special report
എം മാധവദാസ്
പശ്ചിമേഷ്യന്‍ യുദ്ധവും ഹോര്‍മുസിലെ പ്രതിസന്ധിയുമൊക്കെ ലോകാത്താകെ ദുരതിങ്ങള്‍ വിതക്കയാണ്. ഇന്ത്യയിലടക്കം ഇതിലൂടെ വിലക്കയറ്റം വന്നുകഴിഞ്ഞു. അമേരിക്കയിലും വിലക്കയറ്റമുണ്ട്. ട്രംപിന്റെ ജനപ്രീതിയും കുത്തനെ ഇടിയുകയാണ്.
പക്ഷേ ഇതുകൊണ്ട് അതിനേക്കാള്‍ ഏറെ ദുരിതം പേറുന്നത് ഇറാനാണ്. ഭീകരമാണ് അവിടുത്തെ വിലക്കയറ്റം.
ഒരു ചായകുടിക്കണമെന്ന് തോന്നിയാല്‍ 82 രൂപ കൊടുക്കേണ്ടി വരുന്ന ഒരു രാജ്യത്തിന്റെ അവസ്ഥ എന്തായിരിക്കും! അതിഭീകരമായ സാമ്പത്തിക തകര്‍ച്ചയിലൂടെയാണ്, കേരളത്തിലടക്കം പല ഇസ്ലാമിസ്റ്റുകളും സ്വര്‍ഗരാജ്യമായി കണക്കാക്കുന്ന, ഷിയാ കാര്‍ക്കശ്യത്തിന്റെ അവസാനവാക്കായ ഇറാന്‍ കടന്നുപോവുന്നത്. മൂല്യം കുത്തനെ ഇടിഞ്ഞ് ഇടിഞ്ഞ് ഒരു ഇന്ത്യന്‍ രൂപ കിട്ടാന്‍ 435 ഇറാന്‍ റിയാല്‍ കൊടുക്കണം എന്ന അവസ്ഥ വന്നിരിക്കയാണ്. അതായത് നമ്മുടെ നൂറുരൂപയെന്നാല്‍, ഇറാനിലെ 43,500 റിയാലാണ്. അങ്ങനെ കണക്ക് കൂട്ടുമ്പോഴാണ് ഒരു ചായക്ക് 82 രൂപയും, ഒരു കിലോ അരിക്ക് 200 രൂപയും വരുന്നത്. കഴിഞ്ഞ വര്‍ഷവുമായി തട്ടിച്ചുനോക്കുമ്പോള്‍ 52 ശതമാനമാണ് വിലക്കയറ്റം. അതായത് കഴിഞ്ഞ വര്‍ഷം 100രൂപയുണ്ടായിരുന്നു, ഒരു സാധനത്തിന് ഇന്ന് 152 രൂപ കൊടുക്കണം!

വിലക്കയറ്റം താങ്ങാനാവതെ വ്യാപാരികള്‍ കടകള്‍ക്ക് ഷട്ടറിടുകയാണ്. ചില ഭക്ഷ്യവസ്തുക്കളുടെ വില മൂന്‍വര്‍ഷത്തേക്കള്‍ 72 ശതമാനം കൂടികഴിഞ്ഞു. മരുന്ന് വില 50 ശതമാനവും ഉയര്‍ന്നു. ഡോളറിനെതിരെ റിയാലിന്റെ മൂല്യം 14,00,000 എന്ന പുതിയ റെക്കോര്‍ഡ് എന്ന നിലയിലേക്ക് താഴ്ന്നിരുന്നു. അതായത് ഒരു യുഎസ് ഡോളര്‍ കിട്ടണമെങ്കില്‍ 14 ലക്ഷം ഇറാനിയന്‍ റിയാല്‍ കൊടുക്കണം! ലോകത്ത് ഏറ്റവും മൂല്യമിടിഞ്ഞ കറന്‍സികളില്‍ ഒന്നായി ഇറാന്‍ റിയാല്‍ മാറിയിരിക്കയാണ്. കടുത്ത സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ നോട്ടിലെ പൂജ്യം വെട്ടുക എന്ന അറ്റകൈവരെ അവര്‍ പ്രയോഗിച്ചു കഴിഞ്ഞു. എന്നിട്ടും പ്രശ്‌നം തീരുന്നില്ല. വില വാണം വിട്ടപോലെ ഉയരുകയാണ്. വിമാനങ്ങളൊക്കെ ഒരാഴ്ചക്ക്മുന്നേ അങ്ങാട്ടുമിങ്ങോട്ടും ബുക്ക് ചെയ്യുന്ന രീതി ഇപ്പോള്‍ അനുവദിക്കുന്നില്ല. കാരണം അഡ്വാന്‍സ്ബുക്ക് ചെയ്താല്‍, ഒരാഴ്ചക്കുള്ളില്‍ കറന്‍സിയുടെ വില എങ്ങനെയാണ് ഇടിയുക എന്ന് പ്രവചിക്കാന്‍ കഴിയില്ല. ആ തുക കൂടി കൊടുക്കണം എന്ന നിബന്ധനയോടെയാണ് ഇപ്പോള്‍ എയര്‍ലൈന്‍ ബുക്കിങ്ങടക്കം നടക്കുന്നത്. പലയിടത്തും ഇറാന്‍ റിയാല്‍ എടുക്കതായി. പകരം ട്രാന്‍സാക്ഷന്‍ ഡോളറിലായി.
