”വി ഡി സതീശനെന്നാല്‍ അര പിണറായി; ജമാഅെത്ത ഇസ്ലാമിയുടെ നോമിനി”; ഇരുട്ടിവെളുക്കുന്നതിന് മുമ്പ് ചെന്നിത്തല ഔട്ട്; കെ സി വേണുഗോപാലിനായി കാമ്പയിന്‍ തകൃതി; കോണ്‍ഗ്രസില്‍ മുഖ്യമന്ത്രി യുദ്ധം!

insight kerala

special report

എം മാധവദാസ്

തിരുവനന്തപുരം: മുഖ്യമന്ത്രി ആരാവാണം എന്നതിനെച്ചൊല്ലിയുള്ള തര്‍ക്കം കോണ്‍ഗ്രസില്‍ രൂക്ഷമാവുന്നു. കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടിയില്‍ കെ സി വേണുഗോപാലിന് വ്യക്തമായ പിന്തുണയുണ്ട് എന്നാണ് എറ്റവും പുതിയ വിവരം. ജയസാധ്യതയുള്ള എംഎല്‍എമാരുടെ ലിസ്റ്റിലും കെ സിക്കാണ് ഭൂരിപക്ഷം. ഹൈക്കമാന്‍ഡിന്റെയും രാഹുല്‍ ഗാന്ധിയുടെയും പിന്തുണയുമുണ്ട്. അതുകൊണ്ടുതന്നെ വേണുഗോപാലിനുവേണ്ടിയുള്ള അതിശക്തമായ കാമ്പയിനിലാണ് അദ്ദേഹത്തെ അനുകൂലിക്കുന്നവര്‍.

ഇൻസൈറ്റ് കേരളയുടെ ഏറ്റവും പുതിയ വാർത്തകൾ ആദ്യം ലഭിക്കാൻ ഔദ്യോഗിക വാട്ട്‌സാപ്പ് ചാനലിൽ അംഗമാകുക... ലിങ്ക് ക്ലിക്ക് ചെയ്യുക..
insight keralainsight kerala

വി ഡി സതീശനെന്നാല്‍ അര പിണറായിയാണെന്നാണ് വിമര്‍ശകര്‍ ഉയര്‍ത്തുന്ന ആക്ഷേപം. എന്നാല്‍, കെ സി വേണുഗോപാലാവട്ടെ, ഫ്‌ളക്‌സിബിളും. കെ കരുണാകരനെപ്പോലെ ആശ്രിത വത്സലനുമാണ്. പ്രവര്‍ത്തകരെ എപ്പോഴും കേള്‍ക്കും. എന്നാല്‍ സതീശനാവട്ടെ ഒറ്റക്ക് തീരുമാനം എടുക്കയാണ് പതിവ്. സതീശന്‍ ജമാഅത്ത് നോമിനിയാണ് എന്ന് ഇടത് പക്ഷം ഉന്നയിച്ച ആരോപണം ഇപ്പോള്‍ വേണുഗോപാല്‍ വിഭാഗവും ഉന്നയിക്കുന്നുണ്ട്.

നേരത്തെ സതീശനോ, രമേശ് ചെന്നിത്തലയോ, എന്ന ചോദ്യമാണ് ഉണ്ടായിരുന്നെങ്കില്‍, ഇപ്പോള്‍ ഒറ്റരാത്രികൊണ്ട് ചെന്നിത്തല ഔട്ടായിരിക്കയാണ്. നേരത്തെ ചെന്നിത്തലക്ക് പിന്തുണ കൊടുത്ത മുതിര്‍ന്ന നേതാവ്, കെ സുധാകരനടക്കമുള്ളവര്‍ ഇപ്പോള്‍ കളം മാറ്റിയിരിക്കയാണ്. പക്ഷേ, സാധാരണ ജനങ്ങള്‍ പക്ഷേ സതീശനെയാണ് പിന്തുണക്കുന്നതെന്ന് സുധാകരന്റെ പോസ്റ്റിലെ കമ്മന്റ് ബോക്‌സില്‍ നിന്ന് മനസ്സിലാക്കാം.

അതിനിടെ മുസ്‌ലീം ലീഗിന്റെ പിന്തുണയോടെ സതീശനെ ഒതുക്കാനുള്ള നീക്കവും നടക്കുന്നുണ്ട്. യുഡിഎഫിന് 80 ഓളം സീറ്റുകള്‍ മാത്രം കിട്ടുകയാണെങ്കില്‍, ലീഗിന്റെ സഹായത്തോടെ കെ സി വേണുഗോപാലിനെ മുഖ്യമന്ത്രിയാക്കാനാണ് നീക്കം നടക്കുന്നത്. വേണുഗോപാലിനെ മുഖ്യമന്ത്രിയായി ഹൈക്കമാണ്ട് നിര്‍ദ്ദേശിച്ചാല്‍ സീറ്റ് വിട്ടുകൊടുക്കാന്‍ ലീഗും തയ്യാറാകമെന്ന് അവര്‍ ഉറപ്പിച്ചു കഴിഞ്ഞു. നിലവില്‍ എം.എല്‍.എ അല്ലാത്ത കെ.സി മുഖ്യമന്ത്രി പദമേറ്റെടുത്താല്‍ ഉപതിരഞ്ഞെടുപ്പില്‍ മത്സരിക്കാനായി മുസ്ലീം ലീഗിന്റെ അടിയുറച്ച കോട്ടകളിലൊന്നായ കൊണ്ടോട്ടി മണ്ഡലം ഉറപ്പിക്കാനും ചര്‍ച്ചകള്‍ നടക്കുന്നുണ്ട്.

