കേരള ക്രിക്കറ്റ് ലീഗിന്റെ പുതിയ സീസണിലേക്കുള്ള താരലേലം തിരുവനന്തപുരത്ത് ആവേശത്തോടെ പുരോഗമിക്കുന്നു. ഐപിഎൽ ലേലം നിയന്ത്രിച്ച് പരിചയസമ്പത്തുള്ള പ്രശസ്ത ഓക്ഷനിയർ ചാരു ശർമയാണ് ലേല നടപടികൾക്ക് നേതൃത്വം നൽകുന്നത്. മികച്ച കളിക്കാരെ സ്വന്തമാക്കാൻ ആറ് ഫ്രാഞ്ചൈസികളും വാശിയേറിയ വിളികളുമായി നേർക്കുനേർ പോരാടുകയാണ്.
ആകെ 173 കളിക്കാരുള്ള ലേലപ്പട്ടികയിൽ നിന്ന് 17 പേരെ വിവിധ ഫ്രാഞ്ചൈസികൾ നേരത്തെ തന്നെ നിലനിർത്തിയിട്ടുണ്ട്. ബാക്കിയുള്ള 156 പ്രതിഭകൾക്കായാണ് ആറ് ടീമുകൾ ഇപ്പോൾ മാറ്റുരയ്ക്കുന്നത്.
സച്ചിൻ ബേബി (10 ലക്ഷം – ആലപ്പി റിപ്പിൾസ്): കഴിഞ്ഞ രണ്ട് സീസണുകളിൽ ഏരീസ് കൊല്ലം സെയ്ലേഴ്സിന്റെ നായകനായിരുന്ന സൂപ്പർ താരത്തെ ഇത്തവണ വൻ തുകയ്ക്ക് ആലപ്പി റിപ്പിൾസ് സ്വന്തമാക്കി.
വിഷ്ണു വിനോദ് (7.80 ലക്ഷം – ട്രിവാൻഡ്രം റോയൽസ്): മുൻ സീസണുകളിലെ തകർപ്പൻ പ്രകടനത്തിന്റെ മികവിൽ വിഷ്ണുവിനെ റോയൽസ് വൻ തുകയ്ക്ക് നിലനിർത്തി.
എം ഡി നിതീഷ് (6.60 ലക്ഷം – ഏരീസ് കൊല്ലം സെയ്ലേഴ്സ്): ബൗളിങ് നിരയ്ക്ക് കൂടുതൽ കരുത്തുപകരാൻ നിതീഷിനെ കൊല്ലം പാളയത്തിലെത്തിച്ചു.
ബേസിൽ തമ്പി (5.40 ലക്ഷം – കൊച്ചി ബ്ലൂ ടൈഗേഴ്സ്): പ്രമുഖ പേസ് ബൗളർ ബേസിൽ തമ്പി ഇത്തവണ കൊച്ചിക്ക് വേണ്ടിയാണ് പന്തെറിയുക.
ബിജു നാരായണൻ (4.80 ലക്ഷം – തൃശ്ശൂർ ടൈറ്റൻസ്):തങ്ങളുടെ സ്പിന് കരുത്ത് വർധിപ്പിക്കാൻ തൃശ്ശൂർ ബിജു നാരായണനെ ടീമിലെടുത്തു.
വിനോദ് കുമാർ (4 ലക്ഷം – ട്രിവാൻഡ്രം റോയൽസ്): നാല് ലക്ഷം രൂപയുടെ ലേലവിളിയിലാണ് വിനോദ് കുമാർ റോയൽസിലേക്ക് എത്തിയത്.

