ചെന്നൈ: തമിഴ്‌നാട് സർക്കാർ രൂപീകരണത്തിനുള്ള ചർച്ചകൾക്കിടയിൽ അണ്ണാ ഡിഎംകെ സഖ്യവും ടിവികെയും തമ്മിലുള്ള പോര് ശക്തമാകുന്നു. തങ്ങളുടെ ഏക എംഎൽഎയായ കാമരാജ് എസ് വിജയ്‍യുടെ ടിവികെയെ പിന്തുണയ്‌ക്കുന്നുവെന്ന് കാണിക്കുന്ന വ്യാജ കത്ത് നിർമ്മിച്ചെന്ന് ആരോപിച്ച് ടിടിവി ദിനകരന്റെ അമ്മ മക്കൾ മുന്നേറ്റ കഴകം (എഎംഎംകെ) പോലീസിൽ പരാതി നൽകി. ടിവികെ വ്യാജ പിന്തുണക്കത്ത് ഉപയോഗിച്ച് ഗവർണറെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിച്ചുവെന്നാണ് പരാതിയിൽ പറയുന്നത്.
നേരത്തെ, എംഎൽഎ കാമരാജ് വിജയ്‍യുടെ പാർട്ടിയെ പിന്തുണയ്‌ക്കുന്ന കത്ത് എഴുതുന്ന വീഡിയോ ടിവികെ പുറത്തുവിട്ടിരുന്നു. ദിനകരന്റെ അനുമതിയോടെയാണ് താൻ ടിവികെയ്‌ക്കൊപ്പം നിൽക്കുന്നതെന്ന് കാമരാജ് വീഡിയോയിൽ പറയുന്നതായും ടിവികെ അവകാശപ്പെട്ടിരുന്നു. എന്നാൽ ഇത് വ്യാജമാണെന്നും എംഎൽഎയെക്കൊണ്ട് നിർബന്ധിച്ച് എഴുതിച്ചതാണെന്നും ആരോപിച്ച് ദിനകരൻ രംഗത്തെത്തുകയായിരുന്നു. അ
എംഎൽഎ കാമരാജിനെ കാണാനില്ലെന്ന് രാവിലെ ആരോപിച്ച ദിനകരൻ, വൈകുന്നേരത്തോടെ എംഎൽഎയുമായി നേരിട്ട് ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കറെ കണ്ടു. അണ്ണാ ഡിഎംകെ നേതാവ് എടപ്പാടി കെ. പളനിസ്വാമിക്ക് തങ്ങളുടെ എംഎൽഎ പിന്തുണ നൽകുന്നതായി അദ്ദേഹം ഔദ്യോഗികമായി അറിയിച്ചു.
എഎംഎംകെ എൻഡിഎ സഖ്യത്തിന്റെ ഭാഗമാണെന്നും തങ്ങളുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥി പളനിസ്വാമിയാണെന്നും അദ്ദേഹം വ്യക്തമാക്കി.വ്യാജരേഖാ ആരോപണവും എംഎൽഎയെ ചൊല്ലിയുള്ള തർക്കവും തമിഴ്‌നാട് രാഷ്‌ട്രീയത്തെ കൂടുതൽ കലുഷിതമാക്കിയിരിക്കുകയാണ്. ഇരുപക്ഷത്തിന്റെയും അവകാശവാദങ്ങൾ പരിശോധിച്ച ശേഷമേ സർക്കാർ രൂപീകരണത്തിനായി ആരെ ക്ഷണിക്കണം എന്ന കാര്യത്തിൽ ഗവർണർ തീരുമാനമെടുക്കൂ.

