എം മാധവദാസ്
പാലക്കാട്: എന്തിലും ഏതിലും മതം കയറ്റുന്ന രീതിയില്‍ സങ്കുചിതനായി മാറുകയാണോ, മലയാളി. പാലക്കാട് പുതുനഗരത്തുനിന്ന് വരുന്ന വാര്‍ത്തകള്‍ അതാണ് സൂചിപ്പിക്കുന്നത്. ഇവിടെ ഇസ്ലാം ഫ്രണ്ട്ലിയായ, ശരീയത്ത് നിയമങ്ങള്‍ക്ക് അനുസൃതമായ ജിം പ്രവര്‍ത്തനം തുടങ്ങിയിരിക്കയാണ്. കഴിഞ്ഞ 15 വര്‍ഷമായി പ്രവര്‍ത്തിക്കുന്ന ഒരു ഫിറ്റ്‌നസ് സെന്റര്‍ പുതുക്കിപ്പണിത ശേഷമാണ് ഇത്തരമൊരു മാറ്റത്തോടെ റീലോഞ്ച് ചെയ്യുന്നത്. ഈ പ്രഖ്യാപനത്തെ തുടര്‍ന്ന് വലിയ രീതിയിലുള്ള സാമൂഹ്യമാധ്യമ ചര്‍ച്ചകളും വിവാദങ്ങളും നിലനില്‍ക്കുന്നുണ്ട്.
ഇത് ഹലാല്‍ ജിം!
സ്ത്രീക്കും പുരുഷനും വെവ്വേറെ സമയങ്ങളിലായിരിക്കും ഇവിടെ വര്‍ക്കൗട്ട് സൗകര്യം ഉണ്ടായിരിക്കുക. മിക്‌സഡ് വര്‍ക്കൗട്ട് അനുവദിക്കില്ല.ജിമ്മില്‍ എത്തുന്നവര്‍ ശരീരം മറയുന്ന രീതിയിലുള്ള വസ്ത്രങ്ങള്‍ ധരിക്കണം. സ്ത്രീകള്‍ ഹിജാബ് ധരിക്കണമെന്നും നിര്‍ദ്ദേശമുണ്ട്.ജിമ്മുകളില്‍ സാധാരണയായി വെക്കാറുള്ള ഉച്ചത്തിലുള്ള സിനിമാ പാട്ടുകളോ മറ്റ് സംഗീതങ്ങളോ ഇവിടെ ഉണ്ടായിരിക്കില്ല. പുരുഷന്മാര്‍ക്ക് പുരുഷ ട്രെയിനര്‍മാരും സ്ത്രീകള്‍ക്ക് വനിതാ ട്രെയിനര്‍മാരും ക്ലാസുകള്‍ നല്‍കും.
ംതുടക്കത്തില്‍ പങ്കുവെച്ച പ്രൊമോഷണല്‍ വീഡിയോ വിവാദമായതിനെ തുടര്‍ന്ന് ജിം ഉടമയായ നവാസ് മുത്തു വ്യക്തതയുമായി രംഗത്തെത്തിയിരുന്നു. ഇത് മുസ്ലിംങ്ങള്‍ക്ക് മാത്രമുള്ള ജിം അല്ലെന്നും, എല്ലാ മതസ്ഥര്‍ക്കും ഇവിടെ പ്രവേശനമുണ്ടായിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. ഇസ്ലാമിക തത്ത്വങ്ങള്‍ പാലിച്ച് വ്യായാമം ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അനുയോജ്യമായ അന്തരീക്ഷം ഒരുക്കുക മാത്രമാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്നും ഉടമ അറിയിച്ചു.
എവിടെയും കയറിവരുന്ന മതം
മതനിയമങ്ങള്‍ക്ക് അനുസരിച്ച് സ്ഥാപനങ്ങള്‍ തുടങ്ങുന്ന പ്രവണത നേരത്തേ കേരളത്തിലുണ്ട്. ഉദാഹരണമായി ഹലാല്‍ ഫുഡ്. ഇത് സമൂഹത്തില്‍ വലിയ വിഭാഗീയത കൊണ്ടുവരികയാണ്. എന്നാല്‍ ഭരണഘടന ഉറപ്പുനല്‍കുന്ന വിശ്വാസ സ്വാതന്ത്ര്യത്തിന്റെ ഭാഗമായി, തങ്ങളുടെ മതനിയമങ്ങള്‍ക്ക് അനുസൃതമായ ഭക്ഷണവും ജീവിതരീതിയും തിരഞ്ഞെടുക്കാന്‍ പൗരന്മാര്‍ക്ക് അവകാശമുണ്ട് എന്നാണ് ഒരു വിഭാഗം പറയുന്നത്.
നേരത്തെ ഹലാല്‍ ഭക്ഷണ വിവാദം വന്നപ്പോഴും അവര്‍ പറഞ്ഞത് ഇതേ കാര്യമാണ്. എന്നാല്‍ പൊതു ഇടങ്ങളില്‍ പോലും മതപരമായ വേര്‍തിരിവുകള്‍ വരുന്നത് സമൂഹത്തില്‍ ധ്രുവീകരണത്തിന് കാരണമാകുന്നു.ഇത്തരം പ്രവണതകള്‍ കേരളത്തിന്റെ മതേതര സ്വഭാവത്തെയും എല്ലാ മതസ്ഥരും ഒത്തുചേരുന്ന പൊതുസംസ്‌കാരത്തെയും ബാധിക്കുമെന്നും, ആളുകള്‍ സ്വന്തം മതവിഭാഗങ്ങളിലേക്ക് മാത്രം ചുരുങ്ങാന്‍ ഇത് കാരണമാകുമെന്നും വിമര്‍ശനമുണ്ട്. അതുകൊണ്ടുതന്നെ സോഷ്യല്‍ മീഡിയയില്‍ അടക്കം വലിയ വിമര്‍ശനത്തിന് ഈ ഹലാല്‍ ജിം വലിയ വിമര്‍ശന വിധേയമാവുകയാണ്.

