മന്ത്രിമാർ പൊതുവെ എടുക്കാൻ മടി കാണിച്ചിരുന്ന 13-ാം നമ്പർ കാർ ചോദിച്ചുവാങ്ങിയതിന് പിന്നിൽ പ്രത്യേകിച്ച് കാരണമൊന്നുമില്ല എന്ന് മന്ത്രി കെഎം ഷാജി പറയുന്നു.
“13 ആം നമ്പർ ഉണ്ട് എന്ന് പറഞ്ഞു. അതുകൊണ്ടാണ് വാങ്ങിയത്. 13 നെ അങ്ങനെ ഒഴിവാക്കാൻ പാടില്ലല്ലോ .തനിക്കിനി ബുദ്ധിമുട്ടൊന്നും വരാനില്ല. അത്തരം അന്ധവിശ്വാസങ്ങളിൽ ഒന്നും തനിക്ക് വിശ്വാസം ഇല്ല .ഇതൊരു വിപ്ലവവുമായി കാണുന്നില്ല. 13 നമ്പർ കാറ് ഉണ്ടെന്നു പറഞ്ഞു അതുകൊണ്ട് എടുത്തു
മുൻപ് തോറ്റത് പതിമൂന്നാം നമ്പർ കാറ് ഉള്ളതുകൊണ്ടല്ലല്ലോ.” കെ എം ഷാജി ചൂങ്ങിക്കാട്ടി
കെ എം ഷാജിക്ക് നേരത്തെ നൽകിയ 9-ാം നമ്പർ കാർ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയ്ക്കും അനുവദിച്ചു. സത്യപ്രതിജ്ഞയ്ക്ക് ശേഷം ഷാജി എത്തിയിരുന്നത് താത്കാലിമായി അനുവദിച്ച ഒമ്പതാം നമ്പർ കാറിലായിരുന്നു. അതേസമയം ഒമ്പതാം നമ്പർ കാർ രമേശ് ചെന്നിത്തല ആവശ്യപ്പെടുകയും ചെയ്തിരുന്നു. പിന്നാലെയാണ് കെ.എം.ഷാജി 13-ാം നമ്പർ കാർ ചോദിച്ചു വാങ്ങിയിരുന്നത്.
അശുഭകരമായ നമ്പറെന്ന അന്ധവിശ്വാസം 13-ാം നമ്പറിനെ ചൊല്ലി ചിലർക്കിടയിലുണ്ട്. തിങ്കളാഴ്ച പുതിയ മന്ത്രിസഭ അധികാരമേറ്റ് മന്ത്രിമാരുടെ ഔദ്യോഗിക വാഹനങ്ങൾക്കെല്ലാം നമ്പർ ആയെങ്കിലും 13-ാം നമ്പർ കാർ ആവശ്യപ്പെട്ടിരുന്നില്ല.
മുൻപ് യുഡിഎഫ് സർക്കാർ അധികാരത്തിൽ വന്നപ്പോൾ പതിമൂന്നാം നമ്പർ കാർ ഒഴിവാക്കിയിട്ടുണ്ട്. കഴിഞ്ഞ എൽഡിഎഫ് സർക്കാരിൽ കൃഷിമന്ത്രിയായിരുന്ന പി. പ്രസാദ് പതിമൂന്നാം നമ്പർ കാറാണ് ഉപയോഗിച്ചിരുന്നത്.
ഒന്നാം പിണറായി സർക്കാരിൽ ധനമന്ത്രിയായിരുന്ന ഡോ. ടി.എം തോമസ് ഐസക്കും ഈ നമ്പർ കാർ ഉപയോഗിച്ചിരുന്നു. എന്നാൽ 2011-ൽ യുഡിഎഫ് സർക്കാരിന്റെ കാലത്ത് പതിമൂന്നാം നമ്പർ കാർ ഉണ്ടായിരുന്നില്ല. അതിന് മുമ്പ് 2006-ൽ വി.എസ് അച്യുതാനന്ദൻ സർക്കാരിന്റെ കാലത്ത് വിദ്യാഭ്യാസമന്ത്രിയായിരുന്ന എം.എ ബേബിയായിരുന്നു ഈ കാർ ഏറ്റെടുത്തത്.

