“പോടാ പുല്ലേ പൊലീസേ’ വിളി; ബിജെപിയുടെ വട്ടിയൂർക്കാവ് സ്റ്റേഷൻ മാർച്ചില്‍ ആർ ശ്രീലേഖയെ പ്രതി ചേർത്ത് പൊലീസ്

insight kerala

തിരുവനന്തപുരം: വിവാദമായ ബിജെപിയുടെ വട്ടിയൂർക്കാവ് സ്റ്റേഷൻ മാർച്ചില്‍ മുൻ ഡിജിപിയും ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റുമായ ആർ ശ്രീലേഖയെ പൊലീസ് പ്രതി ചേർത്തു. സംഘർഷം നടന്ന സമരം ഉദ്‌ഘാനം ചെയ്ത ശ്രീലേഖയെ പ്രതി നേരത്തെ ചേർത്തിരുന്നില്ല. ‘‘പോടാ പുല്ലേ പോലീസേ, പിണറായിയുടെ തെമ്മാടികളേ’’ പോലീസിനെതിരേ മുദ്രാവാക്യം വിളി വിവാദമായതിന് പിന്നാലെ ശ്രീലേഖയെ കേസില്‍ പ്രതി ചേർത്ത് പൊലീസ് പ്രത്യേക റിപ്പോർട്ട് നൽകി. ശ്രീലേഖയെ ഒഴിവാക്കിയതിനെതിരെ വി കെ പ്രശാന്ത് എംഎല്‍എ കമ്മീഷണർക്കെതിരെ ഗുരുതര ആരോപണം ഉന്നയിച്ചിരുന്നു.

ശ്രീലേഖക്കൊപ്പം ഡെപൂട്ടി മേയർ ആശ നാഥനെയും പ്രതിചേർത്തിട്ടുണ്ട്. പൊലീസ് അവരുടെ ജോലി ചെയ്യട്ടെ എന്നായിരുന്നു ആർ ശ്രീലേഖയുടെ പ്രതികരണം. അതേസമയം, സിറ്റി കമ്മീഷണർക്കെതിരെ വിമര്‍ശനവുമായി വി കെ പ്രശാന്ത് വീണ്ടും രംഗത്തെത്തി. കമ്മീഷണർക്കെതിരെ അന്വേഷണം വേണമെന്ന് വി കെ പ്രശാന്ത് ആവശ്യപ്പെട്ടു. വിരമിച്ച ഉദ്യോഗസ്ഥരുടെ തിട്ടൂരം വാങ്ങി ഭരിക്കേണ്ടവരല്ല സേനയിൽ ഉണ്ടാകേണ്ടതെന്നും പൊലീസ് സേനയുടെ മനോവീര്യം കെടുത്തുന്ന നടപടിയാണ് കമ്മീഷണറുടെതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വട്ടിയൂർകാവിലെ കഴിഞ്ഞ ദിവസത്തെ സംഘർഷത്തിൽ പ്രതിഷേധിച്ചുള്ള ബിജെപിയുടെ സ്റ്റേഷൻ മാർച്ചിലായിരുന്നു പൊലീസിനെതിരായ മുൻ ഡിജിപിയുടെ മുദ്രാവാക്യം വിളി. കേരളത്തിലെ ആദ്യ വനിത ഡിജിപി ഇങ്ങനെ പൊലീസിനെ വിളിക്കാമോ എന്നാണ് ഐപിഎസ് അസോസിയേഷനിലെ ചോദ്യം. സംഘർഷത്തിൽ പ്രതിഷേധിച്ചുള്ള സംഘപരിവാർ സംഘടനകളുടെ മാർച്ചിൽ മറ്റൊരു മുൻ ഡിജിപി ടിപി സെൻകുമാറും പൊലീസിന് മുന്നറിയിപ്പ് നൽകിയിരുന്നു. മുൻ ഡിജിപിമാരുടെ പരാമർശങ്ങളിൽ സേനയിൽ കടുത്ത അമർഷവും പ്രതിഷേധമുണ്ട്.

ഇൻസൈറ്റ് കേരളയുടെ ഏറ്റവും പുതിയ വാർത്തകൾ ആദ്യം ലഭിക്കാൻ ഔദ്യോഗിക വാട്ട്‌സാപ്പ് ചാനലിൽ അംഗമാകുക... ലിങ്ക് ക്ലിക്ക് ചെയ്യുക..
insight keralainsight kerala

അതേസമയം, ബിജെപിയുടെ തുടർച്ചയായ പ്രതിഷേധങ്ങൾക്കിടെ വട്ടിയൂർകാവ് എസ് ച്ച് ഒ മെഡിക്കൽ അവധിയിൽ പോയിരുന്നു. എസ് എച്ച് ഒക്കെതിരെ നടപടി എടുത്തില്ലെങ്കിൽ കമ്മീഷണർ ഓഫീസിന് മുന്നിൽ സമരം ചെയ്യുമെന്ന് ശ്രീലേഖ ഭീഷണി മുഴക്കിയിരുന്നു. കമ്മീഷണർക്ക് അയച്ച സന്ദേശം ശ്രീലേഖ പരസ്യപ്പെടുത്തിയിരുന്നു. ആ നടപടിയെയും ഐപിഎസ് അസോസിയേഷൻ കുറ്റപ്പെടുത്തിയിരുന്നു. ശ്രീലേഖക്കെതിരെ പരസ്യ പ്രതികരണം വേണമെന്ന അഭിപ്രായം അസോസിയേഷനിലുണ്ട്.

Share This Article