special report
എം മാധവദാസ്
കൊച്ചി: സ്വന്തം മരണവാര്‍ത്ത കേള്‍ക്കുക, എന്ന അപൂര്‍വങ്ങളില്‍ അപൂര്‍വമായ കാര്യത്തിന് നിരവധി തവണ സാക്ഷിയായ നടനാണ് ഇന്നലെ അന്തരിച്ച സലീംകുമാര്‍. ചുരുങ്ങിയത് നാലുതവണയെങ്കിലും സോഷ്യല്‍ മീഡിയ അദ്ദേഹത്തെ കൊന്നിട്ടുണ്ട്. സലീംകുമാറിന് വിട എന്ന പോസ്റ്റുകള്‍ വായിച്ച് അദ്ദേഹം ചിരിക്കുകയും ചെയ്തു. മറ്റുള്ളവരുടെ വീഴ്ച ആഘോഷിക്കാനുള്ള മലയാളിയുടെ വാസനയോടും സലീംകുമാറിന് പുച്ഛം മാത്രമായിരുന്നു.
തന്റെ വ്യാജ മരണവാര്‍ത്തകളോട് ഹാസ്യവും പരിഹാസവും കലര്‍ന്ന തികച്ചും പോസിറ്റീവായ രീതിയിലാണ് സലീം കുമാര്‍ പ്രതികരിച്ചിട്ടുള്ളത്. താന്‍ ജീവിച്ചിരിക്കുമ്പോള്‍ തന്നെ പത്തോളം തവണ ഇത്തരത്തില്‍ സോഷ്യല്‍ മീഡിയ വഴി വ്യാജ മരണവാര്‍ത്തകള്‍ പ്രചരിച്ചിട്ടുണ്ടെന്ന് അദ്ദേഹം മുന്‍പ് വ്യക്തമാക്കിയിട്ടുണ്ട്. ഒരു മാധ്യമ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞത്, വ്യാജ വാര്‍ത്തകളില്‍ ഒന്നില്‍ ‘മഹാനായ നടന് യാത്രയായി’ എന്നാണ് എഴുതിയിരുന്നത് എന്നാണ്. അത് വായിച്ചപ്പോള്‍ തനിക്ക് വലിയ അഭിമാനം തോന്നിയെന്നും, ‘മരണം ഒരാളെ മഹാനാക്കും എന്ന പഴമൊഴി എന്നിലൂടെ അന്വര്ത്ഥമാകുകയാണെന്നും സലീംകുമാര്‍ തമാശയായി
”മറ്റുള്ളവരുടെ മരണവാര്‍ത്തകളില്‍ സന്തോഷം കണ്ടെത്താന്‍ മലയാളികള്‍ക്ക് ഒരു പ്രത്യേക പ്രവണതയുണ്ട്. ഞാന്‍ ചെറിയ അസുഖങ്ങളുമായി ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടുമ്പോള്‍ പോലും, ചിലര്‍ അതിനെ വല്ലാതെ ഊതിപ്പെരുപ്പിച്ച് വലിയ വാര്‍ത്തയാക്കും. മരണം എനിക്ക് പുത്തരിയല്ല, അത് പ്രകൃതിനിയമമാണ്. നമ്മളെല്ലാം ഒരേ തോണിയില്‍ സഞ്ചരിക്കുന്നവരാണ്. ഒരിക്കല്‍ മരണമാകുന്ന ചുഴിയില്‍ അകപ്പെടും”- സലീം കുമാര്‍ ഒരിക്കല്‍ പറഞ്ഞു.
ആരോഗ്യം ശ്രദ്ധിക്കണമെന്ന് പറഞ്ഞ സഹപ്രവര്‍ത്തകനോട് സലീംകുമാറിന്റെ കൗണ്ടര്‍ ഇങ്ങനെ-”എടാ മോനേ, ഒരു ചെറുപ്പക്കാരന്റെ കരളാണ് എനിക്ക് മാറ്റിവെച്ചിരിക്കുന്നത്. അതങ്ങനെ കുഴപ്പമൊന്നുമില്ലാതെ ഓടിക്കോളും, ഡോണ്ട്വറി…”. ആരോ എഴുതിയ തിരക്കഥ പോലെയാണ് ജീവിതം. എന്തൊക്കെ അവാര്‍ഡ് വാങ്ങിയാലും ശരി, ജീവിതം ഒരു ഐ.സി.യു.വില്‍ തീരാവുന്നതേയുള്ളൂ ഒരിക്കല്‍ അദ്ദേഹം ഇങ്ങനെയും പറഞ്ഞു.
