ഡോ റാമിൻ്റെ ജാമ്യം; പോലീസിന് വീഴ്ച; ഡിജിപിയോട് റിപ്പോർട്ട് തേടി ആഭ്യന്തരമന്ത്രി; പുതിയ അന്വേഷണസംഘത്തിന് ചുമതല നൽകി

insight kerala

തിരുവനന്തപുരം : അഞ്ചരക്കണ്ടി ഡെന്റൽ കോളേജിലെ വിദ്യാർത്ഥി നിതിൻ രാജിൻ്റെ മരണത്തിലെ മുഖ്യപ്രതിയാണ് ഡോ റാം. മൂന്നുമാസത്തിലേറെ ഒളിവിലായിരുന്ന റാമിനെ കഴിഞ്ഞ ദിവസമാണ് പോലീസ് പിടികൂടിയത്. സുപ്രീംകോടതി പോലും മുൻകൂർ ജാമ്യം നിഷേധിച്ച ശേഷം അന്വേഷണസംഘം ഊർജിതമാക്കുകയും ആന്ധ്രയിലും കർണാടകയിലും ബംഗളൂരുവിലും അന്വേഷണം നടത്തിയാണ് ഒടുവിൽ കുടകിൽ നിന്ന് റാമിനെ പിടികൂടിയത്. ഏറെ വിവാദം ഉണ്ടാക്കിയ കേസിൽ മുഖ്യപ്രതിയെ പിടികൂടിയിട്ടും കസ്റ്റഡി അപേക്ഷ നൽകിയ വേളയിൽ അന്വേഷണസംഘത്തിന് വീഴ്ച പറ്റി എന്നാണ് ആരോപണം. ഡോ റാമിന് ജാമ്യം ലഭിക്കാൻ ഇടയായത് പോലീസിന്റെ വീഴ്ചയാണ് എന്നാണ് ആരോപണം. തലശ്ശേരി കോടതിയിൽ കഴിഞ്ഞദിവസം അരങ്ങേറിയത് അത്യന്തം നാടകീയ സംഭവങ്ങളാണ്. അന്വേഷണസംഘത്തിന്റെ ഭാഗത്തുനിന്ന് ഒത്തുകളി ഉണ്ടായി എന്ന ആരോപണവും ശക്തമാണ്. ഇതേതുടർന്നാണ് ആഭ്യന്തര മന്ത്രി ഡിജിപിയോട് റിപ്പോർട്ട് തേടിയത്. അന്വേഷണസംഘത്തെ മാറ്റാൻ നിർദ്ദേശിച്ചിട്ടുണ്ട്. ക്രൈംബ്രാഞ്ച് ഐജി അജിതാബീഗത്തിന്റെ മേൽനോട്ടത്തിലാകും ഇനി അന്വേഷണം. എസ്പി മോഹന ചന്ദ്രൻ അന്വേഷിക്കും.

നിലവിലെ അന്വേഷണം തൃപ്തികരമല്ലെന്ന് ചൂണ്ടിക്കാട്ടി നിതിൻ രാജിൻ്റെ കുടുംബം നേരത്തെ തന്നെ രംഗത്തുണ്ട്. ഇക്കാര്യത്തിൽ പിതാവ് ആഭ്യന്തരമന്ത്രിയെ കണ്ടു പരാതിയും നൽകിയിരുന്നു. പോലീസിന് ആകെ നാണക്കേടായ സംഭവത്തിലാണ് പുതിയ അന്വേഷണ സംഘത്തെ നിയോഗിച്ചിരിക്കുന്നത്. റാമിൻ്റെ ജാമ്യം റദ്ദ് ചെയ്യാനുള്ള നിയമനടപടികളുമായി അന്വേഷണസംഘം അതിവേഗത്തിൽ മുന്നോട്ടുപോകുന്നു. റാമിനെ കസ്റ്റഡിയിൽ വാങ്ങാനാണ് നീക്കം.

Share This Article