പിടിച്ചുവച്ച ശമ്പളം തിരികെ നല്‍കിയില്ല; മനുഷ്യാവകാശ കമ്മീഷന്‍ വിശദീകരണം തേടിയിട്ടും കുലുക്കമില്ല; ജമാഅത്ത് പത്രത്തിന്റെ തൊഴിലാളി ദ്രോഹ നടപടികള്‍ തുടരുന്നു; മാധ്യമം ജീവനക്കാര്‍ പട്ടിണിയിലേക്ക്

insight kerala

സ്‌പെഷ്യല്‍ റിപ്പോര്‍ട്ട്

എം മാധവദാസ്

കോഴിക്കോട്: ന്യൂനപക്ഷങ്ങളുടെയും, പാര്‍ശ്വവത്ക്കരിക്കപ്പെട്ടവരുടെയും, തൊഴിലാളികളുടെയുമൊക്കെ അവകാശങ്ങള്‍ക്കായി നിരന്തരം പൊരുതുന്ന സംഘടനയാണ് തങ്ങളെന്നാണ്, കേരളത്തിലെ ജമാഅത്തെ ഇസ്ലാമി അവകാശപ്പെടുന്നത്. എന്നാല്‍ അതേ ജമാഅത്തെ ഇസ്ലാമി നടത്തുന്ന, മാധ്യമം ദിനപത്രത്തില്‍ സമാനതകളില്ലാത്ത പീഡനമാണ് തൊഴിലാളികള്‍ക്ക് നേരിട്ടുകൊണ്ടിരിക്കുന്നത്. ഇവിടെ 6 മാസത്തെ ശമ്പളക്കുടിശ്ശിക ബാക്കിയുണ്ട്. ജീവനക്കാരുടെ ന്യായമായ ഒരു അവകാശവും മനേജ്‌മെന്റ് അംഗീകരിച്ചിട്ടില്ല. ഇപ്പോള്‍ മാധ്യമം ജീവനക്കാരുടെ ദയീനമായ അവസ്ഥയില്‍ മനുഷ്യവകാശ കമ്മീഷന്‍ ഇടപെട്ടിരിക്കയാണ്.

ഇൻസൈറ്റ് കേരളയുടെ ഏറ്റവും പുതിയ വാർത്തകൾ ആദ്യം ലഭിക്കാൻ ഔദ്യോഗിക വാട്ട്‌സാപ്പ് ചാനലിൽ അംഗമാകുക... ലിങ്ക് ക്ലിക്ക് ചെയ്യുക..
insight keralainsight kerala

മാധ്യമം ദിനപത്രത്തില്‍ നിന്നും വിവിധ തസ്തികകളില്‍ വിരമിച്ച വ്യക്തികള്‍ക്ക് 2020 ഏപ്രില്‍ മുതല്‍ 2022 മാര്‍ച്ച് വരെയുള്ള കാലയളവില്‍ ജീവനക്കാരില്‍ നിന്നും സ്ഥാപനം പിടിച്ചുവച്ച ശമ്പളം തിരികെ നല്‍കിയില്ലെന്ന പരാതിയില്‍ മനുഷ്യാവകാശ കമ്മീഷന്‍ വിശദീകരണം തേടിയിരിക്കയാണ്. മാധ്യമം മാനേജിംഗ് ഡയറക്ടര്‍ 15 ദിവസത്തിനുള്ളില്‍ വിശദീകരണം സമര്‍പ്പിക്കണമെന്ന് കമ്മീഷന്‍ ജുഡീഷ്യല്‍ അംഗം കെ. ബൈജുനാഥ് നിര്‍ദ്ദേശിച്ചു. പിടിച്ചുവച്ച തുകയുടെ 50 ശതമാനം നല്‍കിയെങ്കിലും, ബാക്കി തുക ഔദ്യോഗിക യൂണിയനുകളുമായോ വിരമിച്ചവരുമായോ ചര്‍ച്ച ചെയ്ത് നല്‍കാമെന്ന് 2024 ജൂണ്‍ 26 ന് ഒപ്പുവച്ച കരാറിലെ വ്യവസ്ഥകള്‍ പാലിക്കാന്‍ മാനേജ്‌മെന്റ് വിസമ്മതിക്കുന്നതായി പരാതിയില്‍ പറയുന്നു. പ്രക്ഷോഭങ്ങളില്‍ നിന്ന് ജീവനക്കാരെ പിന്തിരിപ്പിക്കാന്‍ വേണ്ടി ഉണ്ടാക്കിയ കരാറാണിതെന്നും പരാതിയില്‍ പറയുന്നു. സാമ്പത്തിക പ്രതിസന്ധിയുണ്ടെന്ന് പറയുമ്പോള്‍ തന്നെ അടുത്ത കാലത്ത് പിരിഞ്ഞു പോയ ചില ജീവനക്കാര്‍ക്ക് ലക്ഷകണക്കിന് രൂപയുടെ ആനുകൂല്യങ്ങള്‍ നന്‍കിയതായും പരാതിയില്‍ പറയുന്നു. ജൂണ്‍ 23 ന് വെസ്റ്റ്ഹില്‍ പി.ഡബ്ല്യു. ജി റസ്റ്റ്‌ഹൌസില്‍ നടക്കുന്ന സിറ്റിംഗില്‍ കേസ് പരിഗണിക്കും. സി.എം നൗഷാദ് അലിയും മറ്റുള്ളവരും സമര്‍പ്പിച്ച പരാതിയിലാണ് നടപടി.

