മൂന്ന് ദിവസം കൂടി സംസ്ഥാനത്ത് അത്യുഷ്ണം തുടരും; ഒറ്റപ്പെട്ട നേരിയ മഴയ്ക്ക് സാധ്യത

insight kerala

മൂന്ന് ദിവസം സംസ്ഥാനത്ത് അത്യുഷ്ണം തുടരുമെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇടുക്കി വയനാട് ഒഴികെയുള്ള ജില്ലകളിൽ ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. പാലക്കാട് ഇന്നലെ 40 ഡിഗി ചൂടാണ് രേഖപ്പെടുത്തിയത്. ഏപ്രിൽ അവസാനത്തോടെ വേനൽ മഴ ശക്തമായേക്കും എന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.

സംസ്ഥാനത്ത് കനത്തചൂടിനു യാതൊരു ശമനവുമില്ല. ഈ മാസം 24 വരെ വിവിധ ജില്ലകളിൽ താപനില ഉയർന്ന് തന്നെ നിൽക്കുമെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. പാലക്കാട് ജില്ലയിൽ 40 ഡി​ഗ്രി സെൽഷ്യസ് വരെയും കൊല്ലം ജില്ലയിൽ 39 ഡി​ഗ്രി സെൽഷ്യസ് വരെയും ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ 37 ഡി​ഗ്രി സെൽഷ്യസ് വരെയും തിരുവനന്തപുരം ജില്ലയിൽ 36 ഡി​ഗ്രി സെൽഷ്യസ് വരെയും ഉയരാൻ സാധ്യതയെന്നാണ് മുന്നറിയിപ്പ്. സാധാരണയേക്കാൾ 3 മുതൽ 4 ഡി​ഗ്രി സെൽഷ്യസ് വരെ ചൂട് ഉയരാനാണ് സാധ്യത. ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം ഈ ജില്ലകളിൽ, മലയോര മേഖലകളിലൊഴികെ ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യതയുണ്ട്. പൊതുജനങ്ങൾ ജാ​ഗ്രത പുലർത്തണമെന്നും മുന്നറിയിപ്പിൽ പറയുന്നു.
നാളെ വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. എല്ലാ ജില്ലകളിലും ഒറ്റപ്പെട്ട നേരിയ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെടുന്നത്. മഴയ്ക്കൊപ്പം ഇടിമിന്നലും ഉണ്ടാകാന്‍ ഇടയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഏപ്രിൽ അവസാന വാരത്തോടെ വേനൽ മഴ ശക്തമാകുമെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.

Share This Article