ആസൂത്രണ ബോർഡിലെ നിയമനവുമായി ബന്ധപ്പെട്ട പി എസ് സി റാങ്ക് പട്ടികയിലെ വിവരങ്ങൾ പ്രസിദ്ധീകരിക്കണമെന്ന വിവരാവകാശ കമ്മീഷൻ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു. പി എസ് സി സമർപ്പിച്ച ഹർജി പരിഗണിച്ചാണ് സ്റ്റേ.
റാങ്കു പട്ടികയിലെ ഒന്നും രണ്ടും സ്ഥാനക്കാരുടെ മാർക്ക് ഉൾപ്പെടെയുള്ള വ്യക്തിഗത വിവരങ്ങൾ കൈമാറാനുള്ള കമ്മീഷൻ ഉത്തരവ് ചോദ്യം ചെയ്താണ് പി എസ് സി ഹൈക്കോടതിയെ സമീപിച്ചത്. ഉത്തരവ് അടിയന്തിരമായി സ്റ്റേ ചെയ്യണമെന്നായിരുന്നു ഹർജിയിലെ ആവശ്യം. കമ്മീഷൻ ഉത്തരവ് ഒരു മാസത്തേക്ക് സ്റ്റേ ചെയ്ത കോടതി പരാതിക്കാരനായ മൂന്നാം റാങ്കുകാരന് നോട്ടീസ് അയച്ചു.
ഹർജിയിൽ പിന്നീട് വിശദമായ വാദം കേൾക്കും. ഉദ്യോഗാർത്ഥികളുടെ വ്യക്തിഗത വിവരങ്ങൾ വിവരാവകാശ നിയമത്തിൻ്റെ പരിധിയിൽ വരില്ലെന്നായിരുന്നു പി എസ് സി യുടെ വാദം.