ഉപതിരഞ്ഞെടുപ്പില്‍ യാതൊരുവിധ രാഷ്ട്രീയ അട്ടിമറികളും സംഭവിക്കാത്ത സുരക്ഷിത മണ്ഡലം വേണമെന്ന കെ.സി പക്ഷത്തിന്റെ താല്‍പ്പര്യമാണ് കൊണ്ടോട്ടിയിലേക്ക് നീളുന്നത്. മുന്‍പ് എ.കെ ആന്റണി മുഖ്യമന്ത്രിയായപ്പോള്‍ ലീഗ് കോട്ടയായ തിരൂരങ്ങാടിയില്‍ മത്സരിച്ച് വിജയിച്ചതിന് സമാനമായ ഒരു നീക്കമാണ് ഇവിടെയും ലക്ഷ്യമിടുന്നത്. കണ്ണൂരിലെ ഇരിക്കൂര്‍ മണ്ഡലം കോണ്‍ഗ്രസിന്റെ സുരക്ഷിത താവളമാണെങ്കിലും അവിടെ നിലനില്‍ക്കുന്ന ഗ്രൂപ്പ് പോരുകളും പ്രാദേശിക എതിര്‍പ്പുകളും കെ.സി ക്യാമ്പ് ഭയക്കുന്നു. എന്നാല്‍ കൊണ്ടോട്ടിയില്‍ അത്തരം വെല്ലുവിളികളില്ലാത്തതും മുസ്ലീം ലീഗ് നേതൃത്വവുമായി കെ.സിക്കുള്ള അടുത്ത ബന്ധവും കാര്യങ്ങള്‍ എളുപ്പമാക്കുമെന്ന് അവര്‍ കണക്കുകൂട്ടുന്നു.

ദേശീയ രാഷ്ട്രീയത്തില്‍ കോണ്‍ഗ്രസിന്റെ കരുത്തനായ കെ.സി കേരള മുഖ്യമന്ത്രിയാകുന്നതിനോട് ലീഗിന് വിയോജിപ്പുണ്ടാകില്ലെന്നാണ് സൂചന. ഉപതിരഞ്ഞെടുപ്പില്‍ കെ.സിയെ മത്സരിപ്പിക്കുന്നതിലൂടെ യു.ഡി.എഫിനുള്ളിലെ ഐക്യം കൂടുതല്‍ ശക്തമാകുമെന്നും ലീഗ് കരുതുന്നു. മുഖ്യമന്ത്രി പദത്തിനായി കെ.സി വേണുഗോപാല്‍ കരുനീക്കം നടത്തുമ്പോള്‍ വി.ഡി സതീശനും രമേശ് ചെന്നിത്തലയും പിന്‍വാങ്ങാന്‍ തയ്യാറല്ല. പ്രതിപക്ഷ നേതാവ് എന്ന നിലയിലുള്ള സ്വാധീനം ഉപയോഗിച്ച് വി.ഡി സതീശന്‍ മുഖ്യമന്ത്രി കസേരയ്ക്കായി സജീവമായുണ്ട്.

സതീശന്റെ നീക്കങ്ങളെ പ്രതിരോധിക്കാന്‍ കെ.സി ക്യാമ്പ് പ്രത്യേകം ശ്രദ്ധിക്കുന്നു. വി ഡി സതീശനോട് കേരളത്തിലെ സമുദായനേതാക്കള്‍ അടക്കം ഒരു വിഭാഗത്തിന് കടുത്ത എതിര്‍പ്പാണെന്നും ഇവര്‍ പ്രചരിപ്പിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ യുഡിഎഫിന് 100 സീറ്റ് കിട്ടുക എന്നത് ഇപ്പോള്‍ സതീശന്റെ അവശ്യമാവുകയാണ്. കോണ്‍ഗ്രസിന്റെ എംഎല്‍എമാരുടെ എണ്ണം കുറഞ്ഞാല്‍ ലീഗുമായി ചേര്‍ന്ന്, കെ സി വിഭാഗം സതീശനെ വെട്ടുമെന്ന നിലയിലാണ് കാര്യങ്ങള്‍ പുരോഗമിക്കുന്നത്.

Share This Article