പത്തുവർഷം മുഖ്യമന്ത്രിയായിരുന്ന നേതാവ് തൊട്ടടുത്ത സമ്മേളനത്തിൽ പ്രതിപക്ഷ നേതാവായി മാറുന്നു. അഞ്ചുവർഷം പ്രതിപക്ഷ നേതാവായിരുന്നയാൾ മുഖ്യമന്ത്രിയായി മാറുന്നു. 99 അംഗ പിൻബലത്തിൽ തലയെടുപ്പോടെയിരുന്ന ഭരണപക്ഷം 35 അംഗങ്ങൾ മാത്രമായി ചുരുങ്ങി. 41 അംഗങ്ങൾ മാത്രമായിരുന്ന പ്രതിപക്ഷം 102 അംഗങ്ങളുമായി പ്രതാപത്തോടെയിരിക്കുന്നു.
ബിജെപി എംഎൽഎമാർ
2016ൽ തുറന്ന അക്കൗണ്ട് 2021 ൽ പൂട്ടിയ ബിജെപി ഇത്തവണ മൂന്ന് അംഗങ്ങളുമായി വീണ്ടും സഭയിൽ. സംസ്ഥാന അധ്യക്ഷനും മുൻ അധ്യക്ഷനും ഉൾപ്പെടെയാണ് മൂന്നു പേർ സഭയിൽ ഉള്ളത്. ഇതിൽ രാജീവ് ചന്ദ്രശേഖരൻ ആദ്യമായി നിയമസഭയിൽ മത്സരിക്കുകയും കന്നിയങ്കത്തിൽ തന്നെ വിജയിച്ച് എത്തുകയും ചെയ്തിരിക്കുന്നു.
സുധാകരനും ഗോവിന്ദനും കുഞ്ഞികൃഷ്ണനും
പരസ്യമായി കലാപക്കൊടി ഉയർത്തി ഇടതുപാളയത്ത് നിന്നും പുറത്തുവന്ന് സ്വതന്ത്രരായി മത്സരിച്ച് വിജയിച്ച മൂന്നു നേതാക്കൾ യുഡിഎഫ് പാളയത്ത് ഉണ്ട്. അതിൽ ഏറ്റവും കരുത്തനായ മുൻമന്ത്രി ജി സുധാകരൻ പ്രോ ടേം സ്പീക്കർ ആണ്. തളിപ്പറമ്പ് എംഎൽഎ ടി കെ ഗോവിന്ദനും പയ്യന്നൂർ എംഎൽഎ വി കുഞ്ഞികൃഷ്ണനുമാണ് മറ്റു രണ്ടുപേർ. പിണറായി വിജയന് ഹസ്തദാനം നൽകിയ ശേഷമാണ് ഗോവിന്ദനും കുഞ്ഞികൃഷ്ണനും സത്യപ്രതിജ്ഞയ്ക്കായി ചേംബറിനരികിൽ എത്തിയത്.
സന്ദീപ് വാര്യർ
ഒരു വർഷം മുമ്പ് പാലക്കാട് ഉപതെരഞ്ഞെടുപ്പ് സമയത്ത് ബിജെപി പാളയം വിട്ട് കോൺഗ്രസിൽ എത്തിയ സന്ദീപ് വാര്യർ സഭയിലെ മറ്റൊരു പ്രത്യേകതയാണ്. ബിജെപിയിലെ കരുത്തരായ കെ സുരേന്ദ്രനും ശോഭാ സുരേന്ദ്രനും കുമ്മനം രാജശേഖരനും പലയാവർത്തി പയറ്റിയിട്ടും നിയമസഭയിൽ കാലുകുത്താൻ കഴിയാതിരുന്നിടത്താണ്, ആഞ്ഞുവീശിയ യുഡിഎഫ് തരംഗത്തിൽ സന്ദീപ് വാര്യർ എന്ന ബിജെപിയുടെ മുൻ വക്താവ് സഭയിലെത്തിയിരിക്കുന്നത്. തൻ്റെ നേതാക്കന്മാരായിരുന്ന രാജീവ് ചന്ദ്രശേഖറും വി മുരളീധരനും പ്രതിപക്ഷ നിരയിൽ ഇരിക്കുമ്പോൾ , ഒരിക്കൽ ബിജെപിയുടെ ശബ്ദമായിരുന്ന സന്ദീപ് വാര്യർ ഭരണപക്ഷ നിരയിൽ കോൺഗ്രസ് എംഎൽഎയായി ഇരിക്കുന്നു.
രമേശ് പിഷാരടി
ഇത്തവണ സഭയിലെ ഒന്നാം നമ്പർ സെലിബ്രിറ്റിയാണ് പാലക്കാട് എംഎൽഎ രമേശ് പിഷാരടി. കോൺഗ്രസ് സീറ്റിൽ മത്സരിച്ച് വിജയശ്രീലാളിതനായി എത്തിയ പിഷാരടി, നടൻ എന്ന നിലയിലും മിമിക്രി കലാകാരൻ എന്ന നിലയിലും രാഷ്ട്രീയ ഭേദമന്യേ എല്ലാവർക്കും പ്രിയങ്കരൻ കൂടിയാണ്.
ഫാത്തിമ തെഹ്ലിയ
മുസ്ലീം ലീഗിൻ്റെ ചരിത്രത്തിലെ ആദ്യ വനിത എംഎൽഎ ആയ ഫാത്തിമ തഹ്ലിയയും സഭയിലെ മറ്റൊരു കൗതുകമാണ്. ആദ്യമായി ലീഗിൻ്റെ ഒരു വനിതാ ശബ്ദം കേരള നിയമസഭയിൽ ഉയർന്നു കേൾക്കുമ്പോൾ അത് മാറ്റത്തിൻ്റെ ശബ്ദം കൂടിയായി മാറുന്നു.

