തിരുവനന്തപുരം: കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനീഷ് കോടിയേരിയോട് സിപിഎം അവഗണന. നാല് വർഷമായി അംഗത്വം പുതുക്കി നൽകിയില്ല. അംഗത്വം പുതുക്കണമെന്ന തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ ആവശ്യം സംസ്ഥാന നേതൃത്വം തള്ളുകയായിരുന്നു. ലഹരി കേസിൽ പ്രതിയായതോടെയാണ് അംഗത്വം റദ്ദാക്കിയിരുന്നത്.
2001 മുതൽ തിരുവനന്തപുരം ജില്ലാ കമ്മിറ്റിക്ക് കീഴിലെ ബ്രാഞ്ചിൽ സിപിഎം അംഗമാണ് ബിനീഷ് കോടിയേരി.മുൻപ് എസ്എഫ്ഐയിൽ പ്രവർത്തിക്കുന്ന ഘട്ടത്തിലാണ് ബിനീഷ് പാർട്ടി മെമ്പർഷിപ്പ് നേടുന്നത്. എന്നാൽ 2022-ൽ ലഹരിക്കേസുമായി ബന്ധപ്പെട്ട് ബിനീഷ് അറസ്റ്റിലായതോടെയാണ് അസാധാരണ നടപടിയിലൂടെ പാർട്ടി മെമ്പർഷിപ്പ് മരവിപ്പിച്ചത്. സാധാരണഗതിയിൽ ഒരു കേസിൽ പ്രതിയാകുമ്പോൾ മെമ്പർഷിപ്പ് പൂർണ്ണമായി റദ്ദാക്കുന്ന രീതി സിപിഎമ്മിൽ ഉണ്ടാകാറില്ലെങ്കിലും, ലഹരിക്കേസ് ആയതിനാലാണ് മെമ്പർഷിപ്പ് മരവിപ്പിച്ചത് എന്നാണ് പാർട്ടി നൽകിയ വിശദീകരണം.
എന്നാൽ നിലവിൽ കോടതി ബിനീഷിനെ കുറ്റക്കാരനായി കണ്ടെത്തിയിട്ടില്ലെന്നും ജാമ്യം ലഭിച്ചതിനൊപ്പം കേസ് തന്നെ ഇല്ലാതായ സ്ഥിതിയിലാണെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ഈ സാഹചര്യത്തിൽ മെമ്പർഷിപ്പ് പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് 2022 മുതൽ മൂന്ന് തവണ തിരുവനന്തപുരം ജില്ലാ സെക്രട്ടറി തന്നെ സംസ്ഥാന നേതൃത്വത്തിന് കത്ത് നൽകിയിരുന്നു. എന്നാൽ സംസ്ഥാന നേതൃത്വം ഈ ആവശ്യങ്ങളോട് യാതൊരുവിധ പ്രതികരണവും നടത്തിയിട്ടില്ല. എന്ത് കാരണം കൊണ്ടാണ് ഇപ്പോഴും മെമ്പർഷിപ്പ് പുതുക്കാത്തതെന്ന് വ്യക്തമാക്കാൻ പാർട്ടി തയ്യാറായിട്ടില്ല. പാർട്ടി അംഗത്വം ലഭിച്ചില്ലെങ്കിലും ബിനീഷ് ഇപ്പോഴും തെരഞ്ഞെടുപ്പ് കാമ്പയിനുകളിലും മറ്റ് സിപിഎം പരിപാടികളിലും സജീവമായി പങ്കെടുക്കുന്നുണ്ട്.

