എം മാധവദാസ്
ഹമാസിനെ ഭീകരസംഘടന എന്ന് വിളിക്കാന്‍പോലും കഴിയാത്ത ഇടമാണ് കേരളം. ഹമാസുകാര്‍ ലഹരി ഉപയോഗിച്ച് നിരപരാധികളായ യഹൂദ യുവതികളെ ബലാല്‍സംഗംചെയ്തതും, യോനിയിലേക്ക് തോക്ക് കയറ്റി വെടിവെച്ച് കൊന്നതും, പുരുഷന്‍മ്മാരെപ്പോലും സെക്‌സ് ഡോള്‍സിനെപ്പോലെ ലൈംഗികാതിക്രമത്തിന് വിധേയമാക്കിയതുമായ വാര്‍ത്തകള്‍ പുറത്തുവരുമ്പോള്‍, നമ്മുടെ നാട്ടിലടക്കം കേള്‍ക്കുന്ന പല്ലവി അത് ഇസ്രയേലിന്റെ കെട്ടുകഥയാണെന്നാണ്. നിര്‍ഭാഗ്യവശാല്‍ ഈ പ്രചാരണം തന്നെയാണ് പലപ്പോഴും യു എന്നും നടത്തുന്നത്.
പക്ഷേ ഹമാസ് തടവറയിലെ നരകയാതനകള്‍ അനുഭവിച്ച മുന്‍ തടവുകാരി ഇലാന ഗ്രിറ്റ്സെവ്സ്‌കിയുടെ ഈ വാദം പൊളിച്ചു. ജനീവയില്‍ നടന്ന യുഎന്‍ മനുഷ്യാവകാശ കൗണ്‍സിലിന്റെ 62-ാമത് സമ്മേളനത്തിലാണ് ഹമാസ് ഭീകരര്‍ നടത്തിയ ലൈംഗിക അതിക്രമങ്ങളുടെയും ക്രൂരതകളുടെയും ഞെട്ടിക്കുന്ന വിവരങ്ങള്‍ ഇലാന വെളിപ്പെടുത്തിയത്. സ്ത്രീകള്‍ക്കെതിരെ ഹമാസ് നടത്തിയ ക്രൂരതക്ക് തെളിവില്ലായെന്ന് പറഞ്ഞ് ആരോപണങ്ങള്‍ നിഷേധിച്ച യുഎന്‍ പ്രത്യേക പ്രതിനിധി റീം അല്‍സാലത്തിനെതിരെയും അവര്‍ ശബ്ദമുയര്‍ത്തി. ഞാന്‍ ജീവിക്കുന്ന തെളിവെന്നായിരുന്നു അവരുടെ വാക്കുകള്‍.
ക്രൂരമായ പീഡനങ്ങള്‍
”ഒക്ടോബര്‍ 7-നും തടവിലായിരുന്നപ്പോഴും ജൂത സ്ത്രീകള്‍ ക്രൂരമായ ബലാത്സംഗത്തിനും പീഡനങ്ങള്‍ക്കും ഇരയായി. എന്നാല്‍ പ്രത്യേക പ്രതിനിധിയായ നിങ്ങള്‍ മൗനവും നിഷേധവുമാണ് തിരഞ്ഞെടുത്തത്. ലെംഗിക അതിക്രമങ്ങള്‍ നടന്നതിന് തെളിവുകളില്ലെന്നാണ് നിങ്ങള്‍ പറയുന്നത്. എന്നാല്‍ ഞാന്‍ ഇന്ന് ഇവിടെ നില്‍ക്കുന്നത് ഒരു റിപ്പോര്‍ട്ടായോ സ്ഥിതിവിവരക്കണക്കായോ അല്ല; ഞാന്‍ അതിജീവിച്ച ഒരു സ്ത്രീയാണ്. ഹമാസ് നടത്തിയ ലൈംഗിക അതിക്രമങ്ങളുടെ ജീവിക്കുന്ന തെളിവാണ് ഞാന്‍,’ സമ്മേളനത്തില്‍ ഇലാന പറഞ്ഞു.