കപടവൈദ്യങ്ങള്ക്കെതിരെ
സലീം കുമാറിനെ വര്‍ഷങ്ങളോളം അലട്ടിയിരുന്നത് കരള്‍ സംബന്ധമായ അസുഖമായിരുന്നു ഈ രോഗാവസ്ഥ മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് അദ്ദേഹം മുന്‍പ് ഒരു കരള്‍ മാറ്റിവെക്കല്‍ ശസ്ത്രക്രിയയ്ക്കും വിധേയനായിരുന്നു. മദ്യപാനം മൂലമാണ് അദ്ദേഹത്തിന് ഈ രോഗം വന്നതെന്ന തരത്തില്‍ പല പ്രചാരണങ്ങളും ഉണ്ടായിരുന്നെങ്കിലും, തനിക്ക് ലിവര്‍ സിറോസിസ് ഉണ്ടായത് പാരമ്പര്യമായ കാരണങ്ങള്‍ കൊണ്ടാണെന്ന് അദ്ദേഹം തുറന്നുപറഞ്ഞിട്ടുണ്ട്. ഒരു ചായ പോലും കുടിക്കാത്ത തന്റെ സഹോദരനും ഇതേ അസുഖം വന്നിട്ടുണ്ടെന്ന് സലീംകുമാര്‍ വ്യക്തമാക്കിയിരുന്നു.

ശസ്ത്രക്രിയയോടുള്ള ഭയം കാരണം തുടക്കത്തില്‍ താന്‍ കപട വൈദ്യന്മാരുടെയും വ്യാജ പ്രകൃതിചികിത്സകരുടെയും കെണിയില്‍ അകപ്പെട്ടുപോയതിനെക്കുറിച്ചും, അത് തന്റെ ആരോഗ്യം കൂടുതല്‍ വഷളാക്കിയതിനെക്കുറിച്ചും ഒരു മെഡിക്കല്‍ സെമിനാറില്‍ അദ്ദേഹം സ്വന്തം അനുഭവം വെച്ച് പരസ്യമായി പ്രതികരിച്ചിട്ടുണ്ട്. -”രോഗം ബാധിച്ചപ്പോള്‍ ഒരു വ്യാജ വൈദ്യന് കുറച്ചു പച്ചിലമരുന്നുകള് നല്‍കുകയും 51 ദിവസം കഞ്ഞി മാത്രം കുടിച്ച് അത് കഴിക്കാന്‍ നിര്‍ദ്ദേശിക്കുകയും ചെയ്തു. രോഗം കൂടുകയല്ലാതെ ഒരു മാറ്റവും ഉണ്ടായില്ല. തുടര്‍ന്ന് ആ വൈദ്യനെ വിളിച്ചപ്പോള്‍, ‘നിങ്ങള്‍ക്ക് ഫോര്‍ത്ത് സ്റ്റേജ് കാന്‍സറാണ്, നിങ്ങള്‍ വല്ല മോഡേണ്‍ ഡോക്ടറെയും പോയി കാണൂ’ എന്നായിരുന്നു മറുപടി.”- ഇത്തം ചികിത്സകള്‍ വലിയ തട്ടിപ്പാണെന്ന് സലീംകുമാര്‍ തുറന്നു പറഞ്ഞു.
കൊവിഡ് സമയത്ത് വ്യാജ കൊവിഡ് മരുന്ന് അവകാശപ്പെടുകയും പിന്നീട് കൊവിഡ് ബാധിച്ചുതന്നെ മരിക്കുകയും ചെയ്ത മോഹനന് വൈദ്യരുടെ അടുത്തും സലീം കുമാര്‍ ചികിത്സയ്ക്കായി പോയിരുന്നു. അവിടെയും രോഗം കൂടുകയാണ് ചെയ്തതെന്ന് അദ്ദേഹം തുറന്നടിച്ചു. മറ്റൊരു വ്യാജ വൈദ്യന് 500 തേങ്ങയുടെ വെള്ളം ഉപയോഗിച്ച് ഒരു പ്രത്യേക കഷായം ഉണ്ടാക്കാന്‍ നിര്‍ദ്ദേശിച്ചു. അത് പരാജയപ്പെട്ടപ്പോള്‍, ‘ആ മരുന്ന് കളയേണ്ട, ശരീരത്തില്‍ എവിടെയെങ്കിലും പൊള്ളലേറ്റാല്‍ പുരട്ടാന്‍ നല്ലതാണ്’ എന്നായിരുന്നു ആ വൈദ്യന്റെ ന്യായീകരണമെന്നും സലീം കുമാര്‍ പറയുന്നു.
ഇത്തരം കപട ചികിത്സകള്‍ കാരണം തന്റെ ശരീരത്തിന്റെ അവസ്ഥ കൂടുതല്‍ പരിതാപകരമാവുകയും സാമ്പത്തികമായി വലിയ നഷ്ടം വരികയും ചെയ്തതായി അദ്ദേഹം തുറന്നുപറഞ്ഞു. ശാസ്ത്രീയമായ ആധുനിക വൈദ്യശാസ്ത്രത്തെ തക്കസമയത്ത് ആശ്രയിക്കാത്തതാണ് പലരുടെയും ജീവന് അപകടത്തിലാക്കുന്നതെന്നും, തന്റെ അനുഭവം ആര്‍ക്കും ഉണ്ടാകരുതെന്നും അദ്ദേഹം ജനങ്ങളെ ഓര്‍മ്മിപ്പിക്കാറുണ്ട്.

