അടൂരും ശിവകുമാറും കൊടിക്കുന്നിലും വാഴക്കനും പോരാട്ടത്തിൽ; KPCCയുടെ തലപ്പത്ത് ബെന്നി ?

insight kerala

സംസ്ഥാന കോൺഗ്രസിനുള്ളിൽ പദവികൾക്ക് വേണ്ടിയുള്ള തർക്കവും പോരാട്ടവും അവസാനിക്കുന്നില്ല. മുഖ്യമന്ത്രിയെയും മന്ത്രിമാരെയും തെരഞ്ഞെടുത്തതിന്റെ ക്ഷീണം മാറുന്നതിനു മുമ്പ് സംഘടനാ പദവികളിൽ പുതിയ മുഖങ്ങളെ കണ്ടെത്തേണ്ടതുണ്ട്. അതിൽ ഏറ്റവും പ്രധാനം കെപിസിസിയുടെ അധ്യക്ഷൻ ആരാകും എന്നതാണ്. സണ്ണി ജോസഫ് തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ തുടങ്ങിയ
നാൾ മുതൽ ഈ പദവിക്ക് വേണ്ടി കോൺഗ്രസിനുള്ളിൽ പിടിവലി തുടങ്ങിയിരുന്നു. തലപ്പൊക്കമുള്ള പല നേതാക്കളും ഇതിനായി ചരട് വലികളും നടത്തിയിരുന്നു. ഒടുവിൽ തിരഞ്ഞെടുപ്പ് ഫലം വന്നു അധികാരത്തിലെത്തിയതോടെ ഒരു ഭാഗത്തു മുഖ്യമന്ത്രിക്കായി മത്സരം നടക്കുമ്പോൾ മറുഭാഗത്ത് സംഘടനാ ചുമതലകൾക്കായും കരുനീക്കം ശക്തമായി.

കൊടിക്കുന്നിൽ സുരേഷ്

പലപ്പോഴും പല പദവികളിലും ഉയർന്നു കേൾക്കുന്ന പേരുകളിൽ പ്രമുഖരാണ് കൊടിക്കുന്നിൽ സുരേഷും ബെന്നി ബഹനാനും. ഡൽഹിയിൽ കോൺഗ്രസ് അധ്യക്ഷനെ നേരിട്ട് കണ്ടാണ് തൻ്റെ അർഹതയും യോഗ്യതയും കൊടിക്കുന്നിൽ സുരേഷ് അക്കമിട്ട് നിരത്തിയത്. സാമുദായിക പരിഗണനയും സീനിയോരിറ്റിയും ഉയർത്തി അവകാശ വാദം ഉന്നയിക്കുന്ന കൊടിക്കുന്നിലിന് പക്ഷേ സംസ്ഥാന നേതൃത്വത്തിൻ്റെ പിന്തുണ വേണ്ടത്ര ഇല്ല. പതിറ്റാണ്ടുകളായി പാർലമെൻ്ററി രംഗത്ത് പ്രവർത്തിച്ച് വരുന്ന കൊടിക്കുന്നിൽ. സുരേഷിന് ഇക്കാലമത്രയും പാർട്ടി വേണ്ടുവോളം അവസരം നൽകിയിട്ടുണ്ട് എന്നാണ് ഒരു വിഭാഗം വാദിക്കുന്നത്.

ഇൻസൈറ്റ് കേരളയുടെ ഏറ്റവും പുതിയ വാർത്തകൾ ആദ്യം ലഭിക്കാൻ ഔദ്യോഗിക വാട്ട്‌സാപ്പ് ചാനലിൽ അംഗമാകുക... ലിങ്ക് ക്ലിക്ക് ചെയ്യുക..
insight keralainsight kerala