തടവിലായിരുന്നപ്പോള്‍ തന്നെ ബലാത്സംഗം ചെയ്യരുതെന്ന് പിടികൂടിയവരോട് തനിക്ക് കെഞ്ചി അപേക്ഷിക്കേണ്ടി വന്നിട്ടുണ്ടെന്നും അവര്‍ വെളിപ്പെടുത്തി. ഏഴ് ഭീകരര്‍ തന്നെ എങ്ങനെയൊക്കെയാണ് ലൈംഗികമായി പീഡിപ്പിക്കുകയും മര്‍ദ്ദിക്കുകയും ചെയ്തതെന്ന് ഇലാന വിവരിച്ചു. ‘അവസാന നിമിഷങ്ങളില്‍ എനിക്ക് എന്താണ് സംഭവിച്ചതെന്ന് അറിയാതെ, പകുതി നഗ്നയായ അവസ്ഥയിലാണ് ഞാന്‍ ഉണര്‍ന്നത്; എനിക്ക് ചുറ്റും ഏഴ് ഭീകരര്‍ നിന്നിരുന്നു. തടവിലായിരുന്ന ദിവസങ്ങളില്‍ വലിയ വേദനയിലൂടെയും ഭീതിയിലൂടെയുമാണ് ഞാന്‍ കടന്നുപോയത്. തകര്‍ന്ന ഇടുപ്പെല്ലും, പൊട്ടിയ താടിയെല്ലും, മുറിവേറ്റ മനസ്സുമായാണ് ഞാന്‍ തിരിച്ചുവന്നത്. നിങ്ങള്‍ മോചിപ്പിക്കപ്പെട്ടതുകൊണ്ട് മാത്രം ആ മാനസികാഘാതം ഇല്ലാതാകുന്നില്ല. ഇപ്പോഴും കേള്‍ക്കുന്ന ഓരോ വ്യോമാക്രമണ സൈറണും എന്നെ വീണ്ടും ആ നരകത്തിലേക്ക് എത്തിക്കുന്നു,’ ഇലാന പറഞ്ഞു.
‘ദയവായി എന്നെ ഒന്ന് നോക്കൂ, ഇപ്പോഴെങ്കിലും നിങ്ങള്‍ ഞങ്ങളെ വിശ്വസിക്കുന്നുണ്ടോ? നിങ്ങള്‍ മാപ്പ് പറയുമോ?’ എന്ന് ഇലാന ചോദിച്ചു. ഇസ്രായേല്‍ അനുകൂല എന്‍ജിഒ ആയ ‘യുഎന്‍ വാച്ച്’ ആണ് കൗണ്‍സിലിന് മുന്നില്‍ സാക്ഷ്യം നല്‍കാന്‍ ഇലാനയെ ക്ഷണിച്ചത്. അമ്മമാര്‍ക്കെതിരായ അതിക്രമങ്ങളെക്കുറിച്ച് യുന്‍ പ്രതിനിധി അല്‍സാലം ഒരു റിപ്പോര്‍ട്ട് അവതരിപ്പിച്ചതിന് തൊട്ടുപിന്നാലെയാണ് ഇലാന സംസാരിച്ചത്. ഈ റിപ്പോര്‍ട്ടില്‍ ഗാസയിലെ രണ്ടു വര്‍ഷത്തെ യുദ്ധത്തെക്കുറിച്ച് ചര്‍ച്ച ചെയ്തിരുന്നെങ്കിലും ഒക്ടോബര്‍ 7-ലെ ഹമാസ് ആക്രമണത്തെക്കുറിച്ച് പരാമര്‍ശിച്ചിരുന്നില്ല. പീഡനത്തില്‍ നിന്ന് രക്ഷപ്പെടാന്‍ തനിക്ക് ആര്‍ത്തവമാണെന്ന് ഭീകരരോട് പറയേണ്ടി വന്നതായും ഇലാന വെളിപ്പെടുത്തി. ഇവര്‍ക്ക് പുറമെ അമിത് സൂസന്ന, റോം ബ്രാസ്ലാവ്സ്‌കി, ദാഫ്ന എല്യാക്കിം തുടങ്ങിയ മോചിപ്പിക്കപ്പെട്ട മറ്റ് തടവുകാരും തങ്ങള്‍ക്ക് നേരിട്ട ക്രൂരമായ ലൈംഗിക അതിക്രമങ്ങള്‍ വെളിപ്പെടുത്തി മുന്നോട്ടുവന്നിട്ടുണ്ട്. ഒക്ടോബര്‍ 7-ലെ ആക്രമണത്തില്‍ കുറഞ്ഞത് ആറ് സ്ഥലങ്ങളിലെങ്കിലും വ്യാപകമായ ലൈംഗിക അതിക്രമങ്ങള്‍ നടന്നതിന് തെളിവുകളുണ്ടെന്ന് നിയമവിദഗ്ദ്ധരുടെ സ്വതന്ത്ര ഇസ്രായേലി കൂട്ടായ്മയായ ‘ദി ദിനാ പ്രൊജക്റ്റ്’ വ്യക്തമാക്കുന്നു.

