എം മാധവദാസ്
തിരുവനന്തപുരം: സോളാര്‍ കേസ് കത്തിനില്ക്കുമ്പോള് സരിതയുടെ ലിസ്റ്റില്‍പെട്ടവരുടെ ഒരു ഫോട്ടോ മുമ്പ് മാധ്യമങ്ങള്‍ പുറത്തുവിട്ടിരുന്നു. ആരുടെയും പേര് പറയാതെ സരിത നടത്തിയ വാര്‍ത്താസമ്മേളനത്തനിടെ ചില ഫോട്ടോഗ്രാഫര്‍മാര്‍ ക്യാമറ സൂം ചെയ്ത് ചിത്രമെടുത്തതോടെയാണ് കാര്യങ്ങള്‍ പുറത്തുവന്നത്. അതുപോലെ ഒരു ഫോട്ടോഗ്രാഫിക്ക് സിറ്റിംങ്് ഓപ്പറേഷനാണ് കേരളം ഇപ്പോള്‍ സാക്ഷിയാവുന്നത്. എഐസിസി നിരീക്ഷകന് മുകുള്‍ വാസ്നിക്കിന്റെ കയ്യിലെ എംഎല്‍എമാരുടെ അഭിപ്രായം രേഖപ്പെടുത്തിയ ലിസ്റ്റാണ് പുറത്തുവന്നത്. ദി ന്യൂ ഇന്ത്യന്‍ എക്സ്പ്രസാണ് ചിത്രം പുറത്തുവിട്ടത്. ഫോട്ടോഗ്രാഫര്‍ ദീപുവാണ് ചിത്രം എടുത്തത്.
ഇതുപ്രകാരം കെപിസിസി അധ്യക്ഷന്‍ സണ്ണിജോസഫ് പിന്തുണക്കുന്നത് കെ സി വേണുഗോപാലിനെയാണ്. സന്ദീപ് വാര്യര്‍, അഡ്വ. സജീവ് ജോസഫ്, അഡ്വ. ടി ഒ മോഹനന്, ഉഷ വിജയന്, അഡ്വ. ടി സിദ്ദിഖ് എന്നിവരുടെ പിന്തുണ കെ സിക്കാണ്. ഐസി ബാലകൃഷ്ണന് കെസിയെയും രമേശ് ചെന്നിത്തലയെയും പിന്തുണയ്ക്കുന്നുണ്ട്. ഓരോരുത്തരുടെയും പേരിന് നേരെ കെ സി, വി ഡി, ആര്‍സി എന്ന് എഴുതിയാണ് മുകുള്‍വാസ്നിക്ക് വെച്ചിരുന്നത്. ഇതില്‍ പുറത്ത ലിസ്റ്റിലെ ഒരാള്‍പോലും വി ഡി സതീശനെ പിന്തുണക്കുന്നില്ല.
നിലവില്‍ ഭൂരിപക്ഷ എംഎല്‍എമാരുടെയും പിന്തുണ എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാലിനാണ് ലഭിച്ചിരിക്കുന്നത്. 48 പേരുടെ പിന്തുണയുണ്ടെന്നാണ് കെ സി വേണുഗോപാല്‍ പക്ഷത്തിന്റെ അവകാശവാദം. 35 പേരുടെ പിന്തുണയുണ്ടെന്ന് വി ഡി സതീശന് പക്ഷവും 23 പേരുടെ പിന്തുണയുണ്ടെന്ന് രമേശ് ചെന്നിത്തല വിഭാഗവും അവകാശപ്പെട്ടിരുന്നു. പക്ഷേ ഇത് ശരിയല്ല എന്നാണ് ഇപ്പോള്‍ അറിയുന്നത്. കോണ്‍ഗ്രസ് നിയമസഭാകക്ഷിയില്‍ വെറും 10പേരുടെ പിന്തുണ മാത്രമാണ് സതീശനുള്ളത് എന്നാണ് എറ്റവും ഒടുവിലത്തെ വിവരം. എംഎല്‍എമാരുടെ നിലപാടറിഞ്ഞ് എഐസിസി നിരീക്ഷകര്‍ മടങ്ങിയതോടെ ഡല്‍ഹി കേന്ദ്രീകരിച്ചാണ് തുടര്‍ ചര്‍ച്ചകള്‍. എഐസിസി നിരീക്ഷകരായ മുകുള്‍ വാസ്നിക്ക്, അജയ് മാക്കന് എന്നിവര്‍ ഹൈക്കമാന്‍ഡിന് ഇന്ന് റിപ്പോര്‍ട്ട് സമര്‍പ്പിക്കും. മുഖ്യമന്ത്രി പ്രഖ്യാപനം ഞായറാഴ്ച ഉണ്ടായേക്കുമെന്നാണ് വിവരം.

