മുഖ്യമന്ത്രി വി.ഡി. സതീശനും കുടുംബത്തിനുമെതിരെ വധഭീഷണി നടത്തിയ സംഭവത്തിൽ ഒരാൾ പിടിയിൽ. ആറ്റിങ്ങൽ, വാളക്കാട് സ്വദേശി ചരുവിള വീട്ടിൽ തോമസ് മകൻ സോണി തോമസാണ് പിടിയിലായത്. മദ്യലഹരിയിലാണ് ഫോൺ വിളിച്ചതെന്നും ഇയാൾക്ക് മാനസിക പ്രശ്നമുള്ളതായി സംശയിക്കുന്നുവെന്നും പൊലീസ് വ്യക്തമാക്കി. തിരുവനന്തപുരം സിറ്റി പോലീസ് കമാൻഡിംഗ് സെന്ററിലെ ഔദ്യോഗിക ഫോൺ നമ്പറിലേക്കാണ് വെള്ളിയാഴ്ച വൈകിട്ട് ഭീഷണി സന്ദേശമെത്തിയത്. മുഖ്യമന്ത്രി വി.ഡി സതീശനെയും കുടുംബത്തെയും കൊലപ്പെടുത്തി തനിക്ക് ‘പ്രശസ്തനാകണം’ എന്നാണ് ഫോൺ ചെയ്തയാൾ പറഞ്ഞത്. വി.ഡി. സതീശനെ തനിക്ക് ഇഷ്ടമല്ലെന്നും മുഖ്യമന്ത്രിക്ക് ഇപ്പോൾ നൽകിയിരിക്കുന്ന സുരക്ഷ മതിയോ എന്നും ഇയാൾ പോലീസിനോട് ചോദിച്ചു. ഭാരതീയ ന്യായ സംഹിതയിലെ 353, 351(4), 296(b) എന്നീ വകുപ്പുകളും കേരള പോലീസ് ആക്ട് 120(o) വകുപ്പുമാണ് പ്രതിക്കെതിരെ ചുമത്തിയിരിക്കുന്നത്.
