മത്സ്യതൊഴിലാളികളെ കടലിൽ കാണാതായി 11 ദിവസം പിന്നിട്ടിട്ടും ഫിഷറീസ് മന്ത്രി തിരിഞ്ഞുനോക്കിയില്ല എന്ന വിമർശനം ശക്തമാകുന്നതിനിടയാണ് മന്ത്രി വി അബ്ദുൽ ഗഫൂർ സന്ദർശനം നടത്തിയത്. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയ്ക്ക് ഒപ്പമാണ് അബ്ദുൽ ഗഫൂർ എത്തിയത്. വിഴിഞ്ഞത്ത് മത്സ്യബന്ധനത്തിനിടെ കാണാതായ പുല്ലുവിള സ്വദേശി ജോണിന്റെ വീട്ടിലാണ് മന്ത്രിമാർ സന്ദർശിച്ചത്. ജോണിന്റെ കുടുംബവുമായി അരമണിക്കൂറിൽ അധികം മന്ത്രിമാർ സംസാരിച്ചു. കുടുംബത്തിൻറെ പരാതിയും ആശങ്കകളും പരിഹരിക്കാൻ അടിയന്തര നടപടി സ്വീകരിക്കുമെന്ന് ഉറപ്പുനൽകി.
തിരച്ചിൽ പൂർത്തിയാക്കി ജീവനോടെ ജോണിനെ മടക്കി കൊണ്ട് വരാനാണ് ശ്രമിക്കുന്നതെന്നു രമേശ് ചെന്നിത്തല പറഞ്ഞു. ആദ്യ ഘട്ടത്തിൽ തിരച്ചിൽ നടക്കില്ലെന്നു ജോണിന്റെ മകൾ ജിജി പറഞ്ഞു. തിരച്ചിൽ ഊർജിതമാണെന്നും
സർക്കാർ ഒപ്പമുണ്ടെന്നും ഫിഷറീസ് വകുപ്പ് മന്ത്രി അറിയിച്ചു.
മുഖ്യമന്ത്രിയുടെയും കെ മുരളീധരന്റെയും പരാമർശം വേദന ഉണ്ടാക്കിയെന്നു ജിജി മന്ത്രിമാരോട് പരാതി അറിയിച്ചു. വിഷമം മനസിലാക്കുന്നെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.
“കുടുംബത്തിൻ്റെ വേദനയിൽ പങ്ക് ചേരുന്നു. വേദനാജനകമായ അന്തരീക്ഷം. കുടുംബത്തിന് നഷ്ടമായത് പ്രിയപ്പെട്ടത്. പ്രതീക്ഷ നഷ്ടപ്പെടാതെ തിരച്ചിൽ നടക്കുന്നു. കടൽ പരിചയമുള്ള പ്രാദേശിക മത്സ്യതൊഴിലാളികളെ ചേർത്ത് നിർത്തിയാണ് തിരച്ചിൽ”. രമേശ് ചെന്നിത്തല പറഞ്ഞു
“ഗോൾഡൻ അവറിൽ നടത്തേണ്ട കാര്യം കുടുംബം പറഞ്ഞു. അതിനു വേണ്ട ഒരു SOP ഉടൻ ക്രമീകരിക്കും. വകുപ്പ് തലത്തിൽ ചർച്ചകൾ നടത്തുന്നുണ്ട്. മത്സ്യ തൊഴിലാളികൾക്കുള്ള വാർണിങ് കുറച്ചു കൂടി സ്പെസിഫിക്ക് ആക്കും. കുടുംബം ഉന്നയിച്ച ആവശ്യങ്ങൾ നിലവിൽ ചർച്ച നടത്തുന്ന വിഷയങ്ങളാണ്. സംസ്ഥാന സർക്കാരിന് കോസ്റ്റ് ഗാർഡിൽ നേരിട്ട് കൺട്രോൾ ഇല്ല. സംസ്ഥാന സർക്കാരുമായി സഹകരിക്കുന്നുണ്ട്. കേന്ദ്ര സർക്കാരുമായി സംസാരിക്കും.”
“കോസ്റ്റ് ഗാർഡിന്റെ വൈകൽ. അവർക്ക് ഒരു പ്രോസീജറിന്റെ വൈകലുണ്ട്. അതാണ് ഗോൾഡൻ അവറിലെ പ്രശ്നം.കേന്ദ്ര സർക്കാരുമായി സംസാരിക്കും.മാറ്റങ്ങൾ ഉണ്ടാകും. മറൈൻ ആംബുലൻസിൻ്റെ കാര്യത്തിൽ അലൈൻമെന്റ് തന്നെ പ്രശ്നമെന്നു പറയുന്നു. ചില മാറ്റങ്ങൾ വരുത്തും. മുഖ്യമന്ത്രി തീര പ്രദേശവുമായി അടുപ്പം ഉള്ള ആൾ ആണ്. മുഖ്യമന്ത്രി അപമാനിച്ചിട്ടില്ല”. ചെന്നിത്തല പറഞ്ഞു .
“SOP ഉൾപ്പടെയുള്ള വിഷയങ്ങൾ മന്ത്രിമാരോട് പറഞ്ഞിട്ടുണ്ട്. അവർക്ക് ഗൗരവം മനസ്സിലായിട്ടുണ്ട്. sop രണ്ടു ആഴ്ചയ്ക്കുള്ളിൽ വരും. ഡിജിറ്റലൈസിംഗ് വേഗത്തിലാക്കും. മുഖ്യമന്ത്രി മാപ്പ് പറയണം എന്ന നിലപാടിൽ ഉറച്ചു നിൽക്കുന്നു. അത്തരം പരാമർശങ്ങൾ ആ കസേരയിൽ ഇരുന്നു പറയരുത്. ഒരു കമ്മ്യൂണിറ്റിയെ ഒന്നാകെ ബാധിക്കുന്ന പ്രശ്നം. മുഖ്യമന്ത്രിയുടെ അധിക്ഷേപ പരാമർശത്തിൽ ആഭ്യന്തര മന്ത്രിക്ക് വിഷമമുണ്ട്. ഇനിയെങ്കിലും മുഖ്യമന്ത്രി പരാമർശം നടത്തുമ്പോൾ ഒരു വിഭാഗം ആളുകളെ ആക്ഷേപിക്കരുത്. മുഖ്യമന്ത്രി ഇവിടേക്ക് വരണമെന്ന് പറയുന്നില്ല. പറയുന്ന കാര്യങ്ങൾ കേൾക്കാൻ സർക്കാർ തയ്യാറാകുന്നുണ്ട്. അതിൽ വിശ്വസിക്കുക അല്ലാതെ വേറെ വഴി ഇല്ലല്ലോ. റസ്ക്യു ഓപ്പറേഷൻ അടുത്ത ഘട്ട പ്രവർത്തനങ്ങളിൽ കൂടുതൽ ശ്രദ്ധ വരുത്തണം.” ജോണിന്റെ മകൾ ജിജി പറഞ്ഞു.

