special report
എം മാധവദാസ്
ദുബൈ: നിങ്ങള്‍ ഗള്‍ഫിലാണ് ജോലിചെയ്യുന്നതെങ്കില്‍ ചറപറാ വാട്‌സാപ്പ് ഫോര്‍വേഡ് ചെയ്യുമ്പോള്‍ സൂക്ഷിക്കണം. അത് ക്ലോസ്ഡ് ഗ്രൂപ്പാണെന്ന് പറഞ്ഞിട്ടൊന്നും കാര്യമില്ല. അധികൃതര്‍ക്ക് അത് കൃത്യമായി മനസ്സിലാവുന്നുണ്ട്. ഇറാന്‍ ആക്രമണത്തിന്റെ വീഡിയോകള്‍ അടക്കം കഴിവതും ഒരു ഗ്രൂപ്പിലും ഇടായിരിക്കയാണ് ബുദ്ധി.
കഴിഞ്ഞ ദിവസം, പശ്ചിമേഷ്യയിലെ സംഘര്‍ഷാവസ്ഥയ്ക്കിടെ ബോംബാക്രമണത്തില്‍ തകര്‍ന്ന കെട്ടിടത്തിന്റെ ദൃശ്യങ്ങള്‍ സ്വകാര്യ വാട്സാപ്പ് ഗ്രൂപ്പില്‍ പങ്കുവെച്ച വിമാനക്കമ്പനി ജീവനക്കാരനെ ദുബായ് പോലീസ് അറസ്റ്റ് ചെയ്തിരിക്കയാണ്. സഹപ്രവര്‍ത്തകര്‍ മാത്രമടങ്ങിയ ക്ലോസ്ഡ് ഗ്രൂപ്പിലെ സന്ദേശങ്ങള്‍ രഹസ്യമായി നിരീക്ഷിച്ചാണ് പോലീസ് നടപടി. ജീവനക്കാരനെ തന്ത്രപരമായി വിളിച്ചുവരുത്തിയാണ് പിടികൂടിയത്. രാജ്യതാത്പര്യങ്ങള്‍ക്ക് വിരുദ്ധമായ വിവരങ്ങള്‍ പ്രചരിപ്പിച്ചു എന്നതുള്‍പ്പെടെയുള്ള കുറ്റങ്ങളാണ് ഇയാള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. കുറ്റം തെളിയിക്കപ്പെട്ടാല്‍ രണ്ട് വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാം.
ദുബായ് പോലീസിന് സ്വകാര്യ വാട്സാപ്പ് സന്ദേശങ്ങള്‍ ചോര്‍ത്താന്‍ സാധിക്കുമെന്ന കാര്യം ഈ സംഭവത്തോടെ ഔദ്യോഗികമായി സ്ഥിരീകരിക്കപ്പെട്ടിരിക്കുകയാണ്. പൊതുവിടങ്ങളില്‍ മാത്രമല്ല. സഹപ്രവര്‍ത്തകര്‍ തമ്മിലുള്ള സ്വകാര്യ സംഭാഷണങ്ങളുടെ പേരില്‍ പോലും വ്യക്തികള്‍ നിരീക്ഷിക്കപ്പെടുകയും അറസ്റ്റ് ചെയ്യപ്പെടുകയും ചെയ്യുന്നുവെന്ന് ‘ഡിറ്റൈന്‍ഡ് ഇന്‍ ദുബായ്’ സി.ഇ.ഒ രാധ സ്റ്റെര്‍ലിങ് പറഞ്ഞു.