സാമ്പത്തിക രംഗം ആകെ തകര്‍ന്നതോടെ ഇറാനിലെ ധനമന്ത്രി രാജിവെച്ചിരുന്നു. പിന്നാലെ സെന്‍ട്രല്‍ ബാങ്ക് തലവന്‍ മുഹമ്മദ് റെസയും രാജിവച്ചു. പക്ഷേ അപ്പോഴേക്കും ജനം തെരുവില്‍ ഇറങ്ങിയിരുന്നു. 2025 ഡിസംബര്‍ 27 മുതലാണ് ഇറാനിലെ തെരുവുകള്‍ ജനകീയ പ്രതിഷേധത്താല്‍ കലുഷിതമായത്. ടെഹ്റാനില്‍ ആരംഭിച്ച പ്രതിഷേധം പിന്നീട് മറ്റിടങ്ങളിലേക്ക് കൂടി വ്യാപിക്കുകയായിരുന്നു. വ്യാപാരികള്‍ തുടങ്ങിവെച്ച സമരം, യുവജനങ്ങള്‍ ഏറ്റെടുക്കയായിരുന്നു. പക്ഷേ ഈ സമരത്തെ അമ്പതിനായിരത്തോളം പേറെ കൊന്നെടുക്കി ഇറാന്‍ അവസാനിപ്പിക്കയായിരുന്നു.
50% പേരും ദാരിദ്ര്യരേഖയ്ക്ക് താഴെ

ഔദ്യോഗിക റിപ്പോര്‍ട്ടുകള്‍ പ്രകാരം, ഇറാനിയന്‍ ജനസംഖ്യയുടെ 50% പേരും ദാരിദ്ര്യരേഖയ്ക്ക് താഴെയാണ് ജീവിക്കുന്നത്. ആറ് വയസ്സിന് താഴെയുള്ള കുട്ടികളില്‍ ഏകദേശം 16% പേര്‍ പോഷകാഹാരക്കുറവ് അനുഭവിക്കുന്നു. 8 ലക്ഷത്തോളം കുട്ടികള്‍ പ്രോട്ടീന്‍ കുറവിന്റെയും പ്രശ്‌നങ്ങള്‍ നേരിടുന്നു.ഇറാനിലെ 11% കുട്ടികള്‍ ഭാരക്കുറവുള്ളവരാണെന്നും 5% പേര്‍ കടുത്ത പോഷകാഹാരക്കുറവ് അനുഭവിക്കുന്നുണ്ടെന്നും യുനിസെഫിന്റെ സ്ഥിതിവിവരക്കണക്കുകള്‍ കാണിക്കുന്നു. അതായത് ഇറാന്റെ ദാരിദ്ര്യം പെട്ടന്ന് ഉണ്ടായതല്ല. കഴിഞ്ഞ കുറേക്കാലമായി അങ്ങനെയാണ്.
