എട്ടു മാസമായി ശമ്പളമില്ല; അഞ്ച് ലിമിറ്റഡ് ലയബിലിറ്റി പാര്‍ട്ണര്‍ഷിപ്പ് കമ്പനികളാക്കി മുറിച്ചു; ജമാഅത്തെ ഇസ്ലാമി പത്രത്തില്‍ ജീവനക്കാര്‍ക്ക് പട്ടിണിയുടെ ഓണക്കാലം; ധൂര്‍ത്തും അഴിമതിയും മാധ്യമം പത്രത്തെ തകര്‍ക്കുമ്പോള്‍!

insight kerala

special report

കെ വി നിരഞ്ജന്‍

കോഴിക്കോട്: ജമാഅത്തെ ഇസ്ലാമിയുടെ സ്ഥാപനമായ മാധ്യമം ദിനപത്രത്തില്‍ ജീവനക്കാര്‍ക്ക് എട്ടുമാസത്തെ ശമ്പളക്കുടിശ്ശിക. ഇതോടെ പട്ടിണിയുടെ ഒരു ഓണക്കാലമാണ് ജീവനക്കാരെ സംബന്ധിച്ച് കടന്നുപോയത്. എട്ട് മാസം അധ്വാനിച്ചതിന്റെ കൂലി കൊടുക്കാനുള്ളപ്പോള്‍ മാധ്യമം പത്രത്തിലെ സ്ഥിരം ജീവനക്കാര്‍ക്ക് ഓണവേതനമായി പതിനായിരം രൂപ കൊടുത്തേക്കാമെന്ന് മാധ്യമം മാനേജ്‌മെന്റ് സംസ്ഥാന തൊഴില്‍ മന്ത്രി ബിന്ദുകൃഷ്ണയോട് പറഞ്ഞത്. മൂന്ന് മാസത്തെ ശമ്പളം കൊടുത്തുകൂടെ എന്ന മന്ത്രിയുടെ അഭ്യര്‍ഥന ഒരു മാസത്തിലേക്ക് താഴ്തിയിട്ടും മാധ്യമം മാനേജ്‌മെന്റ് അത് അവഗണിക്കയായിരുന്നു. ഒരു ഘട്ടത്തില്‍ ചര്‍ച്ച നിര്‍ത്തിവെച്ച് മന്ത്രി ബിന്ദു കൃഷ്ണ പ്രശ്‌നം ഒത്തുതീര്‍ക്കണം എന്ന് മാധ്യമം ഉടമയായ ഐ.പി ട്രസ്റ്റിന്റെ ചെയര്‍മാനെ ഫോണില്‍ വിളിച്ച് അഭ്യര്‍ഥിച്ചിരുന്നു. എന്നാല്‍ മാനേജ്‌മെന്റ് ഒരു വിട്ടുവീഴ്ചയക്കും തയ്യാറായില്ല.

ഇൻസൈറ്റ് കേരളയുടെ ഏറ്റവും പുതിയ വാർത്തകൾ ആദ്യം ലഭിക്കാൻ ഔദ്യോഗിക വാട്ട്‌സാപ്പ് ചാനലിൽ അംഗമാകുക... ലിങ്ക് ക്ലിക്ക് ചെയ്യുക..
insight keralainsight kerala

ജീവനക്കാര്‍ പട്ടിണിയില്‍

വളരെ കുറഞ്ഞ കൂലിക്ക് പത്രം നടത്തിക്കൊണ്ടുപോകാമെന്ന ലാക്കാണ് മാധ്യമം മാനേജ്‌മെന്റിനുള്ളത്. ഉണ്ടായിരുന്നതില്‍ പകുതിയോളം ജീവനക്കാരെ പ്രലോഭിപ്പിച്ചും ഭീക്ഷണിപ്പെടത്തിയും രാജിവെപ്പിച്ച കഴിഞ്ഞു. ഇവര്‍ക്ക് പി.എഫ്, ഗ്രാറ്റ്വിറ്റി എന്നീ നിയമപരമായ ആനുകൂല്യങ്ങള്‍ മാത്രമാണ് കൊടുത്തത്. അതും മൂന്നും നാലും ഗഡുക്കളായി എന്ന വ്യവസ്ഥയില്‍ ! പിരിച്ചുവിടല്‍ ആനുകൂല്യങ്ങളെക്കുറിച്ച് സംസാരിച്ചേയില്ല. അങ്ങനെ പിരിച്ചുവിടലിന്റെ നിയമപരമായ ബധ്യതകളില്‍ നിന്ന് മാധ്യമം തലയൂരി. അതിന് മുമ്പ് ഐഡിയല്‍ പബ്ലിക്കേഷന്‍സ് ട്രസ്റ്റ് എന്ന സ്ഥാപനത്തെ അര ഡസനോളം കമ്പനികളായി വിഭജിച്ചു.