പ്രശ്‌നം പരിഹാരമില്ലാതെ തുടരുന്നു

അതേസമയം കഴിഞ്ഞ മൂന്നാലുവര്‍ഷങ്ങളായി തുടരുന്ന മാധ്യമത്തിലെ ശമ്പള പ്രതിസന്ധി അതുപോലെ തുടരുകയാണ്. മൂന്നാനാലോ മാസം കൂടുമ്പോള്‍ വല്ലതും കിട്ടിയെങ്കിലായി എന്നതാണ് മാധ്യമത്തിലെ ഇപ്പോഴത്തെ അവസ്ഥ. അക്ഷരാര്‍ത്ഥത്തില്‍ പട്ടിണിയിലാണ് മാധ്യമം ജീവനക്കാര്‍. ശമ്പള നിഷേധത്തിനെതിരെ പ്രതിഷേധിച്ച ജീവനക്കാര്‍ക്കെതിരെ പ്രതികാര നടപടിയെടുക്കയാണ് മാനേജ്മെന്റ് ചെയ്തത്. സ്ഥാപനത്തിലെ നിരവധി ജീവനക്കാരെ കൂട്ടമായി സ്ഥലം മാറ്റിയിരിക്കുകയാണ്. 22 ജേണലിസ്റ്റുകളെയും 17 നോണ്‍ ജേണലിസ്റ്റുകളെയുമാണ് സ്ഥലം മാറ്റിയത്. ശമ്പളനിഷേധം അവസാനിപ്പിക്കാന്‍ ആവശ്യപ്പെട്ടു കൊണ്ടുള്ള 24 മണിക്കൂര്‍ ഉപവാസം നടന്ന് മണിക്കൂറുകള്‍ മാത്രം പിന്നിടുമ്പോഴാണ് ഈ നടപടിയെടുത്തത്.

പൂര്‍ണമായി പ്രവര്‍ത്തിക്കാത്ത ബ്യൂറോകളിലേക്ക് പോലും ആളുകളെ മാറ്റിയിട്ടുണ്ടെന്ന് പത്രപ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന പ്രസിഡന്റ് കെ പി റെജി റിപ്പോര്‍ട്ടറിനോട് പറഞ്ഞു. അഞ്ച് മാസമായി ശമ്പളം പോലും ലഭിക്കാത്തവരെ ദൂര നാടുകളിലേക്ക് സ്ഥലം മാറ്റുക മാത്രമല്ല, അവര്‍ക്ക് അവിടെ താമസിക്കാനുള്ള ഇടം കണ്ടെത്താനുള്ള അലവന്‍സ് പോലും മാധ്യമം നല്‍കുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സംയുക്ത ട്രേഡ് യൂണിയന്റെ ആഭിമുഖ്യത്തില്‍ ചൊവ്വാഴ്ച നടന്ന സമരത്തില്‍ കെ പി റെജിയായിരുന്നു 24 മണിക്കൂര്‍ ഉപവാസമിരുന്നത്.

‘മാധ്യമത്തിന്റെ തിരുവനന്തപുരത്തെ യൂണിറ്റില്‍ നാമമാത്രമായ പ്രവര്‍ത്തനങ്ങളെ നടക്കുന്നുള്ളു. അവിടേക്കാണ് കോഴിക്കോടുള്ള ഒരു ഓഫീസ് അസിസ്റ്റന്റ് സ്റ്റാഫിനെ സ്ഥലം മാറ്റിയിരിക്കുന്നത്. കോഴിക്കോട് സെന്‍ട്രല്‍ ഡെസ്‌കിലെ പ്രധാന സ്ഥാനത്ത് ഇരിക്കുന്ന ഒരു ജേണലിസ്റ്റിനെ കാസര്‍ക്കോടേക്കും മറ്റൊരാളെ ആലപ്പുഴയിലേക്കുമെല്ലാം മാറ്റിയിരിക്കുകകയാണ്. ഇതിനുശേഷമാണ്, അന്നത്തെ തൊഴില്‍ മന്ത്രി വി ശിവന്‍കുട്ടിയുടെ സാനിധ്യത്തില്‍ ചര്‍ച്ച നടന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ മാധ്യമം ജീവനക്കാര്‍ സമരത്തില്‍നിന്ന് പിന്‍മാറിയിരുന്നു. പക്ഷേ മന്ത്രിയുടെ സാനിധ്യത്തില്‍ പറഞ്ഞ വാക്കുകളും പാലിക്കപ്പെട്ടില്ല. ഇനി പുതിയ സര്‍ക്കാറിലാണ് മാധ്യമം ജീവനക്കാരുടെ പ്രതീക്ഷ.

Share This Article