സവര്‍ക്കറെ പുകഴ്ത്തൽ: അധ്യാപകന്റെ സസ്‌പെന്‍ഷന് സ്റ്റേ

insight kerala

കൊച്ചി: കാസര്‍കോട് നടന്ന ക്വിസ് മത്സരത്തില്‍ സവര്‍ക്കറെ പുകഴ്ത്തുന്ന ചോദ്യാവലി തയ്യാറാക്കിയ സംഭവത്തിൽ അധ്യാപകൻ്റെ സസ്‌പെന്‍ഷന്‍ സ്റ്റേ ചെയ്ത് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. കാസർകോട്ടെ മഞ്ചേശ്വരം, കുമ്പള, കാസര്‍കോട് ഉപജില്ലകളിലെ സ്‌കൂളുകളിലേക്ക് വിദ്യാഭ്യാസ വകുപ്പ് നല്‍കിയ ചോദ്യാവലിയിൽ വി ഡി സവർക്കറെ കുറിച്ചുള്ള ചോദ്യം ഉൾപ്പെടുത്തിയ ഗുരുപ്രസാദ് റായ്‌ക്കെതിരെയുള്ള നടപടിക്കാണ് സ്റ്റേ. ഒരു മാസത്തേക്കാണ് അധ്യാപകന്റെ സസ്‌പെന്‍ഷന്‍ കോടതി തടഞ്ഞത്. അതേസമയം അധ്യാപകനെതിരെ അച്ചടക്ക നടപടി സര്‍ക്കാരിന് തുടരാമെന്ന് കോടതി വ്യക്തമാക്കി.ക്വിസ് മത്സരത്തില്‍ സവര്‍ക്കറെ പുകഴ്ത്തുന്ന ചോദ്യാവലി തയ്യാറാക്കിയതിന് സസ്പെൻഡ് ചെയ്ത നടപടി ചോദ്യം ചെയ്ത് കാസര്‍കോട് പള്ളത്തടുക്ക എയുപി സ്‌കൂള്‍ അധ്യാപകനായ ഗുരുപ്രസാദ് റായ് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ജില്ലയിലെ കുമ്പള, മഞ്ചേശ്വരം ഉപജില്ലകളില്‍ നടന്ന എല്‍പി വിഭാഗം സോഷ്യല്‍സയന്‍സ് ക്ലബ് ഫ്രീഡം ക്വിസ് 2026 മത്സരത്തിനായി തയ്യാറാക്കിയ ചോദ്യാവലിയിലെ ചോദ്യവും ഉത്തരവുമാണ് നടപടിയിലേയ്ക്ക് നയിച്ചത്.  ബ്രിട്ടീഷുകാരുടെ കയ്യിൽ നിന്ന് ഏറ്റവും കൂടുതൽ ശിക്ഷ ലഭിച്ച സ്വാതന്ത്ര്യ സമര സേനാനി എന്ന ചോദ്യത്തിന് വി ഡി സവർക്കർ എന്നായിരുന്നു ഉത്തരസൂചികയിൽ നൽകിയത്.

ക്വിസ് മത്സരത്തിനുള്ള ചോദ്യപേപ്പര്‍ വിദ്യാഭ്യാസ വകുപ്പിലെ എഇഒയ്ക്ക് ഓഗസ്റ്റ് ഒന്നിന് തന്നെ അയച്ചു കൊടുത്തിരുന്നെന്നും എന്നാല്‍ തനിക്കെതിരെ മാത്രമാണ് നടപടി ഉണ്ടായതെന്നും അധ്യാപകന്‍ കോടതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. എന്നാല്‍ രാഷ്ട്രീയമോ ആശയപരമോ ആയ കാരണങ്ങളാലല്ല, മറിച്ച് ഔദ്യോഗിക കൃത്യവിലോപത്തിനാണ് അധ്യാപകനെതിരെ നടപടി എടുത്തതെന്നായിരുന്നു സര്‍ക്കാര്‍ വാദം.

Share This Article