തിരുവനന്തപുരം: ഐഎഎസ് തലപ്പത്ത് വൻ അഴിച്ചുപണി. എൽഡിഎഫ് സർക്കാർ സസ്പെൻഡ് ചെയ്ത ബി അശോകിനും എൻ പ്രശാന്തിനും പുതിയ ചുമതകൾ നൽകി. ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ പ്രിൻസിപ്പൽ സെക്രട്ടറിയായാണ് ബി അശോകിനെ നിയമിച്ചിരിക്കുന്നത്. കായിക വകുപ്പിന്റെ സ്പെഷ്യൽ സെക്രട്ടറിയായാണ് എൻ പ്രശാന്തിന് നിയമനം നൽകിയിരിക്കുന്നത്. വിഴിഞ്ഞം തുറമുഖ എംഡി സ്ഥാനത്തുനിന്ന് ദിവ്യ എസ് അയ്യരെ നീക്കി. തദ്ദേശ വകുപ്പ് പ്രിൻസിപ്പൽ ഡയറക്ടറായാണ് ദിവ്യ എസ് അയ്യരെ നിയമിച്ചിരിക്കുന്നത്. സാംസ്കാരിക വകുപ്പ് ഡയറക്ടർ സ്ഥാനത്തുനിന്നും ദിവ്യ എസ് അയ്യരെ നീക്കിയിട്ടുണ്ട്.
പിണറായി സർക്കാരിൻ്റെ കാലത്ത് മുഖ്യമന്ത്രിയെയും അദ്ദേഹത്തിൻറെ പ്രൈവറ്റ് സെക്രട്ടറിയുമായിരുന്ന കെ കെ രാഗേഷിനെയും പുകഴ്ത്തി സോഷ്യൽ മീഡിയയിൽ രംഗത്ത് വരികയും കോൺഗ്രസ് വിമർശിച്ചപ്പോൾ തൻറെ നിലപാടിൽ വീണ്ടും ഉറച്ചു നിൽക്കുകയും ചെയ്ത ഐഎഎസ് കാരിയാണ് ദിവ്യ എസ് അയ്യർ . കോൺഗ്രസ് മുൻ എംഎൽഎയും നിലവിൽ കൗൺസിലറുമായ കെ എസ് ശബരിനാഥിന്റെ ഭാര്യയായ ദിവ്യ എസ് അയ്യർ സിപിഎം നേതാക്കളെ തുടർച്ചയായി പുകഴ്ത്തുമ്പോൾ കോൺഗ്രസ് സൈബർ ഇടങ്ങളിൽ വലിയ വിമർശനമാണ് ഏറ്റുവാങ്ങിയിരുന്നത്.
കെആര്‍ ജ്യോതി ലാല്‍ ധനകാര്യവകുപ്പില്‍ അഡീഷണല്‍ ചീഫ് സെക്രട്ടറിയായും പുനീത് കുമാര്‍ കേരള ഹൗസ് റെസിഡന്റ് കമ്മീഷണറായും അദീന അബ്ദുള്ള പിഡ്ബ്ലുഡി സ്പെഷ്യല്‍ സെക്രട്ടറിയായും രാജുനാരായണ സ്വാമി സൈനിക ക്ഷേമവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയായും എംജി രാജമാണിക്യം കെഎസ്ഇബി സിഎംഡിയായും നിയമിച്ചു.

