പത്തനംതിട്ട : കനത്ത മഴയിൽ പത്തനംതിട്ട റാന്നി ടൗൺ മുങ്ങി. ടൗണിൽ അരയ്ക്കൊപ്പം വെള്ളം ഉയർന്നു. ടൗണിലെ വീടുകളിലും കടകളിലും വെള്ളം കയറി. ആളുകളെ ബന്ധുവീടുകളിലേക്കും ദുരിതാശ്വാസ ക്യാംപുകളിലേക്കും മാറ്റി. വെള്ളം കയറിയ കടകളിൽ നിന്ന് സാധനങ്ങൾ ഒഴിപ്പിക്കുന്നു. വെള്ളം കയറിയതിനെ തുടർന്ന് ഗതാഗതം തടസ്സപ്പെട്ടു. റാന്നിയിൽ കൂടുതൽ സുരക്ഷാക്രമീകരണങ്ങൾ ഏർപ്പെടുത്തുമെന്നും ക്യാംപുകൾ തുറക്കുമെന്നും അബിൻ വർക്കി എംഎൽഎ അറിയിച്ചു. നിലവിൽ സ്ഥിതിഗതികൾ നിയന്ത്രണവിധേയമാണെന്നും അദ്ദേഹം വ്യക്തമാക്കി.
2018ലെ പ്രളയത്തിലും ടൗൺ മുങ്ങിയിരുന്നു. റാന്നി മേഖലയിൽ കഴിഞ്ഞ ദിവസം അതിതീവ്ര മഴയാണു ചെയ്തതെന്നു കലക്ടർ എ. നിസാമുദീൻ അറിയിച്ചു. 300 മില്ലിമീറ്റർ വരെ മഴയാണു ചെയ്തത്. ഇതോടെ വലിയ തോതിൽ വെള്ളം ഒഴുകിയെത്തുകയായിരുന്നു. റാന്നിയിൽ നിന്ന് വെള്ളം ആറന്മുമുള ഭാഗത്തേക്ക് എത്താൻ സാധ്യതയുള്ളതിനാൽ പള്ളിയോടങ്ങൾക്ക് കലക്ടർ ജാഗ്രതാ നിർദേശം നൽകി.
പത്തനംതിട്ട ജില്ലയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം, ജില്ലയിലെ എവിടെയും ഉരുൾപൊട്ടൽ സ്ഥിരീകരിച്ചിട്ടില്ലെന്ന് കലക്ടർ അറിയിച്ചു. മണ്ണിടിച്ചിൽ ആണ് ഉണ്ടായതെന്നാണ് നിഗമനം. ശബരിമല റോഡിൽ കണമല അട്ടിവളവിൽ റോഡിലേക്ക് മണ്ണിടിഞ്ഞ് ഗതാഗത തടസ്സമുണ്ടായി. മൂഴിയാർ ഡാം ഭാഗികമായി തുറന്നു. മണിയാർ ഡാമിലെ ഷട്ടറുകൾ അറ്റകുറ്റപ്പണിക്കായി തുറന്നിട്ടിരിക്കുകയാണ്. മണിമലയാറ്റിൽ ജലനിരപ്പ് ഉയർന്നു. അച്ചൻകോവിലാർ കര കവിഞ്ഞു. അട്ടച്ചാക്കൽ ഭാഗത്ത് റോഡിൽ വെള്ളം കയറി. ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് (ഓഗസ്റ്റ് 1, ശനി) അവധി പ്രഖ്യാപിച്ചിട്ടുണ്ട്