മത അടിച്ചമര്‍ത്തലുകള്‍ക്കിടയിലുടെ നടന്നുപോവുന്ന ഇറാനില്‍ സ്ത്രീകളുടെയും കുട്ടികളുടെയും അവസ്ഥയാണ് അതിദയനീയമായത്. വലിയ സദാചാരമൂല്യങ്ങള്‍ പിന്തുടരുന്ന ഒരു ഇസ്ലാമിക രാജ്യം എന്നായിരിക്കു പുറമെനിന്ന് നോക്കുമ്പോള്‍ ഇറാനെക്കുറിച്ച് തോന്നുക. എന്നാല്‍ ഈ ധാരണ തീര്‍ത്തും അബദ്ധമാണെന്നാണ് ഇറാനില്‍ ജീവിച്ചവര്‍ പറയുന്നത്. വേശ്യാവൃത്തിയും, വിവാഹേതര ബന്ധങ്ങളും, ലൈംഗിക ചൂഷണവും മനുഷ്യക്കടത്തും, എല്ലാം ഇവിടെ വര്‍ധിച്ച് വരികയാണ്. പക്ഷേ അതിലൊക്കെയുള്ള ഒരു വ്യത്യാസം ഇറാന്‍ എല്ലാറ്റിനും ഒരു മതത്തിന്റെ മേമ്പൊടി കൊടുക്കുന്നു എന്നതാണ്! ഹ്യൂമന്‍ വാച്ചിന്റെ റിപ്പോര്‍ട്ട് പ്രകാരം, പാകിസ്ഥാന്‍, തുര്‍ക്കി, യുഎഇ, ബഹ്റൈന്‍, യൂറോപ്പ് എന്നിവിടങ്ങളില്‍ പാവപ്പെട്ട ഇറാനിയന്‍ കുട്ടികളെ ലൈംഗിക വ്യാപാരത്തിലേക്ക് വില്‍ക്കുന്നുണ്ട്. രാജ്യത്ത് വേശ്യാവൃത്തിയും വര്‍ധിച്ചുവരികയാണ്. അഫ്ഗാനിസ്ഥാന്‍, പാകിസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള കുട്ടികളെ തെക്കന്‍ ഇറാനിലെ വേശ്യാലയങ്ങളിലേക്ക് കൊണ്ടുവരുന്ന മനുഷ്യക്കടത്ത് സംഘങ്ങളുമുണ്ട്.മുത്വ എന്നു പറയുന്ന ഒരു തരം താല്‍ക്കാലിക വിവാഹത്തിന്റെ മറവിലാണ് ഇവിടെ വേശ്യാവൃത്തി കൊഴുക്കുന്നത്.
കറന്‍സിയില്‍നിന്ന് പൂജ്യങ്ങള്‍ വെട്ടുന്നു!

പട്ടിണി, തെരുവ് പോരാട്ടങ്ങള്‍, രോഗം എന്നിവ കാരണം ഓരോ മാസവും ഈ നാട്ടില്‍ 100-ലധികം കുട്ടികള്‍ മരിക്കുന്നുവെന്നാണ് യുണിസെഫ് പുറത്തുവിട്ട കണക്ക്. കുട്ടികളെ കടത്തുന്നതും ബാലവേല ചെയ്യുന്നതും തടയാനുള്ള നടപടികള്‍ ഇവിടെ ദുര്‍ബലമാണ്. കുട്ടിക്കുറ്റവാളികളുടെ എണ്ണത്തിലും വലിയ രീതിയിലുള്ള വര്‍ധനയുണ്ട്.18 വയസ്സിന് താഴെയുള്ളവര്‍ക്ക് വധശിക്ഷ അനുവദിക്കുന്ന അഞ്ച് രാജ്യങ്ങളില്‍ ഒന്നാണ് ഇറാന്‍ (പാകിസ്ഥാന്‍, സൗദി അറേബ്യ, സുഡാന്‍, യെമന്‍ എന്നിവയോടൊപ്പം). ഇറാനില്‍ 5 വയസ്സിന് താഴെയുള്ള കുട്ടികളുടെ മരണനിരക്ക് വളരെ കൂടുതലാണ്. ഇപ്പോള്‍ മരുന്നിന്റെ വിലക്കയറ്റംമൂലവും കൂട്ടികള്‍ മരിക്കയാണ്. കടകള്‍ അടച്ചിടുകയാണ്. പലയിടത്തുനിന്നും കൊള്ളയും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്. നേരത്തെ 31 രൂപക്ക് കിട്ടിക്കൊണ്ടിരുന്ന പ്രെടോളിന് ഇപ്പോള്‍ നൂറുരൂപയായി. ഇന്ധനങ്ങള്‍ക്ക് റേഷനിങ്ങും ക്വാട്ട സമ്പ്രദായവുമുണ്ട്. അതായത് ഓരോ ക്വാട്ടകഴിഞ്ഞും പ്രെട്രോള്‍ അടിച്ചാല്‍ വിലകൂടും.
നേരത്തെയും ചില കടുത്ത സാമ്പത്തിക നടപടികള്‍ ഇറാന്‍ എടുത്തിരുന്നു. അതില്‍ ഏറ്റവും പ്രധാനപ്പെട്ടതായിരുന്നു, കറന്‍സിയിലെ പൂജ്യം വെട്ടല്‍.
