തിരുവനന്തപുരം: നിതിൻ രാജിന്റെ കുടുംബത്തിന് അവർ ആവശ്യപ്പെടുന്ന സ്ഥലത്ത് വീട് വച്ച് നൽകുമെന്ന് സിപിഎം ജില്ലാ നേതൃത്വം അറിയിച്ചു. ഈ മാസം 19ന് വൈകിട്ട് തറക്കല്ലിടും. പാർട്ടി സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ ആണ് തറക്കല്ലിടുക. തൊട്ടടുത്ത ദിവസം തന്നെ നിർമ്മാണം ആരംഭിച്ച് ഉടനടി വീട് കൈമാറുമെന്ന് സിപിഎം ജില്ലാ ആക്ടിംഗ് സെക്രട്ടറി എ എ റഹീം അറിയിച്ചു.
നിതിൻ രാജിൻ്റെ സംസ്കാര ചടങ്ങുകൾ നടന്ന സ്ഥലത്ത് തന്നെ വീട് വെച്ച് നൽകണമെന്നാണ് കുടുംബം ആവശ്യപ്പെട്ടത്. അതിനാൽ അവിടെ തന്നെ വീട് നിർമ്മിച്ച് നൽകുമെന്ന് സിപിഎം ജില്ലാ നേതാക്കൾ അറിയിച്ചു.
ഇതിനിടെ പ്രതിപക്ഷ നേതാവ് കുടുംബത്തെ സന്ദർശിച്ച സമയത്ത് വീടുവച്ച് നൽകാനുള്ള പണം നൽകുമെന്ന് അറിയിച്ചിരുന്നു. അതനുസരിച്ച് ഇന്ന് തന്നെ 5 ലക്ഷം രൂപയുടെ ചെക്ക് കൈമാറിയിരുന്നു. അതിന് പിന്നാലെയാണ് വീട് നിർമ്മിച്ചു നൽകുമെന്ന് വ്യക്തമാക്കി സിപിഎം നേതാക്കൾ രംഗത്ത് വരുന്നത്.

