ഗണേഷ് കുമാറിനെതിരെ നടപടിക്ക് ഗതാഗത വകുപ്പ്;പേരിനൊപ്പമുള്ള MLA പദവി നീക്കും

insight kerala

ഡ്രൈവിംഗ് ലൈസൻസ് വിവാദത്തിൽ മുൻമന്ത്രി ഗണേഷ് കുമാറിനെതിരെ ഗതാഗത വകുപ്പ് നടപടിക്ക് ഒരുങ്ങുന്നു. അദ്ദേഹത്തിൻറെ ലൈസൻസിലെ പേരിനൊപ്പം ഉള്ള എംഎൽഎ പദവി ഒഴിവാക്കും. ലൈസൻസ് നൽകിയ ഉദ്യോഗസ്ഥനെ കണ്ടെത്തും. ഉദ്യോഗസ്ഥനെതിരെ നിയമ നടപടി സ്വീകരിക്കും.

ഡ്രൈവിങ് ലൈസൻസിൽ പേരിനൊപ്പം എം.എൽ.എ. എന്ന വിശേഷണം അനധികൃതമായി കൂട്ടിച്ചേർത്തത് കെ.ബി. ഗണേഷ്‌കുമാർ ആവശ്യപ്പെട്ട പ്രകാരമാണെന്ന് കണ്ടെത്തിയിരുന്നു. 2023 ജൂലായിൽ ലൈസൻസ് പുതുക്കിയപ്പോഴും, 2024 നവംബറിൽ ഗതാഗതമന്ത്രി എന്ന് മേൽവിലാസം മാറ്റിയപ്പോഴും എം.എൽ.എ. എന്ന് പേരിനൊപ്പം കൂട്ടിച്ചേർത്താണ് അപേക്ഷനൽകിയത്.

ഇതിലെ വിശദാംശങ്ങൾ പരിശോധിച്ച് കൃത്യമാണെന്ന് ഉറപ്പുവരുത്തി സത്യവാങ്മൂലവും അദ്ദേഹം നൽകിയിട്ടുണ്ട്. ആധാർ ഉൾപ്പെടെയുള്ള അംഗീകൃത തിരിച്ചറിയൽ കാർഡുകളിൽ ഉള്ളതുപോലെ വേണം ലൈസൻസിലെ പേര്. മുൻ ഗതാഗതമന്ത്രികൂടിയായ ഗണേഷ്‌കുമാർ ഇത് ലംഘിച്ചത് വിവാദമായിരുന്നു.

ഇൻസൈറ്റ് കേരളയുടെ ഏറ്റവും പുതിയ വാർത്തകൾ ആദ്യം ലഭിക്കാൻ ഔദ്യോഗിക വാട്ട്‌സാപ്പ് ചാനലിൽ അംഗമാകുക... ലിങ്ക് ക്ലിക്ക് ചെയ്യുക..
insight keralainsight kerala

പത്രസമ്മേളനത്തിൽ ഇതേക്കുറിച്ച് ചോദ്യമുയർന്നപ്പോൾ താൻ അറിയാതെ മോട്ടോർവാഹനവകുപ്പ് ഉദ്യോഗസ്ഥർ എം.എൽ.എ. എന്ന് ചേർത്തതാണെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. അദ്ദേഹത്തിന്റെ ഈ വാദം പൊളിക്കുന്നതാണ് മോട്ടോർവാഹനവകുപ്പിന്റെ രേഖകൾ. എം.എൽ.എ. വിശേഷണത്തിൽ ഉദ്യോഗസ്ഥർക്ക് പങ്കില്ലെന്ന് സാരഥി സോഫ്റ്റ്വേറിൽ ഗണേഷ്‌കുമാർ സമർപ്പിച്ച സത്യവാങ്മൂലവും വ്യക്തമാക്കുന്നു.

ഡ്രൈവിങ് ലൈസൻസിൽ ക്രമക്കേടുകൾ കണ്ടെത്തിയാൽ അപേക്ഷകന് നോട്ടീസ് നൽകി വിശദീകരണം തേടി നടപടിയെടുക്കണമെന്നാണ് വ്യവസ്ഥ. തിരുവനന്തപുരം ആർ.ടി. ഓഫീസിലാണ് ഗണേഷ്‌കുമാറിന്റെ ലൈസൻസ് രേഖകളുള്ളത്. വിശദീകരണം ആവശ്യപ്പെട്ട് ആർ.ടി.ഒ. കത്തയച്ചാൽ ഇപ്പോഴത്തെ ഗതാഗതമന്ത്രി സി.പി. ജോണിനാകും കിട്ടുക.

കാരണം, തിരുവനന്തപുരം നഗരത്തിൽ സ്വന്തം വീടുണ്ടായിട്ടും ഗതാഗതമന്ത്രിയെന്ന സെക്രട്ടേറിയറ്റിലെ മേൽവിലാസമാണ് ഗണേഷ്‌കുമാറിന്റെ ലൈസൻസിലുള്ളത്. സ്ഥിരതാമസക്കാർക്ക് അതേസ്ഥലത്ത് താത്കാലിക മേൽവിലാസം കൂട്ടിച്ചേർക്കാൻ അനുവദിക്കരുതെന്നാണ് വ്യവസ്ഥ.

Share This Article