നമ്മുടെ രണ്ടായിരത്തിന്റെ നോട്ടിലെ മൂന്ന് പൂജ്യങ്ങള്‍ പൊടുന്നനെ അസാധുവാക്കപ്പെടുകയും അതിന് വെറും 2 രൂപയുടെ വില മാത്രമാവുകയും എന്നുവന്നാല്‍ എന്ത് ചെയ്യും! അഞ്ഞൂറിന്റെ നോട്ടിന് മൂല്യമുണ്ടാവുക വെറും 5 രൂപയുടേതാവും. എന്നാല്‍ അത്തരമൊരു കടും വെട്ടിലേക്കാണ് ഇറാന്‍ നടത്തിയത്. വിലയിടഞ്ഞ് കറന്‍സിക്ക് കടലാസുവിലയായ ചില രാജ്യങ്ങളെ കഥ നാം കേട്ടിട്ടുണ്ട്. ആഫ്രിക്കന്‍ രാജ്യങ്ങളായ സുഡാനിലും, സോമാലിയയിലുമൊക്കെ അവിടുത്തെ കറന്‍സികള്‍ ആര്‍ക്കും വേണ്ടാതായിരുന്നു. ഈ രാജ്യങ്ങളിലൊക്കെ ഉന്തുവണ്ടിയില്‍ കറന്‍സികള്‍ കൊണ്ടുവരുന്നതിന്റെ അടക്കം വീഡിയോകള്‍ വൈറലായിരുന്നു. ഒരുകാലത്ത് ശ്രീലങ്കയും, അര്‍ജന്റീനയടക്കമുള്ള ലാറ്റിനമേരിക്കന്‍ രാജ്യങ്ങളും ഇത്തരം സാമ്പത്തിക ദുരന്തങ്ങളിലൂടെ കടന്നുപോയി. ആ സാഹചര്യം ഒഴിവാക്കാനും,സാമ്പത്തിക ഇടപാടുകള്‍ ലളിതമാക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി കറന്‍സിയില്‍നിന്ന് നാല് പൂജ്യങ്ങള്‍ ഇറാന്‍ നീക്കീയത്. ഇതോടെ 10,000 ത്തിന് തുല്യമായ ഒരു കറന്‍സിക്ക് ഇനി ഒരു റിയാലിന്റെ മൂല്യമാവും ഉണ്ടാവുക. കൂടാതെ ഇതിനെ 100 ഘെറാനുകളായി വിഭജിച്ചിരിക്കുന്നു.
മെയ് മാസത്തില്‍, ഇറാനിയന്‍ സെന്‍ട്രല്‍ ബാങ്ക് ഗവര്‍ണര്‍ മുഹമ്മദ് റെസ ഫാര്‍സിന്‍ ഈ പദ്ധതി പിന്തുടരുമെന്ന് പറഞ്ഞിരുന്നു. പിന്നീട് കുറച്ചുകാലത്തേക്ക് കേള്‍ക്കാതായ ഈ പദ്ധതിയാണ് ഈയിടെ വീണ്ടും പുറത്തെടുത്തിരിക്കയാണ്. പക്ഷേ ഇത് വെറും തൊലിപ്പുറമെയുള്ള പരിഷ്‌ക്കാരം മാത്രമാണെന്ന് അന്നേ വിമര്‍ശനം വന്നിരുന്നു.പുജ്യം വെട്ടിയാലും പഴയ കറന്‍സി പിന്‍വലിച്ചാലുമൊന്നും രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടില്ല. അതിന് കൂടുതല്‍ വാണിജ്യങ്ങളും, വ്യവസായങ്ങളും ഉണ്ടാവേണ്ടതുണ്ട്. രാജ്യത്തിന്റെ കയറ്റുമതി മെച്ചപ്പെടണം. ടൂറിസം മേഖല ശക്തിപ്പെടണം. തദ്ദേശീയമായി ജനങ്ങളുടെ കൈയില്‍ പണം എത്തണം. അതിന് ഇറാനിയല്‍ സമ്പദ് വ്യവസ്ഥയില്‍ അടിമുടി പരിഷ്‌ക്കരണമാണ് വേണ്ടത്. അതിന് പക്ഷേ മതനേതൃത്വം അനുവദിക്കില്ല. അതുതന്നെയാണ് ഇറാന്റെ യഥാര്‍ത്ഥ പ്രശ്‌നവും.