ഉപഭോക്താക്കളുടെ സ്വകാര്യത സംരക്ഷിക്കുന്നതില്‍ വാട്സാപ്പ് പോലുള്ള കമ്പനികള്‍ ഇപ്പോള്‍ മറുപടി പറയേണ്ടി വരുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ഇലക്ട്രോണിക് നിരീക്ഷണ സംവിധാനത്തിലൂടെയാണ് സന്ദേശങ്ങള്‍ കണ്ടെത്തിയതെന്ന് പോലീസ് റിപ്പോര്‍ട്ടില്‍ പറയുന്നു. 2026 മാര്‍ച്ചിലെ ഇറാന്‍ സംഘര്‍ഷങ്ങളുമായി ബന്ധപ്പെട്ട് പുകയുയരുന്ന കെട്ടിടത്തിന്റെ ദൃശ്യങ്ങളാണ് ഇയാള്‍ പങ്കുവെച്ചത്. ഇത് കണ്ടെത്താനായി സൈബര്‍ ക്രൈം വിഭാഗത്തിലെ പ്രത്യേക സംഘത്തെ തന്നെ അധികൃതര്‍ നിയോഗിച്ചിരുന്നു. അക്കൗണ്ട് ഉടമയെ തിരിച്ചറിഞ്ഞ ശേഷം ഒരു മീറ്റിംഗിനെന്ന വ്യാജേന ഇയാളെ വിളിച്ചുവരുത്തുകയായിരുന്നു. നിലവില്‍ സ്റ്റേറ്റ് സെക്യൂരിറ്റി പ്രോസിക്യൂഷന്റെ കീഴില്‍ തടവിലാണ് ഇയാള്‍. യുഎഇയിലെ പ്രമുഖ ടെലികോം കമ്പനികളായ എത്തിസലാത്ത്, ഡു എന്നിവയില്‍ സര്‍ക്കാരിന് ഭൂരിഭാഗം ഓഹരിയുള്ളതിനാല്‍ ആശയവിനിമയങ്ങള്‍ നിരീക്ഷിക്കുന്നത് വളരെ എളുപ്പമുള്ള കാര്യമാണ്.
എന്‍ഡ്-ടു-എന്‍ഡ് എന്‍ക്രിപ്ഷന്‍ ഉണ്ടെന്ന് അവകാശപ്പെടുമ്പോഴും, ഇസ്രായേല്‍ നിര്‍മ്മിത ‘പെഗാസസ്’ സോഫ്റ്റ്വെയര്‍ ഉപയോഗിച്ച് വാട്സാപ്പ് സന്ദേശങ്ങള്‍ ചോര്‍ത്താന്‍ സാധിക്കുമെന്നത് നേരത്തെയും ചര്‍ച്ചയായിരുന്നു. ലിങ്കുകളില്‍ ക്ലിക്ക് ചെയ്യാതെ തന്നെ ഫോണുകളില്‍ നുഴഞ്ഞുകയറാന്‍ ഈ സോഫ്റ്റ്വെയറിന് സാധിക്കും. ഒരു വാട്സാപ്പ് വോയിസ് കോള്‍ വഴിയോ മറ്റോ ഫോണിലെ സന്ദേശങ്ങളും കോള്‍ വിവരങ്ങളും കൈക്കലാക്കാന്‍ ഈ ചാര സോഫ്റ്റ്വെയറുകള്‍ക്ക് കഴിയും. വിദേശ രാഷ്ട്രീയ നേതാക്കളുടെയും മാധ്യമപ്രവര്‍ത്തകരുടെയും ഫോണുകളില്‍ ഇത്തരത്തില്‍ നിരീക്ഷണം നടന്നതായി നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഇത്തരം നിരീക്ഷണങ്ങളില്‍ നിന്ന് രക്ഷപ്പെടാന്‍ ഫോണ്‍ കൃത്യമായി റീബൂട്ട് ചെയ്യാനും സോഫ്റ്റ്വെയര്‍ അപ്ഡേറ്റ് ചെയ്യാനും സുരക്ഷാ വിദഗ്ധര്‍ നിര്‍ദ്ദേശിക്കുന്നു.
ഐഫോണ്‍ ഉപഭോക്താക്കള്‍ ‘ലോക്ക്ഡൗണ്‍ മോഡ്’ ഉപയോഗിക്കുന്നതും സുരക്ഷ വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കും. വിനോദസഞ്ചാരികളും താമസക്കാരും വിമാനക്കമ്പനി ജീവനക്കാരുമുള്‍പ്പെടെ നിരവധി പേര്‍ സമാനമായ രീതിയില്‍ നിരീക്ഷണ വലയത്തിലാണെന്ന് റിപ്പോര്‍ട്ടുകളുണ്ട്. വിവരങ്ങള്‍ പരസ്യമായി പ്രചരിപ്പിച്ചില്ലെങ്കില്‍ പോലും സ്വകാര്യമായി അയക്കുന്ന സന്ദേശങ്ങളുടെ പേരില്‍ നടപടിയുണ്ടാകുന്നത് ആശങ്കയുണ്ടാക്കുന്നു.

