കോൺഗ്രസിനുള്ളിലെ മുഖ്യമന്ത്രി തർക്കത്തിൽ രമേശ് ചെന്നിത്തലയ്ക്കു പിന്തുണയുമായി മുൻ കെപിസിസി പ്രസിഡന്റ് വി എം സുധീരൻ രംഗത്ത് വന്നു. കൊച്ചിയിൽ നടന്ന പി.കെ. ദേവർ അനുസ്മരണ പരിപാടിയിൽ ആണ് രമേശ് ചെന്നിത്തലയുടെ ഭരണ മികവിനെ പുകഴ്ത്തി വി.എം സുധീരൻ പ്രസംഗിച്ചത്. രമേശ് ചെന്നിത്തല ആഭ്യന്തര മന്ത്രിയായിരിക്കെ മികച്ച രീതിയിൽ പ്രവർത്തിച്ചു എന്നും പ്രതിപക്ഷ നേതാവിൻ്റെ ഉത്തരവാദിത്വം ഭംഗിയായി നിർവഹിച്ചുവെന്നും സുധീരൻ പറഞ്ഞു. ഇനിയും ദേശീയ സംസ്ഥാന രാഷ്ട്രീയത്തിൽ ഒരുപാട് കാര്യങ്ങൾ ചെയ്യാൻ രമേശ് ചെന്നിത്തലക്കാകുമെന്നും വി.എം സുധീരൻ കൂട്ടിച്ചേർത്തു.
അതേസമയം വിഷയത്തിൽ അഭിപ്രായം പറയുന്നതിൽ നിന്നും ഒഴിഞ്ഞുമാറി ചാണ്ടി ഉമ്മൻ. “ഞങ്ങളുടെ പാർട്ടിയിൽ ഇത്തരം ചർച്ചകൾ സ്വാഭാവികമാണ്. കോൺഗ്രസ് ഒരു ജനാധിപത്യ പാർട്ടിയാണ്, അത്തരം അഭിപ്രായങ്ങൾ ആരും തടയാറില്ല,” എന്നും അദ്ദേഹം പറഞ്ഞു.
