കോഴിക്കോട് : നിപ സ്ഥിരീകരിച്ച ഫറോക്ക് സ്വദേശിയായ യുവാവിനെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലെ ഐസൊലേഷൻ വാർഡിലേക്ക് മാറ്റി. മെഡിക്കൽ കോളജിലും പരിസരപ്രദേശങ്ങളിലും കർശന നിയന്ത്രണം ഏർപ്പെടുത്തി. സ്ഥിതിഗതികൾ വിലയിരുത്താൻ ആരോഗ്യമന്ത്രി കെ മുരളീധരൻ്റെ അധ്യക്ഷതയിൽ ഇന്ന് ഉന്നതതല യോഗം ചേരും. ഉച്ചയ്ക്ക് 12 മണിക്ക് തിരുവനന്തപുരത്താണ് യോഗം.
ഇന്നലെ രാത്രി കോഴിക്കോട് മെഡിക്കൽ കോളജ് ലാബിൽ നടത്തിയ പരിശോധനയിലാണ് ഫറോക്ക് സ്വദേശിയായ 43കാരന് നിപ കണ്ടെത്തിയത്. കൂടുതൽ വിദഗ്ധ പരിശോധനയ്ക്കായി പുണെ എൻഐവിയിലേക്ക് സ്രവസാമ്പിളുകൾ അയച്ചിട്ടുണ്ട്. രോഗിക്ക് ആരൊക്കെയായി സമ്പർക്കം ഉണ്ടായിട്ടുണ്ടെന്ന് കണ്ടെത്താനുള്ള ശ്രമം ആരോഗ്യവകുപ്പ് ആരംഭിച്ചു. സമ്പർക്കപ്പട്ടിക ഇന്ന് തയ്യാറാക്കും. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലും ഡീ അഡിക്ഷൻ സെൻ്ററിലും ഇയാൾ പോയിരുന്നതായി റിപ്പോർട്ടുകളുണ്ട്.
ബന്ധുക്കളോടും ഏറ്റവും കൂടുതൽ സമ്പർക്കം പുലർത്തിയവരോടും ക്വാറൻ്റൈനിൽ പോകാൻ നിർദേശിച്ചിട്ടുണ്ട്. വെൻ്റിലേറ്റർ സഹായത്തോടെയാണ് രോഗി നിലവിൽ ചികിത്സയിലുള്ളത്. നിപ രോഗിയെ പ്രവേശിപ്പിച്ച വാർഡിന് സമീപത്ത് കർശന നിയന്ത്രണം ഏർപ്പെടുത്തിയതായി മെഡിക്കൽ കോളജ് ആശുപത്രി സൂപ്രണ്ട് അറിയിച്ചു. പ്രത്യേക ബാരിക്കേഡുകൾ സ്ഥാപിച്ചു. എസ്ഡിഎസ് ബ്ലോക്കിലേക്കുള്ള വഴി അടച്ചു. വാർഡിൻ്റെ പരിസരത്തെ പാർക്കിങ്ങും പൂർണമായി നിരോധിച്ചു. ഡിസ്ചാർജ് ചെയ്യുന്ന രോഗികൾ ഉൾപ്പെടെ ആശുപത്രിയുടെ പ്രധാന ഗേറ്റ് ഉപയോഗിക്കണമെന്ന് മെഡിക്കൽ കോളജ് സൂപ്രണ്ട് നിർദേശിച്ചു.

