കൊച്ചി : മഴക്കെടുതിയിൽ നാട് വിറങ്ങലിച്ചു നിൽക്കുമ്പോൾ മുഖ്യമന്ത്രി ഹെലികോപ്റ്റർ യാത്ര നടത്തിയതും പൊന്നാനിയിൽ ലീഗ് നേതാവിന്റെ വീട്ടിൽ വിരുന്നുണ്ണാൻ പോയതും വ്യാപക വിമർശനത്തിന് ഇടയാകുമ്പോൾ വിശദീകരണവുമായി മുഖ്യമന്ത്രി രംഗത്ത് വന്നിരുന്നു. മുഖ്യമന്ത്രിയുടെ വിശദീകരണത്തെ പരിഹസിച്ചു കൊണ്ടാണ് ഇപ്പോൾ മുൻമന്ത്രി പി രാജീവ് രംഗത്ത് വന്നിരിക്കുന്നത്. ഹെലികോപ്റ്ററിൽ യാത്ര ചെയ്തത് സ്വകാര്യ ആവശ്യത്തിനായിരുന്നില്ല എന്നും കൊച്ചിയിൽ നിക്ഷേപകരെ കാണാൻ വേണ്ടിയാണ് എന്നുമാണ് മുഖ്യമന്ത്രി വിശദീകരിച്ചത്. എന്നാൽ ഏതു നിക്ഷേപകരെ കാണാനാണ് എന്നും എന്തിനാണ് തിടുക്കത്തിൽ യാത്ര ചെയ്തതെന്നും പി രാജീവ് ചോദിച്ചു. ഗ്യാലറിയിൽ നിന്ന് പറയും പോലെയല്ല കളത്തിൽ ഇറങ്ങുന്നത് എന്ന പരിഹാസവും മുഖ്യമന്ത്രിക്ക് നേരെ പി രാജീവ് നടത്തി. നിക്ഷേപകരെ എന്തിന് ഒറ്റയ്ക്ക് കണ്ടു എന്നും പി രാജീവ് ചോദിച്ചു.
ഭാര്യ പിതാവിനെ ആശുപത്രിയിൽ സന്ദർശിക്കാനും ഒരു സ്വകാര്യ സ്ഥാപനത്തിൻറെ ഉദ്ഘാടന ചടങ്ങിനുമായി ഹെലികോപ്റ്ററിൽ മുഖ്യമന്ത്രി തിരുവനന്തപുരം കൊച്ചിയിലേക്ക് പുറപ്പെട്ടു എന്നാണ് വാർത്തകൾ പുറത്തുവന്നത്. പ്രളയ സമയത്ത് നാടുമുഴുവൻ ദുരിതത്തിൽ മുങ്ങിയപ്പോൾ മുഖ്യമന്ത്രി ഹെലികോപ്റ്ററിൽ സ്വകാര്യയാത്ര നടത്തിയെന്ന് വിമർശനമാണ് ശക്തമായത്. എന്നാൽ നിക്ഷേപകരെ കാണാൻ വേണ്ടിയെന്ന വാദം നിരത്തി മുഖ്യമന്ത്രി വിമർശനത്തെ നേരിട്ടപ്പോൾ ആ വാദം കളവാണെന്ന് ചൂണ്ടിക്കാട്ടുകയാണ് പ്രതിപക്ഷം .
