തിരുവനന്തപുരം : വോട്ടെടുപ്പ് കഴിഞ്ഞ ദിവസം മുതൽ കോൺഗ്രസിൽ തലപൊക്കിയിരിക്കുന്ന മുഖ്യമന്ത്രി ചർച്ചകളിൽ നേതൃതലത്തിൽ അതൃപ്‌തി പുകയുകയാണ്. മുഖ്യമന്ത്രി എറണാകുളത്തുനിന്നുള്ള നേതാവാകണം എന്ന എറണാകുളം ഡിസിസി അധ്യക്ഷൻ മുഹമ്മദ് ഷിയാസിന്റെ പ്രസ്താവനയ്ക്ക് പിന്നാലെ ഗ്രൂപ്പ് നേതാക്കൾക്കിടയിൽ മുഖ്യമന്ത്രി ചർച്ചകൾ വലിയ രീതിയിൽ ഉയർന്നിരുന്നു. എന്നാൽ ഇത്തരം ചർച്ചകൾ ഇപ്പോൾ പാടില്ല എന്ന് ഹൈക്കമാൻഡ് ആണ് കാര്യങ്ങൾ തീരുമാനിക്കുന്നത് എന്നും നേതാക്കൾ പ്രതികരിക്കുന്നുണ്ടെങ്കിലും ചർച്ചകൾ അവസാനിക്കുന്നില്ല എന്ന് തന്നെയാണ് സൂചന.
മുതിർന്ന നേതാക്കളായ കെ സി ജോസഫ്. കെ മുരളീധരൻ തുടങ്ങിയവർ ഇത്തരം ചർച്ചകളിൽ വിലക്കി രംഗത്ത് വന്നിരുന്നു. എന്നാൽ സാമൂഹ്യ മാധ്യമങ്ങൾ അടക്കം ഗ്രൂപ്പ് അടിസ്ഥാനത്തിൽ മുഖ്യമന്ത്രി ചർച്ചകൾ നടക്കുമ്പോഴാണ് പരസ്യ പ്രതികരണങ്ങൾ വിലക്കണമെന്ന് ആവശ്യപ്പെട്ട് ബെന്നി ബെഹന്നാൻ കോൺഗ്രസ് നേതൃത്വത്തിന് കത്തയച്ചിരിക്കുന്നത്. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയ്ക്കാണ് കത്തയച്ചത്.
ഇതിനിടെ കെ സി വേണുഗോപാലിൻറെ വിശ്വസ്തനും അനുയായിയുമായ എ പി അനിൽകുമാർ പാണക്കാട്ടെത്തി പി കെ കുഞ്ഞാലിക്കുട്ടിയെയും തങ്ങളേയും കണ്ടതിന് പിന്നിൽ നിർണായക നീക്കമെന്നും സൂചന . സാധാരണ കൂടിക്കാഴ്ച മാത്രമെന്ന് നേതാക്കൾ പ്രതികരിച്ചിട്ടുണ്ടെങ്കിലും എ പി അനിൽകുമാറിന്റെ വരവിനെ സൂക്ഷ്മതയോടെ നിരീക്ഷിക്കുകയാണ് മറുചേരികൾ.

