Special Report
വീര്യം കുറഞ്ഞ മദ്യത്തിന് നികുതിയിളവ് നൽകിയ ബജറ്റ് പ്രഖ്യാപനം പ്രകമ്പനമുണ്ടാക്കുന്നത് ഭരണപക്ഷത്ത് തന്നെയാണ്. ധനമന്ത്രിയായ മുഖ്യമന്ത്രി തന്നെയാണ് ബജറ്റിൽ പ്രഖ്യാപനം നടത്തിയത്. പക്ഷേ തീരുമാനം കൂടിയാലോചന ഇല്ലാതെയായിരുന്നു എന്നത് മണിക്കൂറുകൾക്കുള്ളിൽ പരസ്യമാകുകയും ചെയ്തു. സർക്കാരിൻ്റെ മദ്യനയത്തിൽ ഉണ്ടായ നിർണായക തീരുമാനം മറ്റു മന്ത്രിമാർ അറിഞ്ഞിരുന്നില്ല. എക്സൈസ് മന്ത്രി പോലും ബജറ്റിൽ പ്രഖ്യാപിക്കുമ്പോഴാണ് അറിയുന്നത്. മന്ത്രി എം ലിജുവിൻ്റെ നീരസം വൈകാതെ പ്രകടമാക്കുകയും ചെയ്തു. യുഡിഎഫിൽ കൂടിയാലോചനകൾ നടത്തി മാത്രമേ മദ്യനയം തീരുമാനിക്കുകയുള്ളൂ എന്ന് മന്ത്രി പ്രഖ്യാപിച്ചു.
എം ലിജുവിനോട് നീരസമോ ?

ബെവ്‌കോയുടെ സിഎംഡി പദവിയിൽ നിന്ന് എം ആർ അജിത് കുമാറിനെ മാറ്റണമെന്ന് ചുമതല ഏറ്റപ്പോൾ തന്നെ എം ലിജു ആവശ്യപ്പെട്ടതാണ്. എന്നാൽ അതിൽ തീരുമാനം ഉണ്ടായില്ല. ഐപിഎസ് തലത്തിൽ വ്യാപക അഴിച്ചുപണി ഉണ്ടായിട്ടും അജിത് കുമാറിനെ മാത്രം മാറ്റിയില്ല. അതിലെ അതൃപ്തി എം ലിജു തുടരുമ്പോഴാണ് ഏകപക്ഷീയമായി മദ്യനയത്തിൽ മുഖ്യമന്ത്രിയുടെ തീരുമാനം. കെ സി വേണുഗോപാൽ പക്ഷക്കാരനായ എം ലിജുവുമായി മുഖ്യമന്ത്രി കൃത്യമായ ആശയവിനിമയം നടത്തുന്നില്ല എന്ന പരാതി ആദ്യമേ മന്ത്രിസഭയിലുണ്ട്. അതിനു പിന്നാലെയാണ് സ്വന്തം വകുപ്പിലെ സുപ്രധാന തീരുമാനം മന്ത്രിയെ ഇരുട്ടിൽ നിർത്തി മുഖ്യമന്ത്രി ഒറ്റയ്ക്ക് കൈകൊണ്ടത്.
ചെന്നിത്തലയ്ക്ക് തൂഫാനിൽ പണി കൊടുത്തതോ?

ആഭ്യന്തരമന്ത്രിയുടെ ആദ്യ ചുവടുവയ്പ് ലഹരിക്കെതിരായ പോരാട്ടമായിരുന്നു. ഓപ്പറേഷൻ തൂഫാൻ സമൂഹവും സമൂഹമാധ്യമങ്ങളും ഒരുപോലെ ഏറ്റെടുത്തു. ഓടിനടന്നാണ് ആഭ്യന്തരമന്ത്രി തൂഫാൻ വാര്യർമാരെ ചേർത്തുനിർത്തി ഈ ഓപ്പറേഷൻ വൻ വിജയമാക്കാൻ പരിശ്രമിക്കുന്നത്. ഒരു ഭാഗത്ത് ആഭ്യന്തരമന്ത്രി ലഹരി തുടച്ചു മാറ്റാൻ ശ്രമിക്കുമ്പോൾ മറുഭാഗത്ത് ധനമന്ത്രിയായ മുഖ്യമന്ത്രി ലഹരി ഒഴുക്കാൻ ശ്രമിക്കുന്നു എന്ന ആക്ഷേപം സർക്കാർ നേരിടുന്നു. സത്യത്തിൽ കഴിഞ്ഞ സർക്കാരിൻ്റെ ഓപ്പറേഷൻ ഡി ഹണ്ട് തന്നെയാണ് തൂഫാൻ . എന്നാൽ കൃത്യമായി ക്യാമ്പയിൻ ചെയ്യുന്നതിൽ രമേശ് ചെന്നിത്തലയുടെ പിആർ ടീം വിജയിച്ചതോടെയാണ് കയ്യടി കിട്ടിയത്. ഒരു ഘട്ടത്തിൽ “തൂക്കി മുഖ്യമന്ത്രിയും തൂഫാൻ ആഭ്യന്തര മന്ത്രിയും” എന്ന തലത്തിൽ വരെ കാര്യങ്ങളെത്തി. വീര്യം കുറഞ്ഞ മദ്യം വ്യാപിക്കുന്നതോടെ തൂഫാന് തിരിച്ചടിയാകുമെന്ന് വിലയിരുത്തലുണ്ട്. വി ഡി സതീശൻ എന്ന ധനകാര്യ വിദഗ്ധന്റെ ‘ദീർഘവീക്ഷണം’ ഇതിനു പിന്നിൽ പ്രവർത്തിച്ചിട്ടുണ്ട് എന്നാണ് കോൺഗ്രസിനുള്ളിലെ ഇപ്പോഴത്തെ ചർച്ച.
ലീഗും കേരള കോൺഗ്രസും കടുത്ത അതൃപ്തിയിൽ

