പിണറായി വിജയൻ്റെ സെഡ് പ്ലസ് സുരക്ഷ ഒഴിവാക്കി; മർദ്ദന കേസിൽ പ്രതിയായ ഗൺമാൻ ഒഴിവായി

insight kerala

നവകേരള യാത്രയ്ക്കിടെ കെഎസ്‍യു പ്രവര്‍ത്തകരെ മര്‍ദിച്ച കേസില്‍ പ്രതിയായ ഗണ്‍മാന്‍ സന്ദീപ്, പിണറായി വിജയൻ്റ സുരക്ഷാ സംഘത്തില്‍നിന്ന് ഒഴിവായി. പിണറായി മുഖ്യമന്ത്രിയായിരിക്കെ നല്‍കിയ അതിസുരക്ഷ പൂര്‍ണമായി പിന്‍വലിച്ചതോടെയാണ് സന്ദീപ് പൊലീസിലേക്ക് മടങ്ങിയത്. അതേസമയം മറ്റൊരു പ്രതിയായ സുരക്ഷാ ഉദ്യോഗസ്ഥന്‍ അനില്‍കുമാര്‍ പിണറായിക്കൊപ്പം തുടരുകയാണ്. പ്രതിപക്ഷ നേതാവായതോടെ പിണറായി വിജയന് നല്‍കിയിരുന്ന സെഡ് പ്ലസ് സുരക്ഷ ഒഴിവാക്കി. പ്രതിപക്ഷ നേതാവ്, മുന്‍ മുഖ്യമന്ത്രി എന്നീ നിലയില്‍ വൈ കാറ്റഗറി സുരക്ഷയാണ് ഇപ്പോള്‍ നല്‍കുന്നത്. ഇതോടെ ഗണ്‍മാന്മാര്‍ക്കു പകരം രണ്ട് പിഎസ്ഒമാരെ അനുവദിച്ചിട്ടുണ്ട്. എസ്‌കോര്‍ട്ട് വാഹനം ഒഴിവായെങ്കിലും പൈലറ്റ് വാഹനം തുടരും. വീട്ടിലും സുരക്ഷയ്ക്കായി പൊലീസിനെ നിയോഗിക്കും. ഇത് വര്‍ധിപ്പിക്കണോ എന്ന കാര്യത്തില്‍ ആഭ്യന്തര സുരക്ഷാ വിലയിരുത്തല്‍ കമ്മിറ്റി തീരുമാനിക്കും.

2023 ഡിസംബര്‍ 15ന് അന്നത്തെ മുഖ്യമന്ത്രിയായിരുന്ന പിണറായി വിജയന്റെ ഗണ്‍മാന്‍മാര്‍ പ്രതിഷേധത്തിനെത്തിയ കെഎസ്‍യു പ്രവര്‍ത്തകരെ തല്ലിച്ചതച്ച സംഭവം അന്വേഷിക്കാന്‍ യുഡിഎഫ് സര്‍ക്കാര്‍ എസ്‌ഐടി രൂപീകരിച്ചിരുന്നു. ആലപ്പുഴ ക്രൈംബ്രാഞ്ച് എസ്പിയായിരുന്ന എ.പി.ഷൗക്കത്തലിയുടെ മേല്‍നോട്ടത്തിലുള്ള പ്രത്യേക സംഘമാണ് അന്വേഷിക്കുന്നത്. എസ്‌ഐടി ഇന്നു മുതല്‍ സാക്ഷികളുടെയും പരാതിക്കാരുടെയും മൊഴിയെടുക്കും. സംഭവത്തിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തിയ മാധ്യമപ്രവര്‍ത്തകന്റെ മൊഴിയാണ് ഇന്നു രേഖപ്പെടുത്തുന്നത്. മര്‍ദനമേറ്റ കെഎസ്‍യു ജില്ലാ പ്രസിഡന്റ് എ.ഡി.തോമസ് എംഎല്‍എ, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി അജയ് ജുവല്‍ കുര്യാക്കോസ് എന്നിവരോടു നാളെ ഹാജരാകാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

Share This Article