എം മാധവദാസ്
കോഴിക്കോട്: വിഷു ആശംസകള്‍ പങ്കുവെച്ചതിന്റെ പേരില്‍, വനിതാ ലീഗ് നേതാവും, അഭിഭാഷകയും സോഷ്യല്‍ മീഡിയ ആക്റ്റീവിസ്റ്റുമായ നജ്മ തബ്ഷിറക്കുനേരെ വീണ്ടും സൈബര്‍ ആക്രമണം. കഴിഞ്ഞ വര്‍ഷം വിഷു ആശംസകള്‍ പങ്കുവെച്ചപ്പോഴും അവര്‍ക്കുനേരെ സൈബര്‍ ആക്രമണം ഉണ്ടായിരുന്നു. ഇത്തവണ പാലക്കാട് കല്‍പ്പാത്തിയില്‍നിന്നാണ് അവര്‍ വീഡിയോ പങ്കുവെച്ചത്. ”കേരളത്തിന്റെ സ്വന്തം വിഷു. പുലര്‍ച്ചെ കണി കണ്ട് കല്‍പ്പാത്തിക്കൊപ്പം.
ഏവര്‍ക്കും സമ്പല്‍ സമൃദ്ധിയുടെ വിഷുദിനാശംസകള്‍!” എന്ന കുറിപ്പോടെയാണ് അവര്‍ വീഡിയോ പങ്കുവെച്ചത്. പടക്കം പൊട്ടിക്കുന്നതിന്റെയും, കണികാണുന്നതിന്റെയുംമെല്ലാം വീഡിയോകള്‍ വെച്ചായിരുന്നു അവരുടെ പോസ്റ്റ്. ഇതോടെ ഒരു വിഭാഗം മതമൗലികവാദികള്‍ കമന്റ്‌ബോക്‌സില്‍ നജ്മ തബ്ഷിറക്കുനേരെ തിരിയുകയായിരുന്നു. ഇത് മതവിരുദ്ധമാണെന്നും, ഒരിക്കലും പൊറുക്കാന്‍ പറ്റാത്ത ശിര്‍ക്കാണെന്നും, ഇത്തരക്കാരുടെ സ്ഥാനം നരകത്തിലാണെന്നും പലരും പ്രതികരിക്കുന്നു.
ഈ പ്രവണതക്കെതിരെ പല സോഷ്യല്‍ മീഡിയാ ആക്റ്റീവിസ്റ്റുകളും സ്വതന്ത്രചിന്തകരും ശക്തമായി പ്രതിഷേധിക്കുന്നുണ്ട്. -”അമുസ്ലീങ്ങള്‍ നോമ്പ് എടുത്താല്‍ അതവര്‍ പരമാവധി പ്രോത്സാഹിപ്പിക്കും, ഇതാണ് മതേതര കേരളം ഇത് തകര്‍ക്കാന്‍ കഴിയില്ല സംഘി ക്രിസംഘികളെ എന്നവര്‍ ആക്രോശിക്കും.
അമുസ്ലീങ്ങള്‍ നബിയെയോ ഖുറാനെയോ പുകഴ്ത്തിയാല്‍ അതവര്‍ ഇന്റര്‍നാഷണല്‍ ലെവലില്‍ പ്രോമോട്ട് ചെയ്യും. മതേതര കേരളത്തിന്റെ കയ്യൊപ്പായി അതിനെ വാഴ്ത്തും. എന്നാല്‍ ഒരു മുസ്ലിം നാമധാരി വിഷു ആശംസകള്‍ നേരുകയും ,അയല്‍വാസിയുടെ വീട്ടില്‍ പോയി സ്വന്തം മകനെ കുട്ടി കണി കണ്ട് അവരില്‍ നിന്നും കൈനീട്ടം വാങ്ങിയ വീഡിയോയും സോഷ്യല്‍ മീഡിയയില്‍ ഇട്ടപ്പോള്‍, അതെ മതേതര കേരള വാഴ്ത്തുപാട്ടുകാര്‍ തന്നെ ആ സ്ത്രീയെ പച്ചതെറി വിളിക്കാന്‍ തുടങ്ങി. അവരെ നരകത്തിലെ വിറക് കൊള്ളിയാക്കി..പ്രമുഖയായ ഒരു രാഷ്ട്രീയ നേതാവ് ഈ രീതിയില്‍ സംഘടിത ആക്രമണം നേരിട്ടു എങ്കില്‍ സാധാരണ കാരിയായ ഒരു മുസ്ലീം സ്ത്രീ എങ്ങനെ ആക്രമിക്ക പെടുമായിരുന്നു”- ഈ ചോദ്യമാണ്, സ്വതന്ത്രചിന്തകര്‍ ഉയര്‍ത്തുന്നത്.
നിലവില്‍ മുസ്ലിം യൂത്ത് ലീഗിന്റെ ദേശീയ സെക്രട്ടറിയാണ് നജ്മ തബ്ഷിറ. മുസ്ലിം യൂത്ത് ലീഗ് ചരിത്രത്തില്‍ അഖിലേന്ത്യാ ഭാരവാഹിയാകുന്ന ആദ്യ വനിതകളില്‍ ഒരാളാണ് ഇവര്‍. മുസ്ലിം ലീഗിന്റെ വിദ്യാര്‍ത്ഥി സംഘടനയായ എം.എസ്.എഫിന്റെ വനിതാ വിഭാഗമായ ‘ഹരിത’യുടെ മുന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറിയായിരുന്നു. ഹരിതയുടെ നേതൃസ്ഥാനത്തുണ്ടായിരുന്നപ്പോള്‍ എം.എസ്.എഫ് നേതാക്കള്‍ക്കെതിരെ ഉയര്‍ന്ന ലൈംഗികാധിക്ഷേപ പരാതികളില്‍ ഉറച്ച നിലപാട് എടുത്തതിലൂടെയാണ് അവര്‍ വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെട്ടത്. ഇപ്പോള്‍ പെരിന്തല്‍മണ്ണ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റാണ്.
കേരള ഹൈക്കോടതിയില്‍ അഭിഭാഷകയായി പ്രാക്ടീസ് ചെയ്യുന്നു.ജെന്‍ഡര്‍ ന്യൂട്രാലിറ്റി, ഇസ്ലാമിക് ഫെമിനിസം, രാഷ്ട്രീയത്തിലെ സ്ത്രീ പങ്കാളിത്തം തുടങ്ങിയ വിഷയങ്ങളില്‍ വ്യക്തമായ നിലപാടുകള്‍ വ്യക്തമാക്കുന്ന ഒരു പ്രഭാഷക കൂടിയാണ് ഇവര്‍. അതുകൊണ്ടുതന്നെ സ്വന്തം പാര്‍ട്ടിക്കാരില്‍നിന്ന് ഇടക്കിടെ അവര്‍ സൈബര്‍ ആക്രമണങ്ങള്‍ക്ക് വിധേയയാവാരുണ്ട്.

