നിയമസഭയ്ക്ക് അകത്തും പുറത്തും ബിജെപി ലക്ഷ്യമിടുന്നത് മുസ്ലീം ലീഗിനെ?

insight kerala

Special Report

കേരള രാഷ്ട്രീയത്തിൽ മുസ്ലിം ലീഗിനെയും മുസ്ലിം സമുദായത്തെയും ലക്ഷ്യമിട്ടാണ് ബിജെപി എല്ലാകാലത്തും രാഷ്ട്രീയ അടിത്തറ ഉണ്ടാക്കിയിട്ടുള്ളത്. ന്യൂനപക്ഷങ്ങളെ പരോക്ഷമായി അകറ്റി ഭൂരിപക്ഷ ഏകീകരണം സ്വപ്നം കാണുന്ന ബിജെപി ഓരോ കാലഘട്ടത്തിന് അനുസരിച്ച് തന്ത്രങ്ങൾ മെനയുകയാണ്. പിണറായി സർക്കാരിൻറെ കാലത്ത് ‘മരുമോനിസം’ പറഞ്ഞ് മുഹമ്മദ് റിയാസിനെ ആവർത്തിച്ച് അധിക്ഷേപിച്ചുകൊണ്ടിരുന്നതിന് പിന്നിലും ലക്ഷ്യം മറ്റൊന്നായിരുന്നില്ല. പിണറായി വിജയനിലൂടെ മന്ത്രിസഭയെ നിയന്ത്രിക്കുന്നതും പിണറായിയുടെ പിൻഗാമിയായി സിപിഎമ്മിന്റെ കടിഞ്ഞാൺ കയ്യിലെടുക്കാൻ ശ്രമിക്കുന്നതും മുഹമ്മദ് റിയാസ് ആണെന്ന പ്രചാരണം ബിജെപി ശക്തിപ്പെടുത്തി. ഇതിലൂടെ ഭൂരിപക്ഷത്തിന്റെ മതസാമുദായിക ചിന്തകൾക്ക് വെള്ളവും വളവും നൽകി. പിണറായിക്ക് ശേഷം കേരളത്തിൽ വരാൻ പോകുന്നത് ഒരു മുസ്ലിം മുഖ്യമന്ത്രിയാണ് എന്ന പ്രചാരണത്തിന് ആദ്യം തിരികൊളുത്തിയത് അന്നത്തെ ബിജെപി അധ്യക്ഷനായിരുന്ന കെ സുരേന്ദ്രനായിരുന്നു.

പിന്നീട് തദ്ദേശ തെരഞ്ഞെടുപ്പിന് ശേഷം യുഡിഎഫിന് അനുകൂല തരംഗം ഉണ്ടായെന്ന് തിരിച്ചറിഞ്ഞതോടെ മുസ്ലിം ലീഗിനെ ആക്രമിച്ചു തുടങ്ങി. യുഡിഎഫ് അധികാരത്തിൽ വന്നാൽ കേരളം ഭരിക്കുന്നത് ലീഗ് ആയിരിക്കുമെന്ന് പ്രചാരണത്തിൽ ഉടനീളം ബിജെപി നേതാക്കൾ ആവർത്തിച്ചു പറഞ്ഞു കൊണ്ടേയിരുന്നു. സമുദായിക ധ്രുവീകരണം തന്നെയായിരുന്നു ലക്ഷ്യമിട്ടിരുന്നത്. വെള്ളാപ്പള്ളി നടേശനിലൂടെയും തങ്ങളുടെ ആശയം കൃത്യമായി പ്രചരിപ്പിക്കാൻ ബിജെപിക്ക് കഴിഞ്ഞു.

ഇൻസൈറ്റ് കേരളയുടെ ഏറ്റവും പുതിയ വാർത്തകൾ ആദ്യം ലഭിക്കാൻ ഔദ്യോഗിക വാട്ട്‌സാപ്പ് ചാനലിൽ അംഗമാകുക... ലിങ്ക് ക്ലിക്ക് ചെയ്യുക..
insight keralainsight kerala

102 സീറ്റുമായി യുഡിഎഫ് അധികാരത്തിൽ വന്നപ്പോഴും ലീഗിൻറെ മന്ത്രിമാരുടെ എണ്ണത്തെ ചൊല്ലി ബിജെപി ആക്രമണം തുടങ്ങി. വിഡി സതീശനാണ് ലീഗിൻറെ പിന്തുണ എന്നറിഞ്ഞപ്പോൾ മുതൽ മുഖ്യമന്ത്രിയെ തീരുമാനിക്കുന്നത് പോലും ലീഗാണെന്ന് വിമർശനം കടുപ്പിച്ചു. ആരോഗ്യവകുപ്പ് കൈകാര്യം ചെയ്യുന്നത് ലീഗ് ആയിരിക്കും എന്ന ചില അഭ്യൂഹങ്ങൾ വന്നപ്പോൾ കടുത്ത പ്രതിഷേധവുമായി ബിജെപി നേതാക്കൾ രംഗത്തെത്തി.

ഏറ്റവും ഒടുവിൽ നിയമസഭയിൽ മുഖ്യമന്ത്രിക്ക് ശേഷം രണ്ടാമനായി പി കെ കുഞ്ഞാലിക്കുട്ടിയുടെ സ്ഥാനവും ഇരിപ്പിടവും ചൂണ്ടിക്കാട്ടിയാണ് ബിജെപിയുടെ ആക്രമണം. മുഖ്യമന്ത്രി കഴിഞ്ഞാൽ ആഭ്യന്തരമന്ത്രി രണ്ടാമനായി വരണമെന്നിരിക്കെ ലീഗിന് പ്രത്യേക പരിഗണന നൽകി എന്ന വിമർശനമാണ് ബിജെപി ഉന്നയിക്കുന്നത്. അതേസമയം നിയമസഭയിലെ സീനിയോറിറ്റി പ്രകാരവും പ്രധാന ഘടകകക്ഷിയിലെ നേതാവ് എന്ന നിലയിലുമാണ് പി കെ കുഞ്ഞാലിക്കുട്ടി മുഖ്യമന്ത്രിക്ക് ശേഷം രണ്ടാമനായി സത്യപ്രതിജ്ഞ ചെയ്തതും സഭയിൽ ഇരിപ്പിടം നൽകിയതും എന്നാണ് കോൺഗ്രസ് വിശദീകരിക്കുന്നത്.

Share This Article