ബിജെപിയുടെ പഠനശിബിരം നടത്താൻ കെപിസിസിയുടെ കീഴിലുള്ള സ്ഥാപനം കോൺഗ്രസ് വിട്ടുനൽകിയത് വിവാദത്തിൽ. കോൺഗ്രസിന്റെ പരിപാടികൾ മാത്രം നടത്താറുള്ള നെയ്യാർഡാമിലെ രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡവലപ്മെൻ്റ് സ്റ്റഡീസ് ആണ് ബിജെപി കാട്ടാക്കട മണ്ഡലത്തിന്റെ ദീനദയാൽ ഉപാധ്യായ പഠനശിബിരം നടത്താനായി വിട്ടു നൽകിയത്. ബിജെപി സംസ്ഥാന വൈസ് പ്രസിഡൻറ് ആർ ശ്രീലേഖ ആയിരുന്നു ഉദ്ഘാടനം ചെയ്തത്. രണ്ടുദിവസത്തേക്ക് ആയിരുന്നു ഇൻസ്റ്റിറ്റ്യൂട്ട് ബിജെപിക്ക് വിട്ടു നൽകിയത്. 27, 28 തീയതികളിൽ ആയിരുന്നു പഠനശിബിരം. സംഭവം വിവാദമായതോടെ കെപിസിസി വിശദീകരണം തേടി. ഇൻസ്റ്റിറ്റ്യൂട്ടിന്റെ ചുമതലക്കാരനോടാണ് കെപിസിസി വിശദീകരണം തേടിയത്. KPCC ജനറൽ സെക്രട്ടറിയാണ് വിശദീകരണം തേടിയത്.
കെപിസിസി പ്രസിഡൻറ് ആണ് സ്ഥാപനത്തിന്റെ ചെയർമാൻ. രമേശ് ചെന്നിത്തല കെപിസിസി പ്രസിഡണ്ട് ആയിരുന്നപ്പോൾ സ്ഥാപിച്ചതാണ് ഡാമിലെ രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട്. കോൺഗ്രസിന്റെ പഠന ക്യാമ്പുകൾ, നേതൃയോഗങ്ങൾ എന്നിവ മാത്രമാണ് സാധാരണ ഇവിടെ നടത്താറുള്ളത്. മറ്റു പരിപാടികൾക്ക് ഇൻസ്റ്റിറ്റ്യൂട്ട് വാടകയ്ക്ക് അല്ലാതെയോ കൊടുക്കാറില്ല. എന്നാൽ ഇതെല്ലാം മറികടന്നാണ് ബിജെപിക്ക് ഹാൾ നൽകിയത്
