“താഴമണ്‍ കുടുംബം ശബരിമല തന്ത്രി സ്ഥാനം ഒഴിയണം. ഇത്രയും അവമതിപ്പുണ്ടാക്കിയ കുടുംബം ഇല്ല”; ബിജെപി

insight kerala

താഴമണ്‍ കുടുംബം ശബരിമല തന്ത്രി സ്ഥാനം ഒഴിയണമെന്ന് ബിജെപി സംസ്ഥാന ഉപാധ്യക്ഷന്‍ കെ എസ് രാധാകൃഷ്ണന്‍. ശബരിമല അയ്യപ്പക്ഷേത്രത്തിനും കോടാനുകോടി സ്വാമി ഭക്തര്‍ക്കും ഇത്രയും അവമതിപ്പും ദുഃഖവും ഉണ്ടാക്കിയ കുടുംബം വേറെയില്ലെന്ന് രാധാകൃഷ്ണന്‍ ഫേസ്ബുക്ക് കുറിപ്പില്‍ പറഞ്ഞു. ശബരിമലയില്‍ ആചാരലംഘനം നടത്തിയ മനീതി സംഘം പോലും ഇത്രയും അശുദ്ധി വരുത്തിയിട്ടില്ല. മകന്‍ ബ്രഹ്‌മദത്തരെ തന്ത്രിയാക്കണമെന്നാണ് സ്വര്‍ണ്ണക്കൊള്ളക്കേസില്‍ പ്രതിയായ രാജീവരരുടെ ആവശ്യം. ക്രിമിനല്‍ കേസില്‍ വിചാരണ നേരിടുന്ന പ്രതികളുടെ മക്കള്‍ക്കായി സംവരണം ചെയ്തതാണോ ശബരിമല തന്ത്രിസ്ഥാനം?. ക്ഷേത്ര തന്ത്രിമാരെ തല്‍ സ്ഥാനത്തുനിന്ന് മാറ്റാന്‍ ക്ഷേത്ര ഉടമകള്‍ക്ക് അവകാശമുണ്ടോയെന്നും രാധാകൃഷ്ണന്‍ ചോദിച്ചു.

ശബരിമല തന്ത്രിമാര്‍ക്ക് തന്ത്ര വിദ്യയില്‍ വിജ്ഞാനവും പരിശീലനവും ഉണ്ട് എന്ന് ഉറപ്പു വരുത്തേണ്ട ബാധ്യത ദേവസ്വം ബോര്‍ഡിനുണ്ട്. തന്ത്രികളെ നിയമിക്കാന്‍ അധികാരമുണ്ടെങ്കില്‍ തന്ത്രികളെ നീക്കാനും നിയമനാധികാരിക്ക് അധികാരുണ്ട്. അതുകൊണ്ട് തന്ത്രി കുടുംബം എന്തു തീവെട്ടിക്കൊള്ള ചെയ്താലും അവരെ തല്‍ സ്ഥാനത്തു നിന്നും മാറ്റാന്‍ പാടില്ല എന്ന വാദം യുക്തിസഹമല്ല. ദേവസ്വം ബോര്‍ഡ് ഈ കാര്യത്തില്‍ ശരിയായ തീരുമാനം എടുക്കണം. ക്രിമിനല്‍ കേസില്‍ നടപടികള്‍ നേരിടുന്ന പ്രതികള്‍ നിര്‍ദേശിക്കുന്ന ആരെയും അവരുടെ യോഗ്യതകള്‍ പരിഗണിക്കാതെ, കുടുംബ പാരമ്പര്യം മാത്രം നോക്കി നിയമിക്കാനുള ഒരു ബാധ്യതയും ദേവസ്വം ബോര്‍ഡിനില്ലെന്നും കെ എസ് രാധാകൃഷ്ണന്‍ പറഞ്ഞു.

Share This Article