മദ്യനയത്തിൽ തിരുത്തൽ വരുത്താൻ എല്ലാകാലവും നിലപാട് എടുക്കുന്നവരാണ് മുസ്ലിം ലീഗ്. ഇത്തവണ ബജറ്റിലെ പ്രഖ്യാപനത്തിൽ വീട് കടുത്ത നീരസത്തിൽ തന്നെയാണ്. സമസ്തയും കാന്തപുരവും തൂഫാൻ വാര്യർമാരാണ്. ലഹരിക്കെതിരെ പോരാട്ടത്തിലെ അംബാസിഡർമാർ. ഈ ഘട്ടത്തിൽ ബജറ്റിലെ പ്രഖ്യാപനത്തെ പിന്തുണയ്ക്കാൻ കഴിയില്ല. കെസിബിസി മദ്യവർജനത്തിനായി പോരാടുമ്പോൾ കേരള കോൺഗ്രസ് ഒപ്പം നിൽക്കുന്നവരാണ്. പുതിയ മദ്യനയത്തിൽ വിയോജിപ്പ് പ്രകടിപ്പിച്ചു കഴിഞ്ഞു.
വി എം സുധീരൻ്റെ കത്ത്
ബജറ്റിലെ പ്രഖ്യാപനത്തിൽ തിരുത്തൽ വേണമെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് വി എം സുധീരൻ തന്നെ നേരിട്ട് രംഗത്ത് വരുമ്പോൾ കോൺഗ്രസിനുള്ളിലും സർക്കാരിലും കൂടുതൽ തർക്കങ്ങൾക്ക് വഴിവയ്ക്കുന്നു. പാർട്ടിക്കുള്ളിലെ ഭിന്നതയും ഘടകകക്ഷികളുടെ വിയോജിപ്പും മുഖ്യമന്ത്രി എടുത്ത തീരുമാനത്തിൽ പ്രതിസന്ധി സൃഷ്ടിക്കും.
അടുത്ത മന്ത്രിസഭായോഗത്തിൽ പൊട്ടിത്തെറി ഉണ്ടാകുമോ?
ബുധനാഴ്ച മന്ത്രിസഭാ യോഗം ചേരുമ്പോൾ മന്ത്രിമാർ വിയോജിപ്പ് പ്രകടിപ്പിക്കും എന്നാണ് സൂചന. വിഷയത്തിൽ കെസി വേണുഗോപാലും കടുത്ത അതൃപ്തിയിലാണ്. എം ലിജുവും രമേശ് ചെന്നിത്തലയും മന്ത്രിസഭാ യോഗത്തിൽ വിഷയം അവതരിപ്പിക്കും. മുഖ്യമന്ത്രി എന്ത് നിലപാട് സ്വീകരിക്കും എന്നാണ് അറിയേണ്ടത്. കുഞ്ഞാലിക്കുട്ടിയുടെ നിലപാട് നിർണായകമാകും. അതേസമയം മുഖ്യമന്ത്രി തീരുമാനത്തിൽ നിന്ന് ഒട്ടും പിന്നോട്ട് പോകില്ല എന്നാണ് ലഭിക്കുന്ന വിവരം. അങ്ങനെയെങ്കിൽ കന്നി ബജറ്റിലെ സുപ്രധാന പ്രഖ്യാപനത്തെ ചൊല്ലി വൻ പൊട്ടിത്തെറിയാകുമോ സർക്കാറിനെ കാത്തിരിക്കുന്നത്. എന്തായാലും നാളെ നിയമസഭായോഗം ചേരുമ്പോൾ പ്രതിപക്ഷത്തിന്റെ ഏറ്റവും വലിയ ആയുധവും വീര്യം കുറഞ്ഞ മദ്യം തന്നെയാകും.

