപരമായി അധിക്ഷേപിക്കുന്നതും അവരുടെ മരണത്തില്‍ പോലും ആഹ്ലാദം പ്രകടിപ്പിക്കുന്നതുമായ ഒരു മോശം പ്രവണത സോഷ്യല്‍ മീഡിയയില്‍ ചില ഗ്രൂപ്പുകള്‍ക്കിടയില്‍ കണ്ടുവരുന്നുണ്ട്. അത് അതിന്റെ ഉച്ചസ്ഥായിയില്‍ എത്തിയിരിക്കയാണ്. എന്നാലും ഒരു മരിച്ച മനുഷ്യനെക്കുറിച്ച് ഇങ്ങനെ പറയരുത് എന്ന് അണികളോട് ആരും പറയുന്നില്ല.

ഇടത് സഹയാത്രികയായ പ്രശസ്ത മാധ്യമ പ്രവര്‍ത്തക, കെ കെ ഷാഹിനപോലും പരോക്ഷമായി ഈ സൈബര്‍ ആക്രമണത്തിന് പ്രോല്‍സാഹനം നല്‍കുന്ന രീതിയിലാണ് പോസ്റ്റിടുന്നത്-”വേണ്ടത്ര തെളിവുകള്‍ ഇല്ലാത്തതിനാല്‍ വേണ്ടെന്ന് വെക്കുന്ന വാര്‍ത്തകളാണ് ( എത്ര സമ്മര്‍ദ്ദം ഉണ്ടായാലും ) പുരസ്‌കാരം നേടി തരുന്ന വാര്‍ത്തകളെക്കാള്‍ ഒരു ജേര്‍ണലിസ്റ്റിന്റെ ക്രെഡിബിലിറ്റി നിശ്ചയിക്കുന്നത്. 29 വര്‍ഷത്തെ പ്രൊഫഷണല്‍ ജീവിതത്തില്‍ നിന്ന് പഠിച്ചത്.
‘കാറ്റാടിപ്പാട’ത്തിന്റെ പേരില്‍ എം ശിവശങ്കര്‍, മനോരമക്കെതിരെ കൊടുത്ത മാന നഷ്ടക്കേസില്‍ പ്രതിയാണ് ജിജോ ജോണ്‍ പുത്തേഴത്ത്. അട്ടിമറിയൊന്നും സംഭവിച്ചില്ലെങ്കില്‍ ആ കേസില്‍ ശിവശങ്കറിന് അനുകൂലമായ വിധി വരേണ്ടതാണ്. മരണത്തോടെ ഒരാള്‍ സാങ്കേതികമായി പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാകുമെങ്കിലും മരണശേഷവും അങ്ങനെയൊരു സാഹചര്യം ഉണ്ടാകുന്നത് ഖേദകരമാണ്. ” ഷാഹിന ഫേസ്ബുക്കില്‍ കുറിച്ചത് ഇങ്ങനെയാണ്.

പക്ഷേ ഇത് വളരെ മോശം പ്രവണതയാണെന്ന് സോഷ്യല്‍മീഡിയാ ആക്റ്റീവിസ്റ്റുകള്‍ ചൂണ്ടിക്കാട്ടുന്നു. ഒരു മാധ്യമ പ്രവര്‍ത്തകന്‍ എന്ന നിലയില്‍ ജിജോ നൂറായിരം വാര്‍ത്തകള്‍ എഴുതിയിട്ടുണ്ട്. അതില്‍ ചിലത് തിരഞ്ഞുപിടിച്ചും, ജോലി ചെയ്ത സ്ഥാപനത്തിന്റെ രാഷ്ട്രീയം നോക്കിയും, മരിച്ചമനുഷ്യനെ അപമാനിക്കുന്നത്, മേഛമാണെന്നും പലരും ചൂണ്ടിക്കാണിക്കുന്നു.

Share This Article