ലഹരിക്കായി മാരകവിഷമുള്ള പാമ്പായ അണലിയുടെ കുഞ്ഞുങ്ങളെക്കൊണ്ട് നാവിൽ കൊത്തിക്കുന്ന രീതിയുണ്ടെന്ന തന്റെ മുൻ പരാമർശം പിൻവലിച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. ‘ഞാൻ പറഞ്ഞത് വസ്തുതാപരമായി ശരിയല്ല’ എന്ന് ചെന്നിത്തല വ്യക്തമാക്കി. ചെന്നിത്തല നേരത്തെ നടത്തിയ പരാമർശത്തിനെതിരെ ഡോ ഷിംന അസീസ് രംഗത്ത് വന്നിരുന്നു. പാമ്പിന്റെ കൊത്ത് ലഹരി തരില്ലെന്നും അണലിയുടെ കടിയേറ്റാൽ മരണസാധ്യത കൂടുതലാണെന്നും ഷിംന വ്യക്തമാക്കുകയുണ്ടായി. ഇത് മാധ്യമങ്ങൾ വാർത്തയാക്കിയതോടെയാണ് ഡോക്ടറുടെ തിരുത്ത് സ്വീകരിക്കുന്നുവെന്ന് വ്യക്തമാക്കി ചെന്നിത്തല പരാമർശം തിരുത്തിയത്.
തൂഫാൻ ദി നാർക്കോ ഹണ്ടിന്റെ ഭാഗമായി തൂഫാൻ വാറിയറാകാൻ ഡോ. ഷിംന അസീസിനെ ഹൃദയപൂർവ്വം ക്ഷണിക്കുന്നതായും ചെന്നിത്തല അറിയിച്ചു. ഫെയ്‌സ്ബുക്കിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.
കുറിപ്പിന്റെ പൂർണ്ണരൂപം
ലഹരിക്ക് എതിരായ പോരാട്ടം വ്യക്തി ജീവിതത്തിലും പൊതുപ്രവർത്തനത്തിലും ഏറെക്കാലമായി ഏറ്റെടുത്തിട്ടുള്ളതാണ്. മിക്കവാറും വേദികളിൽ ലഹരിക്ക് എതിരെ പ്രതികരിക്കാറുണ്ട്. പ്രസംഗത്തിലും അഭിമുഖങ്ങളിലുമെല്ലാം. ഇലക്ഷനു മുൻപ്, യുഡിഎഫിന് അധികാരം കിട്ടിയാൽ ലഹരിയുടെ വേരറുക്കും എന്ന പ്രഖ്യാപനം നടത്തുകയും ആ വാക്കു പാലിക്കുന്ന “തൂഫാൻ” ആരംഭിച്ചതിലും അഭിമാനമുണ്ട്.
അത്തരം ഒരു സംഭാഷണത്തിൽ വളരെ നാൾ മുൻപ് എന്റേതായി വന്ന ഒരു പരാമർശത്തിൽ കടന്നു കൂടിയ തെറ്റ് സംബന്ധിച്ച് ഡോ. ഷിംന അസീസിന്റെ തിരുത്ത് മാധ്യമങ്ങളിലൂടെ ശ്രദ്ധയിൽപ്പെട്ടു. അപകടകരവും മാരകവുമായ വിവിധ തരം ലഹരി ഉപയോഗങ്ങളെ കുറിച്ചുള്ള സംഭാഷണത്തിന് ഇടയിലായിരുന്നു അത്. വിഷ പാമ്പുകളെ കൊത്തിച്ച് ലഹരി ഉപയോഗിക്കുന്നതിനെ കുറിച്ചുള്ള ഭാഗത്ത്, അതിനായി ഉപയോഗിക്കുന്നത് ചെറിയ അണലികളെയാണ് എന്ന് ഞാൻ പറഞ്ഞത് വസ്തുതാപരമായി ശരിയല്ല. ഡോക്ടറുടെ തിരുത്ത് സ്വീകരിക്കുന്നു.
പാമ്പുകളെ ഉപയോഗിക്കുന്നതു പോലെ അത്യന്തം അപകടകരവും വിനാശകരവുമായ ലഹരി ഉപയോഗം ഉണ്ടെന്നത് ഞെട്ടിപ്പിക്കുന്നതാണ്. കേരളത്തിലും അത്തരം കേന്ദ്രങ്ങൾ ഉണ്ടെന്ന വിവരങ്ങളെ ഗൗരവത്തോടെയാണ് മനസിലാക്കുന്നത്. ഇതെല്ലാം സംബന്ധിച്ച യഥാർത്ഥ വിവരങ്ങൾ അറിയിക്കാൻ ആരും മടിക്കരുത്. വിവരങ്ങൾ നൽകുന്നവരുടെ പേരുവിവരങ്ങൾ രഹസ്യമായിരിക്കും.
തൂഫാൻ- ദി നാർക്കോ ഹണ്ടിന്റെ ഭാഗമായി തൂഫാൻ വാറിയറാകാൻ ഡോ. Shimna Azeez ഹൃദയപൂർവ്വം ക്ഷണിക്കുന്നു.

