മലപ്പുറം : മുസ്ലിം ലീഗിൽ മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫിനെ നിയമിക്കുന്നതിൽ പാർട്ടിക്കുള്ളിലും പോഷക സംഘടനയിലും വിമർശനം വ്യാപകമാകുന്നു. ലീഗ് മന്ത്രിമാർക്കെതിരെ എംഎസ്എഫ് പ്രമേയം പാസാക്കി. തന്നിഷ്ടത്തിൽ ആളെ തിരികെ കയറ്റിയത് പ്രസ്ഥാനത്തോടുള്ള വഞ്ചനയെന്ന് പ്രമേയം ചൂണ്ടിക്കാട്ടുന്നു.
യൂത്ത് ലീഗ്, എംഎസ്എഫ്, കെഎസ്ടിയു തുടങ്ങിയ പോഷക സംഘടനകളിൽ നിന്നും ആരെയും പരിഗണിക്കാത്തതാണ് പുതിയ വിവാദങ്ങൾക്ക് വഴിവെച്ചിരിക്കുന്നത്. കഴിഞ്ഞദിവസം മലപ്പുറത്ത് ചേർന്ന യൂത്ത് ലീഗ് ജില്ലാ പ്രവർത്തക സമിതി യോഗത്തിൽ ലീഗ് മന്ത്രിമാർക്കും മുതിർന്ന നേതാവ് പി.കെ കുഞ്ഞാലിക്കുട്ടിക്കുമെതിരെ രൂക്ഷമായ വിമർശനമാണ് ഉയർന്നത്. അഞ്ച് മന്ത്രിമാരെയും വിളിച്ചുവരുത്തി സംസാരിക്കണമെന്ന് പ്രവർത്തകർ ആവശ്യപ്പെട്ടു.
കഴിഞ്ഞ കാലങ്ങളിൽ നിന്ന് വ്യത്യസ്തമായി, ഇത്തവണ സ്റ്റാഫ് നിയമനത്തിന് കൃത്യമായ മാനദണ്ഡങ്ങൾ ഉണ്ടാകുമെന്നും പോഷക സംഘടനകളെ പരിഗണിക്കുമെന്നും പാർട്ടി നേതൃത്വം പ്രവർത്തകർക്ക് ഉറപ്പുനൽകിയിരുന്നു. ഇതിനായി റഷീദലി തങ്ങൾ, പി.എം.എ സലാം എന്നിവരടങ്ങുന്ന ഒരു സമിതിയെ നിയോഗിക്കുകയും ചെയ്തു. പഞ്ചായത്ത് തലം മുതൽ സംസ്ഥാന തലം വരെ കൃത്യമായി പരിശോധിച്ചാണ് നിയമനത്തിനായുള്ള പട്ടിക തയ്യാറാക്കി സമിതിക്ക് നൽകിയത്. എന്നാൽ ഈ പട്ടികയിൽ നിന്ന് ഒരാളെപ്പോലും നിയമിച്ചില്ലെന്നാണ് പോഷക സംഘടനകൾ ആരോപിക്കുന്നത്. എംഎസ്എഫ് സംസ്ഥാന നേതൃത്വം നൽകിയ പട്ടിക പൂർണമായും തഴയപ്പെട്ടപ്പോൾ, അവർക്ക് ലഭിച്ചത് ഒരു പ്യൂൺ തസ്തിക മാത്രമാണ്. ഇത് വേണ്ടെന്ന നിലപാടിലാണ് എംഎസ്എഫ് ഉള്ളത്. അധ്യാപക സംഘടനയായ കെഎസ്ടിയുവിൽ നിന്നും ആർക്കും അവസരം ലഭിച്ചില്ല.

