“ബക്കാർഡി കമ്പനിക്ക് വേണ്ടി”; സതീശൻ സർക്കാറിനുമേൽ ആദ്യ അഴിമതി ആരോപണം

insight kerala

വീര്യം കുറഞ്ഞ മദ്യത്തിന് നികുതിയിളവ് പ്രഖ്യാപിച്ചതിലൂടെ സംസ്ഥാനത്ത് സുലഭമായി ലഹരി ഒഴുകുമെന്ന് കാട്ടിയാണ് വിഷയം അടിയന്തര പ്രമേയമായി പ്രതിപക്ഷം കൊണ്ടുവന്നത്. കെ എൻ ബാലഗോപാൽ നൽകിയ നോട്ടീസിന് പക്ഷേ സ്പീക്കർ അവതരണാനുമതി നൽകിയില്ല. ബജറ്റിലെ നിർദ്ദേശം പ്രതിപക്ഷത്തിന് ചർച്ചയിൽ ഉന്നയിക്കുകയോ സബ്മിഷനായി കൊണ്ടുവരികയോ ചെയ്യാമെന്ന് ചൂണ്ടിക്കാട്ടിയ സ്പീക്കർ നോട്ടീസിന് അനുമതി നൽകിയില്ല.

എന്നാൽ ഗൗരവമുള്ള വിഷയമാണെന്നും റൂൾ 50 അനുവദിക്കണമെന്നും ആവശ്യപ്പെട്ട പ്രതിപക്ഷം മുദ്രാവാക്യങ്ങളുമായി നടുത്തളത്തിൽ ഇറങ്ങി. ഇതിനിടെ മദ്യത്തിന് നികുതിയിളവ് നൽകിയതിൽ സർക്കാരിനെതിരെ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ഗുരുതരമായ അഴിമതി ആരോപണം ഉയർത്തി. കർണാടകയിലെ സ്വകാര്യ കമ്പനിക്ക് വേണ്ടി അതിവേഗത്തിൽ ഫയൽ നീക്കം നടത്തിയതിന് പിന്നിൽ അഴിമതി എന്ന് പിണറായി വിജയൻ ആരോപിച്ചു

എന്നാൽ സഭയിൽ നോട്ടീസ് നൽകാതെ പ്രതിപക്ഷം അഴിമതി ഉന്നയിച്ചത് ചട്ടലംഘനം എന്ന് ചൂണ്ടിക്കാട്ടിയ മുഖ്യമന്ത്രി ആരോപണം രേഖകളിൽ നിന്ന് നീക്കണമെന്ന് ആവശ്യപ്പെട്ടു. ഗൗരവമേറിയ വിഷയത്തിൽ അടിയന്തര പ്രമേയത്തിന് നോട്ടീസ് അനുവദിക്കാത്തതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം വാക്കൗട്ട് നടത്തി. ഭരണപക്ഷത്ത് നിന്നുപോലും വ്യാപക വിമർശനം നേരിടുന്ന വിഷയം സഭയിൽ സംസാരിക്കാൻ പ്രതിപക്ഷ നേതാവിനെ അനുവദിക്കാത്തതിന് പിന്നിൽ മറ്റെന്തോ ചീഞ്ഞ് നാറുന്നുണ്ടെന്ന് വാക്കൗട്ടിന് ശേഷം മാധ്യമങ്ങളെ കണ്ട പ്രതിപക്ഷം ആരോപിച്ചു. അതേസമയം മദ്യനയത്തെ ചൊല്ലി സഭക്കകത്ത് പ്രതിപക്ഷ പ്രതിഷേധം ശക്തമാകുമ്പോഴും മുഖ്യമന്ത്രിയും എക്സൈസ് മന്ത്രിയും ഒരക്ഷരം പോലും പ്രതികരിക്കാൻ തയ്യാറായിരുന്നില്ല.

ഇൻസൈറ്റ് കേരളയുടെ ഏറ്റവും പുതിയ വാർത്തകൾ ആദ്യം ലഭിക്കാൻ ഔദ്യോഗിക വാട്ട്‌സാപ്പ് ചാനലിൽ അംഗമാകുക... ലിങ്ക് ക്ലിക്ക് ചെയ്യുക..
insight keralainsight kerala

Share This Article