ഭീഷണിപ്പെടുത്തി രാജിവെപ്പിച്ച ജീവനക്കാരില്‍ ചിലരെ അവിടെ താല്‍ക്കാലിക ജീവനക്കാരായി എടുത്തിരിക്കയാണ്. ഇതിനെതിരെ കേരളത്തിലെ വാര്‍ത്താ വ്യവസായത്തിലെ ട്രേഡ് യൂനിയനുകളായ ദ് ന്യൂ ഇന്ത്യന്‍ എകസ്പ്രസ് എംപ്ലോയീസ് അസോസിയേഷന്‍-സി.ഐ.ടി.യു, കേരള ന്യൂസ് പേപ്പര്‍ ജീവിതംഎംപ്ലോയീസ് യൂനിയന്‍ എന്നിവ സമരംരംഗത്തുണ്ട്. തിരുവോണ ദിനത്തില്‍്യ മാധ്യമം ജീവനക്കാര്‍ കോഴിക്കോട് മുതലക്കുളം മൈതാനിയില്‍ സമരവും നടത്തിയിരുന്നു.

ഗള്‍ഫ് മാധ്യമം ഉള്‍പ്പെടെയുള്ള വിദേശ എഡിഷനുകളില്‍ നിന്നും ഇന്ത്യന്‍ എഡിഷനുകളില്‍ നിന്നും ലഭിച്ചിരുന്ന വലിയ പരസ്യ-സര്‍ക്കുലേഷന്‍ വരുമാനങ്ങള്‍ കൃത്യമായി പത്രത്തിന്റെയോ ജീവനക്കാരുടെയോ ആവശ്യങ്ങള്‍ക്കായി ഉപയോഗിച്ചില്ല. പകരം മാനേജ്മെന്റിന് താല്പര്യമുള്ള മറ്റ് ആവശ്യങ്ങളിലേക്ക് വകമാറ്റിയതാണ് പെട്ടെന്നുള്ള പ്രതിസന്ധിക്ക് കാരണമായി ജീവനക്കാര്‍ പറഞ്ഞത്. സാധാരണ ജീവനക്കാര്‍ക്ക് മാസങ്ങളായി ശമ്പളം നല്‍കാതിരിക്കുമ്പോഴും, മാനേജ്മെന്റിന്റെ ഉന്നത തലപ്പത്തുള്ളവര്‍ക്കും ട്രസ്റ്റ് ഭാരവാഹികള്‍ക്കും വന്‍ തുകകളും ആനുകൂല്യങ്ങളും കൃത്യമായി ലഭിക്കുന്നുണ്ടെന്നും ഇത് ധൂര്‍ത്താണെന്നും ജീവനക്കാര്‍ ആരോപിക്കുന്നു.
പത്രത്തിന് പ്രതിസന്ധിയുണ്ടെന്ന് വരുത്തിത്തീര്‍ത്ത് ജീവനക്കാരുടെ എണ്ണം 850-ല്‍ നിന്നും മുന്നൂറിലേക്ക് വെട്ടിച്ചുരുക്കാനും, ആനുകൂല്യങ്ങള്‍ നല്‍കാതെ ജീവനക്കാരെ നിര്‍ബന്ധിതമായി പിരിച്ചുവിടാനും മാനേജ്മെന്റ് ബോധപൂര്‍വ്വം സാമ്പത്തിക പ്രതിസന്ധി സൃഷ്ടിക്കുകയാണെന്നും ജീവനക്കാരുടെ ഭാഗത്തുനിന്ന് ആക്ഷേപമുണ്ട്.

ദീര്‍ഘവീക്ഷണമില്ലാത്ത ചില ബിസിനസ് പരീക്ഷണങ്ങളും തെറ്റായ സാമ്പത്തിക മാനേജ്മെന്റുമാണ് തകര്‍ച്ചക്ക് ആക്കം കുട്ടിയത് എന്നാണ് ജീവനക്കാരുടെ സംഘടനകള്‍ പറയുന്നത്. മാനേജ്‌മെന്റിന്റെ ഇഷ്്ക്കാരായ ഒരുപറ്റം ആളുകള്‍ കട്ടുമുടിച്ചാണ് സ്ഥാപനത്തെ പാപ്പരാക്കിയതെന്ന് അവര്‍ പറയുന്നു. എന്നാല്‍ ഡിജിറ്റല്‍ യുഗത്തിന്റെ വരവോടെ പത്രങ്ങളുടെ സര്‍ക്കുലേഷനിലും പരസ്യ വരുമാനത്തിലും വലിയ ഇടിവുണ്ടായെന്നാണ് മാനേജ്മെന്റ് പറയുന്നത്. കോവിഡ് കാലത്തിനുശേഷം ഗള്‍ഫ് മേഖലയിലടക്കം പത്രത്തിന്റെ വരുമാന സ്രോതസ്സുകളില്‍ ഗണ്യമായ കുറവുണ്ടായി എന്നുമാണ് മാനേജ്‌മെന്റ് പറയുന്നത്.