ബെന്നി ബഹനാൻ

പ്രസിഡൻ്റ് പദവിയിൽ ഉയർന്ന് കേൾക്കുന്ന മറ്റൊരു പ്രധാന പേര് ബെന്നി ബഹനാൻ ആണ്. ക്രൈസ്തവ സമുദായത്തെ ചേർത്ത് നിർത്താൻ സണ്ണി ജോസഫ് പദവി ഒഴിയുമ്പോൾ ബെന്നി ബഹനാൻ തന്നെയാണ് മികച്ച ചോയിസ് എന്നാണ് ഒരു വലിയ വിഭാഗം വാദിക്കുന്നത്. മുഖ്യമന്ത്രിയായിരിക്കുന്ന വിഡി സതീശന് പാർട്ടിയിൽ നിന്നുള്ള ശക്തമായ പിന്തുണ നൽകാൻ പക്വതയുടെ കാര്യങ്ങൾ കൈകാര്യം ചെയ്യുന്ന ബെന്നി ബഹനാനിലൂടെ സാധിക്കുമെന്നും നേതൃത്വം വിലയിരുത്തുന്നു. മുഖ്യമന്ത്രി സ്ഥാനത്തേക്കുള്ള മത്സരത്തിൽ കെസി വേണുഗോപാലിനെ പൂർണമായും പിന്തുണ നൽകിയതോടെ എ ഗ്രൂപ്പ് നേതാവായ ബെന്നി ബഹനാനെ കെസി തിരിച്ചും അതേ രീതിയിൽ പിന്തുണയ്ക്കുമെന്നതിൽ സംശയമില്ല. അതിനാൽ കെസിക്കും വി ഡിക്കും ഒരുപോലെ താൽപ്പര്യം ബെന്നി ബഹന്നാനോടാണ്.

ശിവകുമാറും ജോസഫ് വാഴക്കനും

എന്നാൽ തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ട് മന്ത്രി സ്വപ്നം അവസാനിച്ചതോടെ, വി എസ് ശിവകുമാറും അധ്യക്ഷനാകാൻ കച്ചമുറുക്കി ഇറങ്ങിയിട്ടുണ്ട്. തൻ്റെ സീനിയോറിറ്റിയും പ്രവർത്തന പരിചയവും ഉയർത്തിയാണ് ശിവകുമാർ മത്സരിക്കുന്നത്. അതേസമയം ജോസഫ് വാഴക്കനു വേണ്ടിയുള്ള രമേശ് ചെന്നിത്തലയുടെ ചരട് വലിയും ഒരു ഭാഗത്ത് നടക്കുന്നുണ്ട്. താൻ മന്ത്രിസഭയിൽ അംഗമാകണമെങ്കിൽ ആഭ്യന്തരത്തിനൊപ്പം തൻ്റെ അനുയായി ജോസഫ് വാഴക്കൻ്റെ KPCC അധ്യക്ഷ പദവിയും ഉപാധിയായി മുന്നോട്ടു വെച്ചിരുന്നു. എന്നാൽ നിലവിലെ സാഹചര്യത്തിൽ ശിവകുമാറിനും വാഴക്കലിനും സാധ്യതയില്ല.

അടൂർ പ്രകാശ്

മറ്റൊരു ശക്തമായ പേര് അടൂർ പ്രകാശിൻ്റേതാണ്. യുഡിഎഫ് കൺവീനർ പദവിയോട് പണ്ടേ താല്പര്യമില്ലാതിരുന്ന അടൂർ പ്രകാശ് ഇക്കാലമത്രയും നോട്ടമിട്ടിരുന്നത് കെപിസിസി അധ്യക്ഷ പദവി തന്നെയാണ്. ഒരവസരം വന്നപ്പോൾ ഈഴവ സാമുദായിക പരിഗണനയാണ് ഉയർത്തിക്കാട്ടുന്നത്. എന്നാൽ അടൂർ പ്രകാശിന്റെ പേരിനോട് വി ഡി സതീശന് താല്പര്യമില്ല എന്നാണ് സൂചന. ആൻ്റോ ആൻ്റണിയും ഷാഫി പറമ്പിലും ഈ പട്ടികയിൽ ഉണ്ടെങ്കിലും അവസാന നിമിഷമായിരിക്കും കെ സി പക്ഷത്തുനിന്ന് ഉയർന്നുവരിക. അപ്രതീക്ഷിത കടന്നുവരവും പ്രതീക്ഷിക്കാം. അതേസമയം ബെന്നി ബഹനാനിലേക്ക് തന്നെയാണ് എല്ലാ കണ്ണുകളും നീളുന്നത്.

Share This Article