പ്രശ്‌നം മതനേതൃത്വം തന്നെ
ലോകത്തിലെ എണ്ണ ശേഖരത്തിന്റെ 10 ശതമാനവും, പ്രകൃതി വാതക ശേഖരത്തിന്റെ 15 ശതമാനവുമുള്ള ‘എന്‍ര്‍ജി സൂപ്പര്‍ പവര്‍’ എന്നറിയപ്പെടുന്ന രാജ്യമാണ് ഈ രീതിയില്‍ കൂപ്പുകുത്തുന്നത്. വെള്ളം വെള്ളം സര്‍വത്ര, തുള്ളി കുടിപ്പാനില്ലത്രേ എന്ന ഉപമപോലെ, 2024 മുതല്‍ ഇറാന്‍ ഒരു ഊര്‍ജ്ജ പ്രതിസന്ധി നേരിടുക കൂടി ചെയ്യുന്നുണ്ട്. ട്രില്ല്യന്‍ കണക്കിന് ബാരല്‍ എണ്ണയും പ്രകൃതിവാതകവും വിറ്റുള്ള പണം സത്യത്തില്‍ തുലക്കുകയാണ് ഇറാനിലെ മതനേതൃത്വം ചെയ്യുന്നത്.
അടിക്കടിയുണ്ടാവുന്ന യുദ്ധങ്ങളും പ്രോക്‌സി സംഘടനകള്‍ക്കുള്ള ഫണ്ടിങ്ങുമാണ് ഇറാന്റെ ഖജനാവ് ചോര്‍ത്തുന്ന ഏറ്റവും പ്രധാന സംഭവങ്ങള്‍. ഇറാഖുമായുള്ള എട്ട് വര്‍ഷത്തെ യുദ്ധം കുറഞ്ഞത് 3,00,000 ഇറാനിയന്‍ ജീവനുകളുാണ് അപഹരിച്ചത്. 5,00,000-ത്തിലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഇറാന്റെ സമ്പദ്വ്യവസ്ഥയ്ക്ക് യുദ്ധം വലിയ ആഘാതമായി. ചെലവ് ഏകദേശം 500 ബില്യണ്‍ ഡോളറായിരുന്നു! 1988ല്‍ യുദ്ധം അവസാനിച്ചതിനുശേഷമാണ് ഇറാന്‍ ഒന്ന് പച്ചപിടിച്ചുവന്നത്. പക്ഷേ 1980 നും 2000 നും ഇടയില്‍ ഇറാന്റെ ജനസംഖ്യ ഇരട്ടിയിലധികമായി വര്‍ദ്ധിച്ചു. നിരവധി ഇറാനികള്‍ കര്‍ഷകരാണെങ്കിലും, 1960 കള്‍ മുതല്‍ കാര്‍ഷിക ഉല്‍പ്പാദനം സ്ഥിരമായി കുറഞ്ഞു. 1990 കളുടെ അവസാനത്തോടെ, ഇറാന്‍ അതിന്റെ ഭക്ഷണത്തിന്റെ ഭൂരിഭാഗവും ഇറക്കുമതി ചെയ്തു. അക്കാലത്ത്, ഗ്രാമപ്രദേശങ്ങളില്‍നിന്ന് നഗരങ്ങളിലേക്ക് കൂട്ട പലായനവും ഉണ്ടായി.
സൈനിക ചെലവും രാജ്യത്ത് ഭീമാണ്. 2021- ല്‍ തന്നെ ഏറ്റവും കൂടുതല്‍ സൈനിക ചെലവിടുന്ന 14-ാമത്തെ രാജ്യമായി ഇത് മാറി. അതിനേക്കാള്‍ വലിയ ചിലവാണ് പ്രോക്‌സികളെ തീറ്റിപ്പോറ്റുക എന്നത്. ലെബനോണിലെ ഹിസ്ബുള്ളക്കും, യമനിലെ ഹൂതികള്‍ക്കുമൊക്കെ കോടികളുടെ ഫണ്ടാണ് ഇവര്‍ പമ്പ് ചെയ്യുന്നത്. അതുപോലെ വിമതരെ അടിച്ചമര്‍ത്താനും, ഭരണകൂടത്തിനെതിരെ പ്രതികരിക്കുന്നവരെ തുരത്താനും വേണ്ടി പോവുന്നതും ശതകോടികളാണ്. അതുപോലെ തന്നെയാണ് ആണവ പദ്ധതികള്‍. അതിനും കോടികളാണ് ഇറാന്‍ ചെലവിടുന്നത്. സ്വന്തം ജനത പട്ടിണി കിടക്കുമ്പോഴും, ഇസ്ലാമിക ഭരണകൂടത്തിന് പ്രധാനം ആറ്റം ബോംബുണ്ടാക്കുകയാണ്!