ഒരു പത്രം അഞ്ചു കമ്പനികളായി

ഈയിടെമാത്രമാണ്, മാധ്യമം പത്രം അഞ്ച് ലിമിറ്റഡ് ലയബിലിറ്റി പാര്‍ട്ണര്‍ഷിപ്പുകള്‍ ആക്കിയത് അവര്‍ പരസ്യപ്പെടുത്തിയത്. ജമാ അത്തെ ഇസ്ലാമി കേരള അമീര്‍ ചെയര്‍മാന്‍ ആയി ഉണ്ടാക്കിയ ഐഡിയല്‍ പബ്‌ളിക്കേഷന്‍ ട്രസ്റ്റ് (ഐ.പി.ടി) എന്ന നോണ്‍ പ്രോഫിറ്റ് ട്രസ്റ്റ് ഇനി കേവലം മാത്രമായി. ഈ ട്രസ്റ്റ് നടത്തുന്ന മാധ്യമം എന്ന ന്യൂസ് ബ്രാന്റും അതിന്റെ പേരില്‍ നടത്തിയിരുന്ന പ്രവര്‍തനങ്ങളും മാധ്യമം പ്രിന്റിംഗ് & പബ്‌ളിഷിംഗ്, മാധ്യമം കാപിറ്റല്‍ റിസോഴ്‌സസ് , മാധ്യമം കാപിറ്റല്‍ എന്റര്‍പ്രൈസസ്, മാധ്യമം കാപിറ്റല്‍ ഇനിഷ്യേറ്റീവ്സ്, മിഫ്രണ്ട് ബിസിനസ് സൊലൂഷന്‍സ് എന്നീ ലിമിറ്റഡ് ലയബിലിറ്റി പാര്‍ട്ട്ണര്‍ഷിപ്പുകള്‍ ആക്കി മാറ്റിയത് ആ ഗസ്റ്റ് 31-ന് പരസ്യമായി പ്രഖ്യാപിച്ച് കൊണ്ട് കോഴിക്കോട് വെള്ളിമാട് കുന്നിലെ ഹെഡ് ഓഫീസില്‍ ബോര്‍ഡുകള്‍ സ്ഥാപിച്ചു. 2020 ജൂലൈ മുതല്‍ ആരംഭിച്ച ഇക്കാര്യം ഇത് വരെ ജമാഅത്തെ ഇസ്ലാമിയോ മാധ്യമം പത്രത്തിന്റെ അധികൃതരോ വെളിപ്പെടുത്തിയിരുന്നില്ല. ഇക്കഴിഞ്ഞ 24 ന് മാധ്യമത്തിലെ ശമ്പള കുടിശികയെ കുറിച്ച് തൊഴില്‍ മന്ത്രിയുടെ മധ്യസ്ഥതയില്‍ നടന്ന ചര്‍ച്ചയില്‍ പോലും മാനേജ്‌മെന്റോ തൊഴിലാളികളോ ഇക്കാര്യം സൂചിപ്പിക്കുക പോലും ചെയ്തിരുന്നില്ല.

മാധ്യമം പത്രം ഐ.പി.ടി നടത്തും. സ്ഥിരം തൊഴിലാളികള്‍ അതില്‍ ആയിരിക്കും. വീക്ക്‌ലി, വാര്‍ഷിക പതിപ്പ് തുടങ്ങിയ അതിന്റെ കോ പ്രെഡക്ടസ് മാധ്യമം പ്രിന്റിംഗ് & പബ്‌ളിഷിംഗ് കമ്പനിയുടെ പേരിലാകും. മിഫ്രണ്ട് എല്‍എല്‍പി, പത്രത്തിന്റെ മാസ്റ്റ് ഹെഡ് വെച്ച് പരസ്യം പിടിക്കുക, പത്രത്തിന്റെ നിരവധി ആഘോഷ വരുമാന പദ്ധതികള്‍ സംഘടിപ്പിക്കുക എന്നിവ ചെയ്യും. തൊഴിലാളികള്‍ നഷ്ടക്കമ്പനിയിലും, ലാഭം കിട്ടുന്നവയെല്ലാം മറ്റിടുത്തുമായാണ് ക്രമീകരിച്ചിരിക്കുന്നത്.
ഇതെല്ലാം കടലാസ് കമ്പനികളാണ് എന്നാണ് വേറെകാര്യം. ഒറ്റ ഫോണ്‍ നമ്പറില്‍ ഒരിടത്ത് നിന്ന് ഒരേ വിലാസത്തില്‍ ഓപ്പറേറ്റ് ചെയ്യൂന്ന ഈ അഞ്ചെണ്ണവും അതിന്റെ പഴയ ട്രസ്റ്റ് സ്വഭാവം മാറ്റിയിരിക്കയാണ്്. ട്രസ്റ്റ് രൂപത്തില്‍ ഓടുന്ന ഓള്‍ട്ടര്‍നേറ്റീവ് ഇന്‍വസ്റ്റമെന്റ് ഫണ്ടുകള്‍ വാണിജ്യാധിഷ്ഠിത പങ്ക് കച്ചവടം ആക്കുന്നതിന് ഇന്ത്യന്‍ നിയമങ്ങള്‍ അനുകൂലമല്ല എന്ന് തൊഴിലാളികള്‍ ചൂണ്ടിക്കാട്ടുന്നു. എന്നിട്ടും ഈ അനീതിക്കെതിരെ ഒരു നടപടിയും എടുക്കാന്‍ കഴിയുന്നില്ല.

Share This Article