തിരുവനന്തപുരം: ശബരിമലയിലേക്കുള്ള നെയ്യിൽ മായം ചേർത്ത സംഭവത്തിൽ ക്രൈംബ്രാഞ്ച് അന്വേഷണം വേണമെന്നാണ് ദേവസ്വം ആവശ്യപ്പെടുന്നത്. കൃത്രിമം എവിടെവച്ച് നടന്നുവെന്ന് കണ്ടെത്താൻ ആകുന്നില്ല. മിൽമയുടെ പായ്ക്ക് ചെയ്ത കവറിലാണ് നെയ്യ് എത്തിയത്. പമ്പയിൽ വച്ച് മാറ്റിയതാകാം . നിലവിൽ ദേവസ്വം വിജിലൻസ് ആണ് അന്വേഷണം നടത്തിയത്. എന്നാൽ വിശദമായ അന്വേഷണത്തിന് ക്രൈംബ്രാഞ്ച് തന്നെ വേണമെന്നാണ് ആവശ്യപ്പെടുന്നത്.
മുപ്പത് ബാച്ചുകളിലായി സന്നിധാനത്തേക്ക് എത്തിച്ച ഒന്നര ലക്ഷത്തിലേറെ ലീറ്റര്‍ നെയ്യില്‍ ആറ് ബാച്ചുകളിലെ സാംപിള്‍ മാത്രമാണ് പമ്പയില്‍ ഫുഡ് സേഫ്റ്റി ഉദ്യോഗസ്ഥര്‍ പരിശോധിച്ചത്. ഗുണനിലവാരമുണ്ടെന്ന് അറിയിപ്പ് ലഭിക്കാതെ സന്നിധാനത്തേക്ക് കടത്തിവിടാന്‍ പാടില്ലെന്ന ചട്ടം ഉദ്യോഗസ്ഥ ഒത്താശയില്‍ മറികടന്നതായി സംശയിക്കുന്നുവെന്നും ദേവസ്വം സെക്രട്ടറി എം.ജി രാജമാണിക്യം മന്ത്രി കെ.മുരളീധരന് നല്‍കിയ റിപ്പോര്‍ട്ടിലുണ്ട്.
അയ്യായിരം ലീറ്റര്‍ വീതം മുപ്പത് ലോഡുകളിലായി ഒന്നര ലക്ഷത്തിലേറെ ലീറ്റര്‍ നെയ്യ്. ഓരോ ലോഡിനും സാംപിള്‍ പരിശോധിക്കണമെന്ന് നിര്‍ബന്ധമുള്ളപ്പോള്‍ ഫുഡ് സേഫ്റ്റിയുടെ രേഖകള്‍ പ്രകാരം പരിശോധിച്ചിട്ടുള്ളത് മുപ്പതിന് പകരം ആറ് ലോഡിലെ സാംപിള്‍ മാത്രം. ഓരോ ബാച്ചിലെയും സാംപിള്‍ തിരുവനന്തപുരത്തെ ലാബില്‍ പരിശോധിച്ച് ഗുണനിലവാരം ഉറപ്പാക്കിയ ശേഷം മാത്രം സന്നിധാനത്തേക്ക് കടത്തിവിടുകയെന്ന പതിവ് നടപ്പായില്ല. പേരിന് സാംപിള്‍ ശേഖരിക്കുന്നു. നെയ്യ് സന്നിധാനം ലക്ഷ്യമാക്കി മലകയറുന്നു. സഹായിക്കാന്‍ മില്‍മ, ദേവസ്വം ബോര്‍ഡ് ഉദ്യോഗസ്ഥര്‍ കൈകോര്‍ത്തുവെന്ന് റിപ്പോര്‍ട്ടിലുണ്ട്. ദേവസ്വം വിജിലന്‍സും സമാനമായ കണ്ടെത്തലാണ് നടത്തിയത്.