അമേരിക്കയുടെ ഉപരോധത്തില്‍ വലയുന്ന ഇറാന്, ട്രംപ് ജനുവരിയില്‍ അധികാരത്തില്‍ തിരിച്ചെത്തും വലിയ വിനയായി. ഇറാനെതിരെ പരമാവധി സമ്മര്‍ദ ഉപരോധ പ്രചാരണങ്ങളാണ് ട്രംപ് നടത്തുന്നത്. ജൂണില്‍ ഇറാന്റെ ആണവ, സൈനിക കേന്ദ്രങ്ങള്‍ക്ക് ഇസ്രായേല്‍ ആക്രമണം നടത്തിയതിന് ശേഷം 12 ദിവസത്തെ മാരകമായ യുദ്ധം നടന്നിരുന്നു. കോടിക്കണക്കിന് നാശനഷ്ടങ്ങള്‍ക്കും വരുമാനനഷ്ടത്തിനും കാരണമായി.
ഇന്ത്യയുടെയും ചൈനയുടെയുമെല്ലാം പട്ടിണി മാറ്റിയത് ശരിക്കും പറഞ്ഞാല്‍ സാമ്പത്തിക ഉദാരീകരണവും ആഗോളീകരണവുമാണ്. എന്നാല്‍ ഇറാനില്‍ അതുപോലെ ഒരു അവസ്ഥയല്ല. ഇപ്പോഴും അടഞ്ഞ സാമ്പത്തിക അവസ്ഥയാണ് ഇറാനില്‍. ഇപ്പോഴും സ്വകാര്യവത്ക്കരണം വളരെ കുറവായ രാജ്യങ്ങളിലൊന്നാണ് ഇറാന്‍. സമ്പദ്വ്യവസ്ഥയുടെ 80%-ത്തിലധികവും സര്‍ക്കാര്‍ നിയന്ത്രണത്തിലാണ്. ഇതുതന്നെ ഒരു സാമ്പത്തിക രോഗമാണെന്നാണ് വിദഗ്ധര്‍ വിലയിരുത്തുന്നത്. 1979- ന് മുമ്പ്, ഇറാന്‍ അതിവേഗം വികസിച്ചിരുന്നു. പരമ്പരാഗതമായി കാര്‍ഷിക മേഖല ശക്തമായിരുന്നു ഈ രാജ്യം 1970 കളോടെ വ്യവസായവല്‍ക്കരണത്തിനും ആധുനികവല്‍ക്കരണത്തിനും വിധേയമായി. വിപ്ലവത്തിന് തൊട്ടുമുമ്പ് മൂലധന ഒഴുക്ക് 1980-യുഎസ് ഡോളറില്‍ 30 മുതല്‍ 40 ബില്യണ്‍ ഡോളറിലെത്തിയതോടെ 1978 ആയപ്പോഴേക്കും വേഗത കുറഞ്ഞു. 1979ലെ ദേശസാല്‍ക്കരണവും ഇറാന്‍-ഇറാഖ് യുദ്ധവുമൊക്കെ രാജ്യത്തെ പറികോട്ടടിപ്പിച്ചു.
വാല്‍ക്കഷ്ണം: മതം പുളക്കുന്ന ഒരു രാജ്യവും രക്ഷപ്പെടില്ല എന്നതിന്റെ അവസാനത്തെ തെളിവ്കൂടിയാണ് ഇറാന്റെ അനുഭവം. ഒരു രാജ്യത്തിന്റെ സാമ്പത്തിക പുരോഗതിക്ക് ഏറ്റവും അടിസ്ഥാനം, ഒരു മതേതര ജനാധിപത്യ ഭരണം തന്നെയാണ്. ഗള്‍ഫ് രാജ്യങ്ങളൊക്കെ പുരോഗമിക്കുന്നത് അവര്‍ മതത്തെ, പൊതുഭരണത്തില്‍നിന്ന് അകറ്റിനിര്‍ത്തുന്നതുകൊണ്ടും, നിരന്തരം പരിഷ്‌ക്കരണങ്ങള്‍ക്ക് വിധേയമാവുകയും ചെയ്യുന്നതുകൊണ്ട് കൂടിയാണ്.

